ഉപയോക്താക്കള്‍ കൈമാറുന്ന വിവരങ്ങളുടെ സമ്പൂര്‍ണ സുരക്ഷയ്ക്ക് വേണ്ടി അടുത്തയിടെയാണ് വാട്സാപ്പ് എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സംവിധാനം ഏര്‍പ്പെടുത്തിയത്. ഇപ്പോഴിതാ ഇന്‍സ്റ്റന്റ് മെസ്സേജിങ് രംഗത്ത് വാട്സാപ്പിന്റെ മുഖ്യഎതിരാളികളില്‍ ഒന്നായ വൈബറും ഇതേ സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നു. 

ഉപയോക്താക്കള്‍ക്ക് ഭയമില്ലാതെയും ആത്മവിശ്വാസത്തോടേയും വൈബര്‍ ഉപയോഗിക്കാനായി ഏറെനാളത്തെ പരിശ്രമത്തിലായിരുന്നു വൈബര്‍ സംഘമെന്ന് വൈബര്‍ മേധാവി മൈക്കല്‍ ഷ്മിലോവ് പറഞ്ഞു. 

എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍, ഹിഡന്‍ ചാറ്റ് ഫീച്ചറുകള്‍, മെസേജ് ഡെലിഷന്‍ സംവിധാനങ്ങളിലൂടെ നിങ്ങളുടെ സ്വകാര്യ സംഭാഷണങ്ങളെ കൂടുതല്‍ സുരക്ഷിതമാക്കാനും അതുവഴി ഞങ്ങള്‍ ഒരുപടികൂടി മുന്നോട്ട് പോയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത രണ്ടാഴ്ച്ചയ്ക്കുള്ളില്‍ എന്‍ക്രിപ്ഷന്‍ സംവിധാനം ആഗോളതലത്തില്‍ എത്തും. ചാരനിറത്തിലുള്ള 'പാഡ് ലോക്ക്' ചിഹ്നത്തിലൂടെ നിങ്ങളുടെ ചാറ്റ് സുരക്ഷിതമാണെന്ന് ഉറപ്പിക്കാം. ഇതുകൂടാതെ ഒരോ ഉപയോക്താവിനും അവരവരുടെ ഡിവൈസില്‍ ക്രിപ്റ്റോഗ്രഫി കീ സംവിധാനമുണ്ട്. ഇതുവഴി ചാറ്റ് കൂടുതല്‍ സുരക്ഷിതമാകും.

ഒരോ കോണ്‍ടാക്റ്റും വിശ്വാസയോഗ്യമാണോ ( trusted )  എന്ന് ഉപയോക്താക്കള്‍ക്ക് തന്നെ തീരുമാനിക്കാവുന്നതാണ്. ഒതന്റിക്കേഷന്‍ കീയില്‍ എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ ചാരനിറത്തിലുള്ള 'പാഡ് ലോക്ക്' ചിഹ്നത്തിന് പകരം ചുവപ്പ് നിറത്തിലുള്ളതാണ് കാണുക. അതായത് നിങ്ങളുടെ കോണ്‍ടാക്റ്റ് ഉടമ അവരുട ഫോണ്‍ മാറ്റിയെന്നാണ് അര്‍ത്ഥം. ഹാക്കിങ്, ചോര്‍ത്തല്‍ എന്നിവ തടയുന്നതിനായുള്ള മുന്നറിയിപ്പും വൈബറിലുണ്ടാവും.

ഇവയോടൊപ്പം, നിങ്ങള്‍ ആഗ്രഹിക്കുന്ന ചാറ്റുകള്‍ മെയിന്‍ സ്‌ക്രീനില്‍ നിന്നും ഒളിപ്പിച്ച് വെക്കാന്‍ സാധിക്കുന്ന ഹിഡന്‍ ചാറ്റ് സംവിധാനവും വൈബറില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

193 രാജ്യങ്ങളിലായി 60 കോടിയോളം സ്ഥിരം ഉപയോക്താക്കളാണ് വൈബറിനുള്ളത്. ഇന്ത്യയിലെ ഉപയോക്താക്കളുടെ എണ്ണം നാല് കോടി കവിഞ്ഞുവെന്ന് കഴിഞ്ഞ ഫിബ്രവരിയില്‍ വൈബര്‍ പ്രഖ്യാപിച്ചിരുന്നു. 

2014 ഫിബ്രവരിയിലാണ് ഇസ്രായേലി സംരംഭകനായ തല്‍മോണ്‍ മാര്‍ക്കോയില്‍ നിന്നും 90 കോടി ഡോളറിന് ജാപ്പനീസ് കമ്പനിയായ റാകുടെന്‍ വൈബര്‍ സ്വന്തമാക്കിയത്. ലൈന്‍, ഹൈക്ക്, വാട്സ്ആപ്പ് എന്നിവയാണ് വൈബറിന്റെ മുഖ്യ എതിരാളികള്‍.