ഫെയ്‌സ്ബുക്ക് മെസഞ്ചര്‍ ആപ്ലിക്കേഷന്റെ ഭാരം കുറഞ്ഞ പതിപ്പായ മെസഞ്ചര്‍ ലൈറ്റ് ആപ്പില്‍ വീഡിയോ കോളിങ് ഫീച്ചര്‍ എത്തി. നിലവില്‍ വോയ്‌സ് കോള്‍ സൗകര്യം മാത്രമാണ് ലൈറ്റ് ആപ്ലിക്കേഷനില്‍ ഉണ്ടായിരുന്നത്. ഈ പരിമിതിയാണ് ഇപ്പോള്‍ പരിഹരിക്കപ്പെടുന്നത്. 

ചെറിയ ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണ്‍ മോഡലുകളില്‍ പ്രവര്‍ത്തിക്കുന്ന ആപ്ലിക്കേഷനാണ് മെസഞ്ചര്‍ ലൈറ്റ്. ഇന്റര്‍നെറ്റ് വേഗത കുറവുള്ളയിടങ്ങളിലും സ്‌റ്റോറേജ്, റാം സൗകര്യങ്ങള്‍ കുറവുള്ള ഫോണുകളിലും ഈ ആപ്ലിക്കേഷന്‍ സുഗമമായി പ്രവര്‍ത്തിക്കും. 

വീഡിയോ കോളിങ് ഫീച്ചര്‍ പ്രവര്‍ത്തിപ്പിക്കുന്നത് വളരെ എളുപ്പമാണ്. ആരെയാണോ വിളിക്കേണ്ടത് അവരുമായുള്ള ചാറ്റ് വിന്‍ഡോ തുറന്നതിന് ശേഷം വലതുഭാഗത്ത് മുകളിലുള്ള വീഡിയോകോള്‍ ബട്ടണ്‍ തിരഞ്ഞെടുത്താല്‍ മതി. 

മെസഞ്ചറിന്റെ പ്രധാന ആപ്ലിക്കേഷനില്‍ പ്രവര്‍ത്തിക്കുന്ന രീതിയില്‍ തന്നെയാണ് ലൈറ്റ് ആപ്പിലും വീഡിയോകോള്‍ ഫീച്ചര്‍ പ്രവര്‍ത്തിക്കുന്നത്. മാത്രവുമല്ല ഓഡിയോ കോള്‍ വീഡിയോ കോളിലേക്ക് സ്വിച്ച് ചെയ്യാനും സൗകര്യമുണ്ടാവും.