വാട്‌സ്ആപ്പ് ബിസിനസ്സില്‍ ഇനിമുതല്‍ കാറ്റലോഗ് ഫീച്ചറും വരുന്നു. ബിസിനസ്സുകാര്‍ക്ക് ഇനി തങ്ങളുടെ പ്രൊഡക്ടുകള്‍ ഈ കാറ്റലോഗ് വഴി പ്രദര്‍ശിപ്പിക്കാം. ഒരു പ്രമുഖ ഓണ്‍ലൈന്‍ സൈറ്റാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. പുതുതായി വരുന്ന കാറ്റലോഗ് ഫീച്ചറിന്റെ സ്‌ക്രീന്‍ഷോട്ടും ചോര്‍ന്നിട്ടുണ്ട്. 

പുതിയ ഫീച്ചറില്‍ ബിസിനസ്സുകാര്‍ക്ക് തങ്ങളുടെ ഉല്‍പന്നങ്ങളുടെ വിശദമായ വിവരങ്ങള്‍ ഉള്‍കൊള്ളിക്കാം. ഉല്‍പ്പന്നങ്ങളുടെ ഫോട്ടോയ്ക്ക് പുറമെ പേര്, വിവരണം, ലിങ്ക്, സ്റ്റോക്ക് കീപ്പിങ് യൂണിറ്റ് നമ്പര്‍ എന്നിവയും ഉള്‍കൊള്ളിക്കാനുള്ള സൗകര്യങ്ങള്‍ ഇതിലുണ്ടാകും. എങ്കിലും വാട്‌സ്ആപ്പ് ബിസിനസ്സിലെ വില്‍പനക്കാരും ഉപഭോക്താക്കളും തമ്മില്‍ നേരിട്ടുള്ള ഇടപാട് ഇത് വഴി നടത്താന്‍ സാധിക്കില്ല.

വാട്‌സ്ആപ്പ് ബിസിനസ്സിന് പുറമെ യഥാര്‍ഥ വാട്‌സപ്പിലേക്കും പുതിയ കാറ്റലോഗ് ഫീച്ചര്‍ എത്തുമെന്നാണ് ടെക് ലോകത്തെ സംസാരം. ലോക വ്യാപകമായി 1.3 ബില്യണ്‍ ഉപയോക്താക്കളാണ് വാട്‌സ്ആപ്പിനുള്ളത്. എന്നാല്‍ ഈ വിവരങ്ങള്‍ക്കൊന്നും ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. 

ഈ വര്‍ഷം ജനുവരിയിലാണ് ഇന്ത്യ, ഇന്തോനേഷ്യ, ഇറ്റലി, മെക്‌സിക്കോ, യു.കെ, അമേരിക്ക എന്നീ രാജ്യങ്ങളില്‍ വാട്‌സ്ആപ്പ് ബിസിനസ്സ് അവതരിപ്പിച്ചത്. 2018 ആദ്യ പാദത്തില്‍ മാത്രം വാട്‌സ്ആപ്പ് ബിസിനസ്സിന് 3 മില്യന്‍ ഉപയോക്താക്കള്‍ ഉള്ളതായി ഫെയ്സ്ബുക്ക് സി.ഇ.ഓ മാര്‍ക്ക് സുക്കര്‍ബര്‍ഗ് പ്രഖ്യാപിച്ചിരുന്നു. നിലവില്‍ ഗൂഗിള്‍ ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമുകളില്‍ മാത്രമാണ് വാട്‌സാപ്പ് ബിസിനസ്സ് നിലവിലുള്ളത്. വൈകാതെ തന്നെ ഐ.ഓ.എസ് പ്ലാറ്റ്‌ഫോമിലും ആപ്പ് എത്തുമെന്നാണ് അറിയുന്നത്. 

Content Highlights: WhatsApp Business could introduce catalogue feature for product listings