ന്യൂഡല്‍ഹി: പുതിയ പ്രൈവസി പോളിസി അപ്‌ഡേറ്റ് വന്നതിന് പിന്നാലെ വാട്‌സാപ്പിനെതിരായി വലിയ വിമര്‍ശനങ്ങള്‍ ഉയരുകയും പ്രചാരണങ്ങള്‍ നടക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ചില തെറ്റിദ്ധാരണങ്ങളുമായി ബന്ധപ്പെട്ട് വ്യക്തത വരുത്തുകയാണ് വാട്‌സാപ്പ്. ഉപയോക്താക്കള്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയക്കുന്ന സന്ദേശങ്ങളുടെ സ്വകാര്യതയെ പുതിയ പ്രൈവസി പോളിസി ബാധിക്കില്ലെന്ന് വാട്‌സാപ്പ് പറഞ്ഞു. 

'ചില അഭ്യൂഹങ്ങളില്‍ 100% വ്യക്തത വരുത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ സ്വകാര്യ സന്ദേശങ്ങള്‍ എന്റ് റ്റു എന്റ് എന്‍ക്രിപ്ഷനിലൂടെ സംരക്ഷിക്കുന്നത് ഞങ്ങള്‍ തുടരും. ഞങ്ങളുടെ പ്രൈവസി പോളിസി അപ്‌ഡേറ്റ് ബന്ധുക്കളും സുഹൃത്തുക്കളുമായുള്ള നിങ്ങളുടെ സന്ദേശങ്ങളുടെ സ്വകാര്യതയെ ബാധിക്കുകില്ല.' വാട്‌സാപ്പ് പറഞ്ഞു. 

വാട്‌സാപ്പ് വ്യക്തത വരുത്തുന്ന കാര്യങ്ങള്‍

  • വാട്‌സാപ്പിനോ ഫെയ്‌സ്ബുക്കിനോ നിങ്ങളുടെ സ്വകാര്യ സന്ദേശങ്ങളോ നിങ്ങളുടെ കോളുകളോ കാണാന്‍ സാധിക്കില്ല.
  • നിങ്ങളെ വിളിക്കുകയും നിങ്ങള്‍ക്ക് സന്ദേശമയക്കുകയും ചെയ്യുന്ന എല്ലാവരുടെയും വിവരങ്ങള്‍ വാട്‌സാപ്പ് സൂക്ഷിക്കില്ല
  • നിങ്ങള്‍ ഷെയര്‍ ചെയ്യുന്ന ലൊക്കേഷന്‍ വാട്‌സാപ്പിനോ ഫെയ്‌സ്ബുക്കിനോ കാണാന്‍ സാധിക്കില്ല
  • വാട്‌സാപ്പ് ഗ്രൂപ്പുകള്‍ പ്രൈവറ്റ് തന്നെ ആയിരിക്കും
  • നിങ്ങള്‍ക്ക് ഡിസപ്പിയര്‍ മെസേജസ് സെറ്റ് ചെയ്യാന്‍ സാധിക്കും
  • നിങ്ങള്‍ക്ക് നിങ്ങളുടെ ഡാറ്റ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാന്‍ സാധിക്കും. 

വാട്‌സാപ്പ് ഉപയോക്താക്കളുടെ ഡാറ്റ മാതൃസ്ഥാപനമായ ഫെയ്‌സ്ബുക്കിന് കീഴിലുള്ള കമ്പനികളുമായും മറ്റ് തേഡ് പാര്‍ട്ടി സേവനങ്ങളുമായും പങ്കുവെക്കുന്നത് നിര്‍ബന്ധിതമാക്കുന്ന പുതിയ പോളിസി അപ്‌ഡേറ്റിനെതിരെ ആഗോളതലത്തില്‍ വലിയ വിമര്‍ശനമാണുയരുന്നത്. വാട്‌സാപ്പിനെ അതിന്റെ യഥാര്‍ത്ഥ രൂപത്തില്‍ നിലനിര്‍ത്തണമെന്നാണ് വിമര്‍ശകരുടെ ആവശ്യം.

അതേസമയം, അപ്‌ഡേറ്റുകളുമായി ബന്ധപ്പെട്ട് ചില തെറ്റിദ്ധാരണകളും പടരുന്നുണ്ട്.  ഈ സാഹചര്യത്തിലാണ് വാട്‌സാപ്പ് വിശദീകരണങ്ങളുമായി രംഗത്തുവരുന്നത്. എങ്കിലും വിമര്‍ശകര്‍ ഉന്നയിക്കുന്ന ആശങ്കകളില്‍ പലതിലും കമ്പനി വിശദീകരണം നടത്തിയിട്ടില്ല.

Content Highlights: whatsapp clarifies users messages with friends, family are safe with encryption