ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള മൊബൈല്‍ ആപ്ലിക്കേഷനുകളില്‍ ഫെയ്‌സ്ബുക്കിനെ മറികടന്ന് വാട്‌സാപ്പ് മുന്നിലെത്തയതായി ആപ്പ് ആനീസ് വെബ്‌സൈറ്റിന്‍രെ 'ദി സ്റ്റേറ്റ് ഓഫ് മൊബൈല്‍ 2019' റിപ്പോര്‍്.കഴിഞ്ഞ രണ്ട് വര്‍ഷക്കാലത്തിനിടയില്‍ 30 ശതമാനം വളര്‍ച്ചയാണ് വാട്‌സാപ്പിനുണ്ടായത്. 2018 സെപ്റ്റംബറില്‍ പ്രതിമാസ ഉപയോക്താക്കളുടെ എണ്ണത്തില്‍ വാട്‌സാപ്പ് ഫെയ്‌സ്ബുക്കിനെ മറികടന്നിരുന്നു.

ഫെയ്‌സ്ബുക്കിന്റെ തന്നെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റാഗ്രാമും 35 ശതമാനം വളര്‍ച്ചാനിരക്കാണ് രേഖപ്പെടുത്തിയത്. അതേസമയം കഴിഞ്ഞ രണ്ട് വര്‍ഷക്കാലത്തിനിടയില്‍ ഫെയ്‌സ്ബുക്ക് ആപ്പിന്റേയും ഫെയ്‌സ്ബുക്ക് മെസഞ്ചര്‍ ആപ്പിന്റേയും വളര്‍ച്ചാനിരക്ക് യഥാക്രമം 20 ശതമാനവും 15 ശതമാനവുമാണ്.

സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളില്‍ ആളുകള്‍ ചിലവഴിക്കുന്ന സമയവും വര്‍ധിച്ചിട്ടുള്ളതായി റിപ്പോര്‍ട്ടില്‍ പറയുന്നു, സ്മാര്‍ട്‌ഫോണുകളുടെ ഉപയോഗം വ്യാപിച്ചതും ഇന്‍സ്റ്റാഗ്രാം, സ്‌നാപ്ചാറ്റ്, ടിക് ടോക്ക് പോലുള്ള സേവനങ്ങളിലെ വീഡിയോകള്‍ക്ക് ജനപ്രീതി വര്‍ധിച്ചതും ഇതിന് കാരണമായി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

ഇന്ത്യ, ബ്രസീല്‍, യുകെ, ജര്‍മനി, കാനഡ ഉള്‍പ്പടെ ഭൂരിഭാഗം രാജ്യങ്ങളിലും 2018 ല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഇടപഴകിയ സോഷ്യല്‍മീഡിയാ ആപ്ലിക്കേഷന്‍ വാട്‌സാപ്പ് മെസഞ്ചറാണ്. 

ഇന്ത്യയില്‍ വാട്‌സാപ്പിന് തൊട്ടുപിന്നിലുള്ളത് ഇന്‍സ്റ്റാഗ്രാം ആണ്. ഫെയ്‌സ്ബുക്ക് ആപ്പ് മൂന്നാമതാണുള്ളത്. നാലാമതും അഞ്ചാമതുമുള്ളത് ഫെയ്‌സ്ബുക്ക് മെസഞ്ചറും ഐഎംഓ ആപ്ലിക്കേഷനുമാണ്. അമേരിക്കയില്‍ സ്‌നാപ്ചാറ്റ് ആണ് മുന്നിലുള്ളത്.

വിവര ചോര്‍ച്ച, സ്വകാര്യത സംബന്ധിച്ച വിവാദങ്ങളും പ്രശ്‌നങ്ങളും ഫെയ്‌സ്ബുക്കിന്റെ ജനപ്രീതിയില്‍ ഇടിവുണ്ടാക്കിയെന്നാണ് വിലയിരുത്തപ്പെടുന്നത്. സുരക്ഷാ വീഴ്ചയുടേ പേരില്‍ ഫെയ്‌സ്ബുക്ക് വിവിധ രാജ്യങ്ങളില്‍ നിയമനടപടി നേരിടുന്നുണ്ട്.