യൂട്യൂബ്, ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം എന്നിവ പോലെ കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് വരുമാനമുണ്ടാക്കാന്‍ സാധിക്കുന്ന പുതിയ സംവിധാനവുമായി ട്വിറ്റര്‍. സൂപ്പര്‍ ഫോളോസ് ഫീച്ചറാണ് അവതരിപ്പിച്ചത്. വരിക്കാര്‍ക്ക് മാത്രമായി ഉള്ളടക്കങ്ങള്‍ പങ്കുവെക്കുന്നതിലൂടെ ക്രിയേറ്റര്‍മാര്‍ക്ക് പ്രതിമാസ വരുമാനം നേടാന്‍ ഇതിലൂടെ സാധിക്കും. 

നിലവില്‍ യുഎസിലും കാനഡയിലുമാണ് ഈ സൗകര്യം ലഭ്യമാക്കിയിട്ടുള്ളത്. ഐഓഎസ് ഉപയോക്താക്കള്‍ക്കാണ് ഇത് പ്രയോജനപ്പെടുത്താനാവുക. അധികം വൈകാതെ തന്നെ ആഗോളതലത്തിലുള്ള ഐഓഎസ് ഉപയോക്താക്കളിലേക്ക് സേവനം എത്തുമെന്ന് ട്വിറ്റര്‍ വ്യക്തമാക്കി. 

ടിപ്പ് നല്‍കുന്നതിലൂടെയും പെയ്ഡ് സബ്‌സ്‌ക്രിപ്ഷനിലൂടെയുമാണ് വരുമാനം നേടുക. ഇതുവഴി 750 കോടി ഡോളര്‍ വാര്‍ഷിക വരുമാനം നേടാനുള്ള പദ്ധതിയാണ് ട്വിറ്റര്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.  

ക്രിയേറ്റര്‍മാര്‍ക്ക് 2.99 ഡോളര്‍, 4.99 ഡോളര്‍, 9.99 ഡോളര്‍ എന്നിങ്ങനെ പ്രതിമാസ സബ്‌സ്‌ക്രിപ്ഷന്‍ നിരക്ക് നിശ്ചയിക്കാം. ആളുകള്‍ ഏറ്റവും അധികം കാണുന്ന ഉള്ളടക്കങ്ങളില്‍ നിന്ന് ഈ രീതിയില്‍ വരുമാനമുണ്ടാക്കാം. 

ട്വിറ്ററില്‍ മോശം കമന്റിടുന്നവരെ ഉപയോക്താക്കള്‍ക്ക് ഏഴ് ദിവസത്തേക്ക് ബ്ലോക്ക് ചെയ്യാന്‍ സാധിക്കുന്ന സേഫ്റ്റി മോഡ് സുരക്ഷാ ഫീച്ചറും ട്വിറ്റര്‍ ഇന്ന് അവതരിപ്പിക്കും.