വാട്സാപ്പ് ഡിസപ്പിയറിങ് മെസേജസ് ഫീച്ചർ ഒടുവിൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ആൻഡ്രോയിഡ്, ഡെസ്ക്ടോപ്പ്, ഐ.ഒ.എസ്, കായ് ഒ.എസ്., വാട്സാപ്പ് വെബ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ ഈ സൗകര്യം പ്രയോജനപ്പെടുത്താം.

സന്ദേശങ്ങൾ. ഏഴ് ദിവസങ്ങൾക്ക് ശേഷം ചാറ്റിൽനിന്ന്‌ അപ്രത്യക്ഷമാകുന്ന ഫീച്ചറാണ്‌ ഡിസപ്പിയറിങ് മെസേജസ് ഫീച്ചർ. മീഡിയ ഫയലുകൾ ഉൾപ്പടെ എല്ലാ സന്ദേശങ്ങളും ഈ രീതിയിൽ അപ്രത്യക്ഷമാവും. വ്യക്തിഗത ചാറ്റുകളിലും ഗ്രൂപ്പ് ചാറ്റിലും ഈ സൗകര്യം ലഭ്യമാവും.

പേഴ്സണൽ ചാറ്റുകൾ ഉപയോക്താക്കളുടെ നിയന്ത്രണത്തിലാണ് ഡിസപ്പിയറിങ് മെസേജസ് ഫീച്ചർ പ്രവർത്തിക്കുക. ഇത് ഓൺ ചെയ്തതിന് ശേഷമുള്ള സന്ദേശങ്ങൾ ഏഴ് ദിവസങ്ങൾക്ക് ശേഷം നീക്കം ചെയ്യപ്പെടും. ഗ്രൂപ്പിൽ അഡ്മിന്റെ നിയന്ത്രണത്തിലായിരിക്കും ഡിസപ്പിയറിങ് മെസേജസ് ഫീച്ചർ പ്രവർത്തിക്കുക.

ഡിസപ്പിയറിങ് മെസേജസ് ആക്റ്റിവേറ്റ് ചെയ്യുവാൻ, ആൻഡ്രോയിഡ്, ഐ.ഒ.എസ്. ഉപകരണങ്ങളിൽ വാട്സാപ്പ് ചാറ്റ് തുറക്കുക> കോൺടാക്റ്റിന്റെ പേരിൽ ടാപ്പ് ചെയ്യുക> ഡിസപ്പിയറിങ് മെസേജസ് തുറക്കുക> കണ്ടിന്യൂ ടാപ്പ് ചെയ്യുക- ഓൺ തിരഞ്ഞെടുക്കുക. മറ്റ് പ്ലാറ്റ് ഫോമുകളിലും ഇതേ രീതിയിൽ തന്നെയാണ് ഡിസപ്പിയറിങ് ഫീച്ചർ ആക്റ്റിവേറ്റ് ചെയ്യുക.

ഗ്രൂപ്പ് ചാറ്റുകളിൽ ഗ്രൂപ്പിന്റെ പേരിൽ ടാപ്പ് ചെയ്താൽ ഡിസപ്പിയറിങ് മെസേജസ് ഫീച്ചർ കാണാം.

ഫീച്ചർ ആക്റ്റിവേറ്റ് ചെയ്യുമ്പോഴും ഡീ ആക്റ്റിവേറ്റ് ചെയ്യുമ്പോഴും ചാറ്റിലെ അംഗങ്ങൾക്ക് ഇത് സംബന്ധിച്ച അറിയിപ്പ് ചാറ്റ് വിൻഡോയിൽ കാണാൻ സാധിക്കും.

എന്നാൽ, ഈ ഫീച്ചറിന് ചില പരിമിതികളുണ്ട്. ചാറ്റിലെ സന്ദേശങ്ങൾ ഏഴ് ദിവസങ്ങൾക്ക് ശേഷം അപ്രത്യക്ഷമാവുന്നതിന് മുമ്പ് മറ്റാർക്കെങ്കിലും ഫോർവാഡ് ചെയ്താൽ അവ നീക്കം ചെയ്യപ്പെടില്ല.ചാറ്റിന്റെ ബാക്ക് അപ്പ് എടുത്ത് വെച്ചാലും അവ നീക്കം ചെയ്യപ്പെടില്ല. എന്നാൽ, വാട്സാപ്പിൽ ഓട്ടോ ഡൗൺലോഡ് ആവുന്ന ഫയലുകൾ ഏഴ് ദിവസങ്ങൾക്ക് ശേഷം നീക്കം ചെയ്യപ്പെടും.

ഡിസപ്പിയറിങ് മെസേജസ് ഫീച്ചർ ആക്റ്റിവേറ്റ് ചെയ്യുന്നതിന് മുമ്പ് ചാറ്റിലുണ്ടായിരുന്ന സന്ദേശങ്ങൾ നീക്കം ചെയ്യപ്പെടാതെ തന്നെ നിൽക്കുമെന്നും വാട്സാപ്പ് വ്യക്തമാക്കി. ഏറ്റവും പുതിയ വാട്സാപ്പ് അപ്ഡേറ്റിൽ ഓട്ടോമാറ്റിക്ക് ആയി ഈ ഫീച്ചർ ലഭ്യമാവും. വാട്സാപ്പ് അപ്ഡേറ്റ് ചെയ്തിട്ടില്ലാത്തവർ ഉടൻ പുതിയ പതിപ്പിലേക്ക് മാറുക.

Content Highlights:whatsapp disappearing messages available in india