കൊച്ചി: കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ സ്ഥാനാര്‍ത്ഥികള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, പൗരന്മാര്‍, മാധ്യമങ്ങള്‍, സമൂഹം എന്നിവര്‍  തമ്മിലുള്ള സംവാദങ്ങളും ആരോഗ്യകരമായ ചര്‍ച്ചകളും  പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയുള്ള നിരവധി സംരംഭങ്ങള്‍ ട്വിറ്റര്‍ പ്രഖ്യാപിച്ചു.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെയും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുകളുടെയും  (@ECISVEEP)  കൃത്യവും വ്യക്തവുമായ വിവരങ്ങളും അറിയിപ്പുകളും  പങ്ക് വെയ്ക്കാന്‍ തദ്ദേശ ഭാഷകളില്‍ സമഗ്ര സെര്‍ച്ച് ഓപ്ഷനുകള്‍ ട്വിറ്റര്‍ ലഭ്യമാക്കും. സ്ഥാനാര്‍ഥികളുടെ വിവരങ്ങള്‍, തിരഞ്ഞെടുപ്പ് തീയതി, പോളിംഗ് ബൂത്തുകള്‍, ഇ വി എം വോട്ടര്‍ രജിസ്ട്രേഷന്‍ തുടങ്ങി തിരഞ്ഞെടുപ്പിന്റെ സമഗ്ര വിവരങ്ങള്‍ ഇതില്‍ ലഭ്യമാകും. # കേരള തിരഞ്ഞെടുപ്പ് 2021 എന്നതുള്‍പ്പെടെ ഇരുപതോളം ഹാഷ് ടാഗുകളും ലഭ്യമാണ്.     

ഇതിനായി മാത്രം പ്രത്യേക ഇമോജിയും (#AssemblyElections2021) ലഭ്യമാക്കും.  മെയ് 10 വരെ ഇത് ലഭ്യമാകും. ആറു ഭാഷകളില്‍ ട്വീറ്റ് ചെയ്ത ഇമോജി ആക്ടിവേറ്റ് ചെയ്യാന്‍ കഴിയും.  തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്തകളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നത് നിയന്ത്രിക്കാനായി പ്രീ ബങ്ക്, ഡീ ബങ്ക് എന്നിവയും ഉണ്ടാകും. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, ബംഗാളി എന്നിവയുള്‍പ്പെടെയുള്ള ഭാഷകളിലുടനീളം പ്രീബങ്ക് പ്രോംപ്റ്റുകളുടെ ഒരു പരമ്പര  പ്രസിദ്ധീകരിക്കുന്നതിലൂടെ എങ്ങനെ, എവിടെ വോട്ട് ചെയ്യണം എന്നതിനെക്കുറിച്ചുള്ള തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ തടയുന്നതിന് ട്വിറ്റര്‍ മുന്‍കൈയെടുക്കും. പ്രോംപ്റ്റുകള്‍ ജനങ്ങളുടെ ഹോം ടൈംലൈനുകളിലും തിരയലിലും ദൃശ്യമാകും. വോട്ടുചെയ്യാന്‍ എങ്ങനെ രജിസ്റ്റര്‍ ചെയ്യണം എന്നതിനെക്കുറിച്ചുള്ള വിവരങ്ങളും ഇവിഎമ്മുകളിലും വിവിപിഎടി ളിലുമുള്ള വിശദാംശങ്ങള്‍ ഉള്‍പ്പെടെ ഇതില്‍ ലഭിക്കും.

ഇതിന് പുറമെ യുവജനങ്ങള്‍ക്കിടയില്‍ വോട്ടര്‍ സാക്ഷരതയും പങ്കാളിത്തവും ശക്തിപ്പെടുത്തുന്നതിന് യുവ വോട്ടര്‍മാര്‍ക്കിടയില്‍ വിവിധ ഭാഷകളില്‍ #DemocracyAdda എന്ന പേരില്‍ ചര്‍ച്ചാ പരമ്പരകള്‍ സംഘടിപ്പിക്കും. യൂത്ത് കി ആവാസുമായി സഹകരിച്ചായിരിക്കും ഇതിനായി അവസരമൊരുക്കുക. യുവാക്കള്‍, സിവില്‍ സൊസൈറ്റി ഗ്രൂപ്പുകള്‍, ചേഞ്ച് മേക്കേഴ്സ് തുടങ്ങിയവരുമായി ലൈവ് വീഡിയോ സെഷന്‍സ്, ട്വീറ്റ് ചാറ്റുകള്‍, എന്നിവയുമുണ്ടാകും. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, ബംഗാളി, ആസാമീസ്, മലയാളം എന്നിങ്ങനെ ആറ് ഭാഷകളില്‍ ഇത് ലഭ്യമാകും.

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വനിതാ പ്രാതിനിധ്യം ശക്തിപ്പെടുത്തുന്നതിനായി വനിതാ മാധ്യമപ്രവര്‍ത്തകരും വനിതാ രാഷ്ട്രീയ നേതാക്കളും പങ്കെടുക്കുന്ന ഹെര്‍ പൊളിറ്റിക്കല്‍ ജേര്‍ണി (#HerPoliticalJourney) എന്ന വീഡിയോ സീരീസുകളും സംഘടിപ്പിക്കും.

തിരഞ്ഞെടുപ്പുകളില്‍ പൊതുജനപങ്കാളിത്തവും പൊതു ചര്‍ച്ചകളും അനിവാര്യവുമാണെന്നും ട്വിറ്റര്‍  ഇതിനായി അവസരമൊരുക്കുകയാണെന്നും ട്വിറ്റര്‍  ഇന്ത്യ പബ്ലിക് പോളിസി & ഗവണ്‍മെന്റ് വിഭാഗം പ്രതിനിധി പായല്‍ കാമത്ത് പറഞ്ഞു. ഡിജിറ്റല്‍ സാങ്കേതികവിദ്യ വ്യാപകമായതോടെ കൂടുതല്‍ ജനങ്ങള്‍ക്ക് കൃത്യവും വ്യക്തവുമായ വിവരങ്ങള്‍ ലഭിച്ചു തുടങ്ങി. ശക്തമായ ഇന്റര്‍നെറ്റ് സ്വാധീനം പ്രകടമാകുന്ന കാലഘട്ടത്തില്‍ രാജ്യത്തെ ജനങ്ങളെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പങ്കാളികളാക്കുക എന്ന ഉത്തരവാദിത്വമാണ് ട്വിറ്റര്‍  ഏറ്റെടുത്തിരിക്കുന്ന തെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന്റെയും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനുകളുടെയും പിന്തുണയില്ലാതെ ഇതൊന്നും സാധ്യമാകില്ല. എന്നാല്‍ ട്വിറ്ററിന്റെ  പരിശ്രമം ഇത്തവണ ആരോഗ്യപൂര്‍ണമായ ഒരു തിരഞ്ഞെടുപ്പ് പ്രദാനം ചെയ്യുമെന്ന് ഞങ്ങള്‍  ഉറച്ചു വിശ്വസിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

Content Highlights: twitter launches local language services for assembly elections