സാന്‍ഫ്രാന്‍സിസ്‌കോ: മൈക്രോ ബ്ലോഗിങ് വെബ്‌സൈറ്റായ ട്വിറ്ററില്‍ ഇനി ടൈംലൈന്‍ ഓട്ടോമാറ്റിക് ആയി റിഫ്രഷ് ആവില്ല. അതായത് പുതിയ ട്വീറ്റുകള്‍ ഓട്ടോമാറ്റിക് ആയി ടൈംലൈനില്‍ പ്രത്യക്ഷപ്പെടില്ല. ഉപഭോക്താക്കളുടെ ഏറെ നാളത്തെ പരാതിയ്ക്ക് പരിഹാരം കാണുകയാണ് ട്വിറ്റര്‍ ഈ തീരുമാനത്തിലൂടെ. 

ടൈംലൈനില്‍ ഉപഭോക്താക്കള്‍ വായിച്ചുകൊണ്ടിരിക്കുന്നതിനിടെ പഴയ ട്വീറ്റുകള്‍ അപ്രത്യക്ഷമാവുകയും പുതിയ ട്വീറ്റുകള്‍ വരികയും ചെയ്യുന്നത് അവര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്ന് കണ്ടതിനെ തുടര്‍ന്നാണ് ഈ മാറ്റം. 

ഇനി മുതല്‍ പുതിയ ട്വീറ്റുകള്‍ ടൈംലൈനില്‍ പ്രത്യക്ഷപ്പെടണമെങ്കില്‍ ടൈംലൈനിന് മുകളിലുള്ള ട്വീറ്റ് കൗണ്ടര്‍ ബാറില്‍ ക്ലിക്ക് ചെയ്യണം. അതുവരെ പഴയ ട്വീറ്റുകള്‍ തന്നെയാണ് ടൈംലൈനില്‍ കാണാനാവുക.

വായിച്ചുകൊണ്ടിരിക്കുന്നതിനിടെ ട്വീറ്റുകള്‍ അപ്രത്യക്ഷമാവുന്ന പ്രശ്‌നം പരിഹരിക്കുന്നതിനായി ട്വീറ്റുകള്‍ പ്രദര്‍ശിപ്പിക്കുന്ന രീതിയില്‍ മാറ്റം കൊണ്ടുവരുമെന്ന് സെപ്റ്റംബറില്‍ ട്വിറ്റര്‍ സൂചന നല്‍കിയിരുന്നു. 

ട്വിറ്ററിന്റെ ആന്‍ഡ്രോയിഡ്, ഐഓഎസ് ആപ്പുകളിലും ടൈംലൈന്‍ ഓട്ടോമാറ്റിക് ആയി റിഫ്രഷ് ആവില്ല. പകരം നാവിഗേഷന്‍ ബാറിലെ ഹോം ബട്ടനില്‍ ക്ലിക്ക് ചെയ്താല്‍ മാത്രമേ പുതിയ ട്വീറ്റുകള്‍ വരികയുള്ളൂ. 

ട്വിറ്റര്‍ വെബ്‌സൈറ്റില്‍ അപ് ലോഡ് ചെയ്യുന്ന ചിത്രങ്ങള്‍ ഓട്ടോമാറ്റിക് ആയി ക്രോപ്പ് ചെയ്യില്ലെന്നും അടുത്തിടെ ട്വിറ്റര്‍ പ്രഖ്യാപിച്ചിരുന്നു. മൊബൈലില്‍ നേരത്തെ തന്നെ ഫുള്‍ സൈസ് ഇമേജ് പ്രിവ്യൂ അവതരിപ്പിച്ചിരുന്നു. 

Content Highlights: Twitter timeline, tweets, new update, social media