കര്‍ഷക പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാരും ട്വിറ്റരും തമ്മില്‍ ഇടഞ്ഞത് ഇന്ത്യന്‍ നിര്‍മിത മൈക്രോ ബ്ലോഗിങ് സേവനങ്ങള്‍ക്ക് ഒരു അവസരമായിരിക്കുകയാണ്.
ഇന്ത്യന്‍ നിര്‍മിതമായ ടൂട്ടര്‍, കൂ തുടങ്ങിയ സേവനങ്ങള്‍ ട്വിറ്ററിന്റെ തനിപ്പകര്‍പ്പുകളാണ്. ഇന്ത്യന്‍ നിര്‍മിത ഉല്‍പന്നങ്ങളോടുള്ള ഒരു വിഭാഗം ജനതയുടെ താല്‍പര്യം പ്രയോജനപ്പെടുത്താനാണ് ഈ സേവനങ്ങള്‍ ആഗ്രഹിക്കുന്നത്. ട്വിറ്ററിന്റെ ഇന്ത്യന്‍ പകര്‍പ്പുകളെ കുറിച്ച് കൂടുതല്‍ അറിയാം.
ടൂട്ടര്‍ (Tooter)
ഇന്ത്യയുടെ സാമൂഹ്യമാധ്യമ രംഗം കയ്യടക്കിയിരിക്കുന്ന അമേരിക്കന്‍ സോഷ്യല്‍ മീഡിയ കമ്പനികളെ വെല്ലുവിളിച്ചു കൊണ്ടാണ് ടൂട്ടര്‍ (Tooter) എത്തിയിരിക്കുന്നത്. ശംഖുനാദം എന്നര്‍ത്ഥം വരുന്ന ടൂട്ടര്‍ എന്ന പേരാണ് ഇന്ത്യന്‍ പതിപ്പിന് നല്‍കിയിരിക്കുന്നത്.
ഇന്ത്യയ്ക്ക് ഒരു സ്വദേശി സോഷ്യല്‍ നെറ്റ്വര്‍ക്ക് വേണമെന്നാണ് കരുതുന്നതെന്ന് ടൂട്ടര്‍ വെബ്‌സൈറ്റിന്റെ എബൗട്ട് പേജ് പറയുന്നു. അല്ലാത്തപക്ഷം, ഇന്ത്യ അമേരിക്കന്‍ ട്വിറ്റര്‍ ഇന്ത്യ കമ്പനിയുടെ വെറുമൊരു ഡിജിറ്റല്‍ കോളനി മാത്രമാണ്. നമ്മള്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കീഴില്‍ ആയിരുന്നതില്‍നിന്നും വ്യത്യസ്തമല്ല അത. എല്ലാവരും ടൂട്ടറില്‍ അംഗമാവണമെന്നും കമ്പനി പറയുന്നു.
ജൂലായ് മുതല്‍ ടൂട്ടര്‍ സജീവമാണ്. ട്വിറ്ററില്‍ ട്വീറ്റുകള്‍ പങ്കുവെക്കുന്ന പോലെ ടൂട്ടറില്‍ ടൂട്ടുകള്‍ (toots) പങ്കുവെക്കാം.
സര്‍ക്കാരില്‍നിന്നു മികച്ച പിന്തുണ ടൂട്ടറിന് ലഭിക്കുന്നുണ്ട് എന്ന് വ്യക്തമാക്കുന്നതാണ് ടൂട്ടറില്‍ മുതിര്‍ന്ന നേതാക്കളുടെ അക്കൗണ്ടുകള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, സദ്ഗുരു എന്നിവരെല്ലാം ടൂട്ടറില്‍ വെരിഫൈഡ് അക്കൗണ്ടുള്ളവരാണ്. ബി.ജെ.പിയ്ക്കും ടൂട്ടറില്‍ ഔദ്യോഗിക അക്കൗണ്ട് ഉണ്ട്.
ട്വിറ്ററിന് സമാനമായ രീതിയിലാണ് ടൂട്ടറിന്റെ രൂപകല്‍പന. ട്വിറ്ററിന്റെ പക്ഷിയുടെ രൂപത്തിലുള്ള ചിഹ്നത്തിന് പകരം ശംഖ് ആണ് ടൂട്ടറിന്റെ ചിഹ്നം. ഒറ്റനോട്ടത്തില്‍ ട്വിറ്ററിന് സമാനമായ രൂപകല്‍പനയാണ് ടൂട്ടറിനും.
മറ്റുള്ളവരെ ഫോളോ ചെയ്താല്‍ അവരില്‍നിന്നുള്ള ടൂട്ടുകള്‍ ടൈംലൈനില്‍ കാണാന്‍ സാധിക്കും. വീഡിയോയും ചിത്രങ്ങളുമെല്ലാം പങ്കുവെക്കാം.
tooter.in എന്ന വെബ്‌സൈറ്റും മൊബൈല്‍ ആപ്ലിക്കേഷനും ടൂട്ടറിനുണ്ട്. നിലവില്‍ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ മാത്രമാണ് ടൂട്ടറിനുള്ളത്. ഐ.ഓ.എസ്. ആപ്ലിക്കേഷന്‍ ഇല്ല. ഇമെയില്‍ ഐ.ഡി., യൂസര്‍ നെയിം, പാസ്വേഡ് എന്നിവ നല്‍കി അക്കൗണ്ട് തുടങ്ങാം. ഇമെയില്‍ വരുന്ന വെരിഫിക്കേഷന്‍ മെയില്‍ കണ്‍ഫം ചെയ്താല്‍ മാത്രമേ സൈറ്റില്‍ ലോഗിന്‍ ചെയ്യാനാവൂ.
കൂ (Koo)
പത്ത് മാസം മുമ്പാണ് കൂ പ്ലാറ്റ് ഫോം അവതരിപ്പിക്കപ്പെട്ടത്. ഇന്ത്യയുടെ ആത്മനിര്‍ഭര്‍ ഭാരത് ആപ്പ് ഇന്നൊവേഷന്‍ ചലഞ്ചിന്റെ ഭാഗമായാണ് കൂ വികസിപ്പിക്കപ്പെട്ടത്. മത്സരത്തിലെ സോഷ്യല്‍ വിഭാഗത്തില്‍ കൂ രണ്ടാം സ്ഥാനം നേടുകയും ചെയ്തു.
ട്വിറ്ററിന് സമാനമായാണ് കൂവിന്റേയും രൂപകല്‍പന. ഇതില്‍ നമ്മള്‍ പങ്കുവെക്കുന്ന പോസ്റ്റിനെ കൂ എന്നാണ് വില്‍ക്കുക. റീട്വീറ്റിന് പകരമായി റീ കൂ എന്നും റീട്വീറ്റ് വിത്ത് കമന്റിന് പകരമായ റീ കൂ വിത്ത് കമന്റ് എന്നീ സൗകര്യവും കൂവിലുണ്ട്. ഫെയ്സ്ബുക്കിലെ ലൈക്ക് ബട്ടന് സമാനമാണ് കൂവിലെ ലൈക്ക് ബട്ടന്‍.
കഴിഞ്ഞ ഓഗസ്റ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മന്‍ കി ബാത്തിലും കൂ വിനെ പ്രശംസിക്കുകയുണ്ടായി. വിവിധ പ്രാദേശിക ഭാഷകള്‍ കൂവില്‍ ലഭ്യമാണ്.
ടൂട്ടര്‍ ട്വിറ്ററിന്റെ നിറം തന്നെ നിലനിര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ കൂ മഞ്ഞ നിറത്തിലുള്ള തീം ആണ് തിരഞ്ഞെടുത്തിരിക്കുന്നത്. പി.സിയിലും മൊബൈലിലും കൂ ഉപയോഗിക്കാനാവും.
പേരിട്ടതിലും ട്വിറ്ററിനെ അനുകരിക്കാന്‍ ഈ ഇന്ത്യന്‍ നിര്‍മിത സേവനങ്ങള്‍ ശ്രമിച്ചിട്ടുണ്ട്. ചെറു കിളികളുടെ ചിലയ്ക്കല്‍ എന്ന് അര്‍ത്ഥം വരുന്ന വാക്കാണ് ട്വിറ്റര്‍. ശംഖുനാദം എന്നര്‍ത്തമുള്ള വാക്കാണ് ടൂട്ടര്‍, പക്ഷിയുടെ ശബ്ദത്തിന് സമാനമായ വാക്കാണ് കൂ.
നിലവിൽ വിവിധ കേന്ദ്രസർക്കാർ മന്ത്രാലയങ്ങളും, നേതാക്കളും അനുകൂലികളുമാണ് കൂവിലും ടൂട്ടറിലും അക്കൗണ്ട് തുടങ്ങിയ ഭൂരിഭാഗം പേരും. പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ ഇരുസേവനങ്ങളിലും ലോഗിൻ ചെയ്യുന്നവരുടെ എണ്ണം താരതമ്യേന കൂടിയിട്ടുണ്ട്. എങ്കിലും ആഗോളതലത്തില്‍ സോഷ്യല്‍ മീഡിയ ശൃംഖല വ്യാപിക്കാന്‍ സാധിച്ച സ്ഥാപനം എന്നനിലയില്‍ ട്വിറ്ററിനെ എളുപ്പത്തില്‍ വെല്ലുവിളിക്കാന്‍ കൂവിനും ടൂട്ടറിനും സാധിച്ചെന്ന് വരില്ല.
അതിന് ഒരു പക്ഷെ ചൈനീസ് കമ്പനികള്‍ക്ക് നേരെ സ്വീകരിച്ച കര്‍ശന നടപടികള്‍ അമേരിക്കന്‍ സോഷ്യല്‍ മീഡിയ സേവനങ്ങള്‍ക്കും നേരെ നടത്തേണ്ടിവരും. അതായത്, ട്വിറ്ററിന് നിരോധനം ഏര്‍പ്പെടുത്താതെ ഇന്ത്യന്‍ സേവനങ്ങള്‍ക്ക് അതിനെ മറികടക്കാന്‍ ഇന്ത്യന്‍ വിപണിയില്‍ സാധിച്ചേക്കില്ല. അമേരിക്കയുമായുള്ള ബന്ധം ശക്തമായതിനാൽ ട്വിറ്ററിന് നേരെ അത്തരമൊരു നടപടി അത്ര എളുപ്പത്തിൽ സ്വീകരിച്ചേക്കില്ല.
Content Highlights: twitter made in india alternatives koo and tooter