ശബ്ദാധിഷ്ഠിത ചാറ്റ് റൂം ഫീച്ചറായ സ്‌പേസസ് പ്ലാറ്റ് ഫോം ബീറ്റാ പരീക്ഷണത്തിനായി കൂടുതല്‍ പേരിലേക്ക് എത്തിക്കുന്നു. ഇന്ത്യയിലും കൂടുതല്‍ പേരിലേക്ക് സ്‌പേസസ് ഫീച്ചര്‍ എത്തിയിട്ടുണ്ട്. ഐഓഎസില്‍ മാത്രം ലഭ്യമായ ക്ലബ് ഹൗസ് എന്ന ഓഡിയോ ചാറ്റ് ആപ്പുമായാണ് ഇത് മത്സരിക്കുക.
നിലവില്‍ 1000 പേരില്‍ മാത്രം പരീക്ഷിച്ചുവന്നിരുന്ന ഈ ഫീച്ചര്‍ 3000 പേരിലേക്ക് കൂടി എത്തും. വരും ആഴ്ചകളില്‍ തന്നെ ഈ പുതിയ ഫീച്ചര്‍ എല്ലാ ഉപയോക്താക്കള്‍ക്കുമായി ലഭ്യമാക്കും.
സ്‌പേസസിലൂടെ ഉപയോക്താവിന് ഒരു വോയ്‌സ് ചാറ്റ് റൂം സൃഷ്ടിക്കാനാവും. ഓരോരോ വിഷയങ്ങളുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യാന്‍ മറ്റുള്ളവരെ ഈ ചാറ്റ് റൂമിലേക്ക് ക്ഷണിക്കാം. ആളുകളുമായി കൂടുതല്‍ അടുപ്പത്തോടെ സംസാരിക്കുന്നതിന് അവസരം ഒരുക്കാനാണ് ഈ സൗകര്യം ലക്ഷ്യമിടുന്നത്.
ഒന്നിലധികം ആളുകളെ ഗ്രൂപ്പില്‍ ചേര്‍ക്കാനും ആരെല്ലാമാണ് ഗ്രൂപ്പില്‍ പങ്കെടുക്കുന്നതെന്നും ആരാണ് സംസാരിക്കുന്നത് എന്നും ഉപയോക്താക്കള്‍ക്ക് കാണാനാവും. മറ്റുള്ള ഉപയോക്താക്കള്‍ക്ക് ഗ്രൂപ്പില്‍ ചേരുന്നതിനും ചര്‍ച്ചയുടെ ഭാഗമാവുന്നതിനും അപേക്ഷിക്കനും അവസരമുണ്ട്.
ക്ലബ് ഹൗസ് എന്ന ആപ്പുമായാണ് സ്‌പേസസിന്റെ മത്സരം. ക്ലബ് ഹൗസിന് ജനപ്രീതി വര്‍ധിച്ച് തുടങ്ങിയതോടെയാണ് സ്‌പേസസ് പ്ലാറ്റ്‌ഫോമിന്റെ ബീറ്റാ ടെസ്റ്റിങ് ട്വിറ്റര്‍ ശക്തമാക്കിയത്.
നിലവിലെ അംഗങ്ങള്‍ ക്ഷണിച്ചാല്‍ മാത്രം അംഗമാവാന്‍ സാധിക്കുന്ന ആപ്ലിക്കേഷനാണ് ക്ലബ് ഹൗസ്. ഐഒഎസില്‍ മാത്രമേ ഇത് ലഭിക്കുകയുള്ളൂ. അടുത്തിടെ ഇതിന് ജനപ്രീതി വര്‍ധിക്കാന്‍ തുടങ്ങി. ഇലോണ്‍ മസ്‌ക്, മാര്‍ക്ക് സക്കര്‍ബര്‍ഗ് പോലുള്ളവര്‍ ക്ലബ് ഹൗസില്‍ അംഗത്വം നേടിയിട്ടുണ്ട്.
ക്ലബ് ഹൗസിലെ ഒരു ചാറ്റ് റൂമില്‍ 5000 പേര്‍ക്ക് അംഗങ്ങളാവാം. 2020 മാര്‍ച്ചില്‍ പോള്‍ ഡേവിസണും റോഹന്‍ സേത്തും ചേര്‍ന്നാണ് ഈ ആപ്പ് തയ്യാറാക്കിയത്. ജനുവരിയില്‍ മാത്രം 20 ലക്ഷം പേര്‍ ക്ലബ് ഹൗസ് ഉപയോഗിച്ചുവെന്നാണ് സ്ഥാപകര്‍ പറയുന്നത്. താമസിയാതെ തന്നെ ക്ലബ് ഹൗസ് ആന്‍ഡ്രോയിഡിലുമെത്തും.
Content Highlights: twitter spaces beta test to more people