ട്വിറ്ററില്‍ വീണ്ടും അക്കൗണ്ട് വെരിഫിക്കേഷന്‍ പ്രക്രിയ ആരംഭിച്ചു. ജനുവരി 22 മുതലാണ് അക്കൗണ്ടുകള്‍ക്ക് ബ്ലൂ ടിക്ക് വെരിഫിക്കേഷന്‍ ബാഡ്ജ് നല്‍കുന്ന പ്രക്രിയ ആരംഭിച്ചത്. വെരിഫൈഡ് അക്കൗണ്ടുകള്‍ ആളുകള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് 2017 നവംബറില്‍ വെരിഫിക്കേഷന്‍ ബാഡ്ജ് നല്‍കുന്ന പ്രക്രിയ ട്വിറ്റര്‍ നിര്‍ത്തിവെച്ചത്.
അക്കൗണ്ടുകളുടെ ആധികാരികത ഉറപ്പുവരുത്തുക എന്ന ഉദ്ദേശത്തോടെ തുടങ്ങിയ വെരിഫിക്കേഷന്‍ സംവിധാനം ആളുകള്‍ പലപ്പോഴും അംഗീകാരമായും പ്രാധാന്യം നല്‍കുന്നതിന്റെ അടയാളമായി വ്യാഖ്യാനിക്കാന്‍ തുടങ്ങിയതാണ് ട്വിറ്ററിനെ വലച്ചത്.
ഈ ആശയകുഴപ്പം തങ്ങള്‍ തിരിച്ചറിയുന്നുണ്ടെന്നും അത് പരിഹരിക്കപ്പെടേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് എല്ലാ പൊതു വെരിഫിക്കേഷന്‍ നടപടികളും ട്വിറ്റര്‍ നിര്‍ത്തിവെച്ചത്. 2021-ല്‍ വെരിഫിക്കേഷന്‍ പ്രക്രിയ പുനഃരാരംഭിക്കുമെന്ന് കഴിഞ്ഞ വര്‍ഷം നവംബറില്‍ ട്വിറ്റര്‍ പ്രഖ്യാപിച്ചിരുന്നു. പുതിയ വെരിഫിക്കഷേന്‍ പോളിസിയില്‍ ജനങ്ങളുടെ അഭിപ്രായം തേടുകയും ചെയ്തു.
ഈ അഭിപ്രായങ്ങളെ അടിസ്ഥാനമാക്കി പരിഷ്‌കരിച്ച പോളിസിയില്‍ വെരിഫിക്കേഷന്‍ എന്നാല്‍ എന്താണ് എന്നും ആരെല്ലാം ആണ് വെരിഫിക്കേഷന് അര്‍ഹരെന്നും അക്കൗണ്ടുകള്‍ക്ക് വെരിഫിക്കേഷന്‍ എന്തെല്ലാം കാരണം കൊണ്ട് നഷ്ടപ്പെട്ടേക്കാം എന്നെല്ലാം കൃത്യമായി നിര്‍വചിച്ചിട്ടുണ്ട്.
സജീവമല്ലാത്തതും പൂര്‍ണവിവരങ്ങള്‍ നല്‍കാത്തതുമായ അക്കൗണ്ടുകളുടെ വെരിഫിക്കേഷന്‍ പിന്‍വലിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
- സര്‍ക്കാര്‍
- കമ്പനികള്‍, ബ്രാന്‍ഡുകള്‍ സംഘടനകള്‍
- വാര്‍ത്താ സ്ഥാപനങ്ങള്‍, മാധ്യമപ്രവര്‍ത്തകര്‍
- വിനോദം
- സ്‌പോര്‍ട്‌സ്, ഗെയിമിങ്
- സാമൂഹ്യപ്രവര്‍ത്തകര്‍, സംഘാടകര്‍, മറ്റ് സ്വാധീനമുണ്ടാക്കുന്ന വ്യക്തികള്‍
തുടങ്ങിയ വിഭാഗങ്ങളില്‍ പെടുന്നവര്‍ക്ക് ഇപ്പോള്‍ വെരിഫിക്കേഷന്‍ ബാഡ്ജിനായി അപേക്ഷിക്കാം.
ഇത് കൂടാതെ ട്വിറ്ററിലെ ജനപ്രീതി, ഇടപെടല്‍, ഫോളോവര്‍മാരുടെ എണ്ണം ഉള്‍പ്പടെ മറ്റ് പല മേഖലകളില്‍ ശ്രദ്ധിക്കപ്പെടുന്ന വ്യക്തികള്‍ക്ക് വ്യക്തമായ രേഖകളുടെ അടിസ്ഥാനത്തില്‍ വെരിഫിക്കേഷന്‍ ലഭിക്കും.
ട്വിറ്ററിന്റെ പുതിയ വെരിഫിക്കേഷന്‍ പോളിസിയെ കുറിച്ച് കൂടുതലറിയാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കുക
Content Highlights: Twitter restarts verification process