വ്യക്തികളുടെ സ്വകാര്യതയ്ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് സ്വകാര്യതാ നയം പരിഷ്‌കരിച്ച് ട്വിറ്റര്‍. പുതിയ നയം ഡിസംബര്‍ ഒന്ന് മുതല്‍ നിലവില്‍ വരും. അതിന്റെ ഭാഗമായി മറ്റ് സ്വകാര്യ വ്യക്തികളുടെ ചിത്രങ്ങള്‍, വീഡിയോകള്‍, ഉള്‍പ്പെടെയുള്ള മീഡിയാ ഫയലുകള്‍ പങ്കുവെക്കാന്‍ ട്വിറ്റര്‍ അനുവദിക്കില്ല. 

വ്യക്തികളുടെ മേല്‍വിലാസം, തിരിച്ചറിയല്‍ രേഖകള്‍, ഫോണ്‍ നമ്പറുകള്‍ പോലുള്ളവ പങ്കുവെക്കുന്നതിന് നേരത്തെ തന്നെ ട്വിറ്റര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. 

പുതിയ നിയമം വരുന്നതോടെ വ്യക്തി അധിക്ഷേപ ട്വീറ്റുകള്‍ ഉള്‍പ്പടെയുള്ളവ പ്ലാറ്റ് ഫോമില്‍ നിന്ന് ഇല്ലായമ ചെയ്യപ്പെടും. ട്വിറ്റര്‍ സ്ഥാപകനായ ജാക്ക് ഡോര്‍സിയ്ക്ക് പകരം പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി ഇന്ത്യന്‍ വംശജനായ പരാഗ് അഗര്‍വാള്‍ ചുമതലയേറ്റതിന് പിന്നാലെയാണ് ഈ നീക്കമെന്നും ശ്രദ്ധേയം. 

അപമാനകരമായ പെരുമാറ്റങ്ങള്‍ക്കെതിരെ ഞങ്ങളുടെ നിലവിലുള്ള നയങ്ങളും ട്വിറ്റര്‍ നിയമങ്ങളും നിലകൊള്ളുന്നുണ്ടെങ്കിലും അനുമതിയില്ലാതെ അധിക്ഷേപകരവും അപമാനകരവുമായ ഉള്ളടക്കങ്ങള്‍ പങ്കുവെക്കുന്നതിനെ തടയാന്‍ ഇത് സഹായിക്കുമെന്നാണ് ട്വിറ്റര്‍ പറയുന്നത്. 

മനുഷ്യാവകാശ മാനദണ്ഡങ്ങള്‍ക്കനുയോജ്യമായി സുരക്ഷാ നയങ്ങളെ വിന്യസിക്കാനുള്ള ഞങ്ങളുടെ തുടര്‍ച്ചയായ പ്രവര്‍ത്തനത്തിന്റെ ഭാഗമാണിതെന്നും ആഗോളതലത്തില്‍ ഇത് നടപ്പാക്കുമെന്നും ട്വിറ്റര്‍ പറഞ്ഞു. 

നയലംഘനങ്ങള്‍ എന്തെല്ലാം?

  • വീടിന്റെ വിലാസം, സ്ഥലം, ജിപിഎസ് ഉള്‍പ്പടെ ഒരു സ്വകാര്യ വ്യക്തി താമസിക്കുന്നയിടവുമായി ബന്ധപ്പെട്ട വിവരം പങ്കുവെക്കുന്നത്. 
  • സര്‍ക്കാര്‍ നല്‍കുന്ന തിരിച്ചറിയല്‍ രേഖകള്‍ ഉള്‍പ്പടെയുള്ള തിരിച്ചറിയല്‍ രേഖകള്‍ പങ്കുവെക്കുന്നത്.
  • വ്യക്തികളുടെ സ്വകാര്യ ഫോണ്‍ നമ്പറുളും ഇമെയില്‍ വിലാസവും പങ്കുവെക്കുന്നത്.
  • സ്വകാര്യ വ്യക്തികളെ കാണിക്കുന്ന വീഡിയോകള്‍, ചിത്രങ്ങള്‍ എന്നിവ അനുവാദമില്ലാതെ പങ്കുവെക്കുന്നത്. 

പുതിയ നയങ്ങളുടെ ലംഘനം ശ്രദ്ധയില്‍ പെട്ടാല്‍ ഭരണകൂടമോ, ഉപഭോക്താക്കളോ പരാതിനല്‍കുന്ന ഉടന്‍ അവ പരിശോധിച്ച് നീക്കം ചെയ്യപ്പെടും. 

എന്നാല്‍ ഒരു ഉള്ളടക്കം തന്നെ അപമാനിക്കുന്നതും അധിക്ഷേപിക്കുന്നതുമാണെന്ന് ഒരു പൊതു വ്യക്തിത്വം (രാഷ്ട്രീയക്കാര്‍, സിനിമാതാരങ്ങള്‍, സെലിബ്രിട്ടികള്‍) പരാതിപ്പെട്ടാല്‍ ദുരുദ്ദേശപരമായ പെരമാറ്റ (അബ്യൂസീവ് ബിഹേവിയര്‍) നയത്തെ അധാരമാക്കിയാണ് നടപടി സ്വീകരിക്കുക. 

മറ്റ് പരമ്പരാഗത മാധ്യമങ്ങളിലും, പരസ്യങ്ങളിലുമെല്ലാമുള്ള സ്വകാര്യ വിവരങ്ങള്‍ പൊതുജനത്തിന് ഗുണമുള്ള ഉള്ളടക്കം എന്ന നിലയില്‍ ട്വിറ്ററില്‍ നീക്കം ചെയ്യപ്പെടാതെ തുടരും. 

Content Highlights: Twitter, New Privacy policy update, Private information, Media sharing policy