ട്വീറ്റുകളില്‍ അക്ഷരങ്ങളുടെ എണ്ണം 280 ആയി വര്‍ധിപ്പിച്ചു. നേരത്തെ 140 അക്ഷരങ്ങള്‍ മാത്രമാണ് ട്വീറ്റുകളില്‍ അനുവദിച്ചിരുന്നത്. ചുരുങ്ങിയ വാക്കുകളില്‍ ചിന്തകളും സന്ദേശങ്ങളും പങ്കുവെക്കുന്ന മൈക്രോ ബ്ലോഗിങിലൂടെ ശ്രദ്ധേയമായ സോഷ്യല്‍മീഡിയാ വെബ്സൈറ്റാണ് ട്വിറ്റര്‍.

ആഗോള തലത്തില്‍ ഗൗരവതരമായ പല വിഷയങ്ങളും ചര്‍ച്ചയാകാറുള്ള ട്വിറ്ററില്‍ 140 അക്ഷരങ്ങള്‍ എന്ന പരിധി വലിയ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. പുതിയ മാറ്റത്തോട് അനുകൂലമായ പ്രതികരണങ്ങളാണ് ട്വിറ്റര്‍ ഉപയോക്താക്കളില്‍ നിന്നും ഇതുവരെയുണ്ടായിട്ടുള്ളത്.

ട്വിറ്ററില്‍ അനുവദിച്ചിട്ടുള്ള ഇംഗ്ലീഷ് ഉള്‍പടെയുള്ള നിരവധി ഭാഷകള്‍ക്ക് 280 അക്ഷരങ്ങള്‍ എന്ന നിബന്ധന ബാധകമാണ്. എന്നാല്‍ ഒറ്റ അക്ഷരത്തില്‍ നിരവധി വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന എഷ്യന്‍ ഭാഷകളായ ചൈനീസ്, ജാപ്പനീസ്, കൊറിയന്‍ ഭാഷകള്‍ക്ക് ഈ പുതിയ അക്ഷര പരിധി ലഭ്യമാവില്ലെന്നാണ് വിവരം. 

കഴിഞ്ഞ സെപ്റ്റംബറിലാണ് അക്ഷര പരിധി വര്‍ധിപ്പിക്കാനുള്ള തീരുമാനം ട്വിറ്റര്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. പുതിയ മാറ്റം ഇന്ന് മുതല്‍ ലഭ്യമാവും. ഉപയോക്താക്കളെ ട്വിറ്ററില്‍ നിലവിര്‍ത്തുക എന്ന ഉദ്ദേശ്യവും ഇതിലൂടെ ട്വിറ്ററിനുണ്ട്.