ടിക് ടോക്കിനെ പോലെ വെര്‍ട്ടിക്കല്‍ വീഡിയോ ഫീഡ് പരീക്ഷിക്കാന്‍ മൈക്രോബ്ലോഗിങ് സൈറ്റായ ട്വിറ്ററും പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. എഡ്ജ് റ്റു എഡ്ജ് ട്വിറ്റര്‍ ഫീഡ്, ഇമോജി റിയാക്ഷന്‍സ് പോലുള്ള ഫീച്ചറുകളും ട്വിറ്റര്‍ പരീക്ഷിക്കുന്നുണ്ടെന്നാണ് മാഷബിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

എക്‌സ്‌പ്ലോര്‍ സെക്ഷന് വേണ്ടി ടിക് ടോക്കില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ടുള്ള വെര്‍ട്ടിക്കല്‍ വീഡിയോ ഫീഡ് പരീക്ഷിക്കുന്നുണ്ടെന്ന് സപ്പോര്‍ട്ട് ട്വിറ്റര്‍ പ്ലാറ്റ്‌ഫോമിലൂടെയാണ് ട്വിറ്റര്‍ വെളിപ്പെടുത്തിയത്. 

ആന്‍ഡ്രോയിഡിലും ഐഓഎസിലും ഈ ഫീച്ചര്‍ ലഭിക്കും. ഇതുവഴി ട്വിറ്റര്‍ ഫീഡില്‍ അടിമുടി മാറ്റമാണുണ്ടാവുക. ട്രെന്‍ഡിങ്, ഫോര്‍ യു എന്നീ സെക്ഷനുകള്‍ ഫീഡില്‍ ചേര്‍ക്കപ്പെടും. 

'നിങ്ങള്‍ക്ക് വിശ്രമിക്കാനും, പുതിയ താല്‍പ്പര്യങ്ങള്‍ കണ്ടെത്താനും എന്താണ് സംഭവിക്കുന്നതെന്ന് കാണാനും എളുപ്പമാക്കുന്നതിന് നവീകരിച്ചതും കൂടുതല്‍ വ്യക്തിപരമാക്കിയതുമായ ഒരു എക്‌സ്‌പ്ലോര്‍ പേജ് തങ്ങള്‍ പരീക്ഷിക്കുകയാണെന്ന് ട്വിറ്റര്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞു.

എങ്കിലും ഈ ഫീച്ചര്‍ എന്ന് അവതരിപ്പിക്കും എന്നത് സംബന്ധിച്ച് ഔദ്യോഗികമായ സ്ഥിരീകരണം വന്നിട്ടില്ല. 

ഇതിനകം നിരവധി ആപ്പുകള്‍ ടിക് ടോക്കിനെ മാതൃകയാക്കിക്കൊണ്ടുള്ള ഫീച്ചറുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക്, യൂട്യൂബ്, സ്‌പോട്ടിഫൈ, സ്‌നാപ്ചാറ്റ്, നെറ്റ്ഫ്‌ളിക്‌സ് പോലുള്ളവ അതിന് ഉദാഹരണമാണ്. 

നേരത്തെ ക്ലബ് ഹൗസ് ആപ്പിനെ മാതൃകയാക്കി സ്‌പേസസ് എന്ന പേരില്‍ ഒരു ലൈവ് വോയ്‌സ് ചാറ്റ് ഫീച്ചര്‍ ട്വിറ്റര്‍ അവതരിപ്പിച്ചിരുന്നു.

Content Highlights: Twitter is planning to bring vertical video feed