വാട്‌സാപ്പില്‍ ചാറ്റുകള്‍ക്കെല്ലാം എന്‍ഡ് റ്റു എന്‍ഡ് എന്‍ക്രിപ്ഷന്‍ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാല്‍ ഒരു ഫോണില്‍ നിന്നും മറ്റൊരു ഫോണില്‍ എത്തുന്നത് വരെ മാത്രമേ ഈ എന്‍ക്രിപ്ഷന്‍ സംരക്ഷണം ലഭിക്കുകയുള്ളൂ. രണ്ട് പേര്‍ തമ്മിലുള്ള സന്ദേശകൈമാറ്റത്തിനിടയ്ക്ക് മൂന്നാമതൊരാള്‍ക്ക് നുഴഞ്ഞുകയറാനാവില്ല എന്നര്‍ത്ഥം. ക്ലൗഡ് സ്റ്റോറേജുകളില്‍ ബാക്ക് അപ്പ് ചെയ്തുവെക്കുന്ന ചാറ്റുകള്‍ക്ക് എന്‍ക്രിപ്ഷന്‍ ലഭിക്കില്ല എന്ന് വാട്‌സാപ്പ് തന്നെ വ്യക്തമാക്കുന്നുമുണ്ട്. 

ആന്‍ഡ്രോയിഡ് ഫോണുകളില്‍ നിന്ന് ഗൂഗിള്‍ ഡ്രൈവിലേക്കും, ഐഒഎസ് ഉപകരണങ്ങളില്‍ ഐ ക്ലൗഡിലേക്കുമാണ് വാട്‌സാപ്പ് ചാറ്റുകള്‍ ബാക്ക് അപ്പ് ചെയ്യാന്‍ സൗകര്യമുള്ളത്. എന്നാല്‍ ഈ ക്ലൗഡ് സ്റ്റോറേജിലേക്ക് ആര്‍ക്കെങ്കിലും നുഴഞ്ഞു കയറാന്‍ സാധിച്ചാല്‍ നിങ്ങള്‍ ബാക്ക് അപ്പ് ചെയ്ത ചാറ്റുകളിലെ സന്ദേശമെല്ലാം ചോര്‍ത്തിയെടുക്കാന്‍ അയാള്‍ക്ക് സാധിക്കും.

എന്നാല്‍ ഈ പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമത്തിലാണ് വാട്‌സാപ്പ്. അതിനായി ആപ്പിള്‍ ഐക്ലൗഡിലെ ചാറ്റ് ബാക്ക് അപ്പുകള്‍ക്ക് എന്‍ഡ് റ്റു എന്‍ഡ് എന്‍ക്രിപ്ഷന്‍ പരീക്ഷിക്കാന്‍ തുടങ്ങി. ആപ്പിളിന്റെ ഐഓഎസ് ബീറ്റാ പതിപ്പിലാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. 

വാട്‌സാപ്പ് സെറ്റിങ്‌സില്‍ ചാറ്റ്‌സ് തിരഞ്ഞെടുത്ത് ചാറ്റ് ബാക്ക് അപ്പ് ഓപ്ഷനില്‍ എന്‍ഡ് റ്റു എന്‍ഡ് എന്‍ക്രിപ്റ്റഡ് ബാക്ക് അപ്പ് ആക്റ്റിവേറ്റ് ചെയ്താല്‍ നിങ്ങളുടെ വാട്‌സാപ്പ് ചാറ്റ് ബാക്ക് അപ്പുകള്‍ക്കും എന്‍ഡ് റ്റു എന്‍ഡ് എന്‍ക്രിപ്ഷന്‍ ലഭിക്കും. 

ഈ ഫീച്ചര്‍ ഉപയോഗിക്കുമ്പോള്‍ ഫോണില്‍ തന്നെ ബാക്ക് അപ്പ് ചെയ്യുന്നത് നിര്‍ത്തിവെക്കണം. കാരണം ഫോണില്‍ തന്നെ ചാറ്റുകള്‍ ബാക്ക് അപ്പ് ചെയ്യുമ്പോള്‍ അതിന് എന്‍ഡ് റ്റു എന്‍ഡ് എന്‍ക്രിപ്ഷന്‍ ലഭിക്കുകയില്ല. അതിനായി iPhone Settings > Your Name > iCloud > Manage Storage > Backup > Disable WhatsApp തിരഞ്ഞെടുത്താല്‍ മതി.