വ്യവസായ സ്ഥാപനങ്ങള്‍ക്ക് ഉപയോക്താക്കളുമായി സംവദിക്കുന്നതിനായുള്ള വേദിയൊരുക്കുന്ന വാട്‌സാപ്പ് ബിസിനസ് ആപ്ലിക്കേഷന്‍ ഇനി ഐഓഎസ് ഉപകരണങ്ങളിലും ലഭ്യമാവും. ആപ്പിളിന്റെ ആപ്പ് സ്റ്റോറില്‍ നിന്നും ഇനിമുതല്‍ വാട്‌സാപ്പ് ബിസിനസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. ഇന്ത്യ ഉള്‍പ്പടെ ആറ് രാജ്യങ്ങളിലാണ് ആദ്യം ഇത് ലഭ്യമാവുക. 

2018 ജനുവരിയിലാണ് വാട്‌സാപ്പ് ബിസിനസ് ആപ്പ് അവതരിപ്പിച്ചത്. ഇതിനോടകം ലക്ഷക്കണക്കിന് ബിസിനസ് അക്കൗണ്ടുകള്‍ ആപ്പിലുണ്ട് എന്നും ആപ്പിന്റെ ഐഓഎസ് പതിപ്പ് ആപ്പ്‌സ്‌റ്റോറില്‍ നിന്നും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാനാകുമെന്നും വാട്‌സാപ്പ് പറഞ്ഞു.

ഇന്ത്യയെ കൂടാതെ ബ്രസീല്‍, ജര്‍മനി, ഇൻഡൊനീഷ്യ, മെക്‌സിക്കോ, യുകെ, യുഎസ് എന്നിവിടങ്ങളിലാണ് വാട്‌സാപ്പ് ബിസിനസ് ഐഓഎസ് പതിപ്പ് ലഭിക്കുക. 

വ്യവസായ സ്ഥാപനങ്ങള്‍ക്ക് അവരെ സംബന്ധിച്ച ഉപകാരപ്രദമായ വിവരങ്ങള്‍ ഉപയോക്താക്കളുമായി കൈമാറുന്നതിന് വേണ്ടിയാണ് ഈ സൗകര്യം വാട്‌സാപ്പ് ഒരുക്കിയിട്ടുള്ളത്. 

ഉല്‍പ്പന്നങ്ങളെ കുറിച്ചും സേവനങ്ങളെ കുറിച്ചുമുള്ള വിവരാന്വേഷണങ്ങള്‍ക്കായി ഈ സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്.

Content Highlights: WhatsApp Business App for iPhone Now Rolling Out Globally