മൈക്രോ ബ്ലോഗിങ് പ്ലാറ്റ്‌ഫോമായ ട്വിറ്ററില്‍ പുതിയ സെര്‍ച്ച് ബട്ടന്‍ അവതരിപ്പിച്ചു. ഒരാളുടെ പ്രൊഫൈലില്‍ പങ്കുവെക്കപ്പെട്ട ഒരു ട്വീറ്റ് തിരഞ്ഞ് കണ്ടുപിടിക്കാന്‍ സഹായിക്കുന്നതാണ് ഈ ബട്ടന്‍.  സോഷ്യല്‍ മീഡിയാ കണ്‍സള്‍ട്ടന്റും ഇന്‍ഡസ്ട്രി കമന്റേറ്ററുമായ മാറ്റ് നവാര എന്നയാളാണ് ഈ ഫീച്ചറിനെ കുറിച്ച് ആദ്യം പോസ്റ്റ് ചെയ്തത്. ഐഓഎസ് ഉപഭോക്താക്കള്‍ക്കായി ഇത് ലഭ്യമാക്കുന്നുണ്ടെന്നാണ് വിവരം. 

ട്വീറ്റുകള്‍ തിരഞ്ഞ് കണ്ടുപിടിക്കാനുള്ള സെര്‍ച്ച് ബട്ടന്‍ ട്വിറ്ററില്‍ നേരത്തെ തന്നെ ഉണ്ടെങ്കിലും ഉപയോക്താക്കളുടെ പ്രൊഫൈലിനുള്ളില്‍ സെര്‍ച്ച് ബട്ടന്‍ നല്‍കുന്നത് അവര്‍ പങ്കുവെച്ച ട്വീറ്റുകള്‍ തിരഞ്ഞുകണ്ടുപിടിക്കുന്നത് എളുപ്പമാക്കും. 

ഒരാളുടെ പഴയ ട്വീറ്റുകള്‍ തിരഞ്ഞുകണ്ടുപിടിക്കാന്‍ ശ്രമിക്കുമ്പോഴാണ് ഈ സംവിധാനം ഏറെ പ്രയോജനപ്പെടുക. ട്വിറ്റര്‍ പ്രൊഫൈലിന്റെ വലത് ഭാഗത്ത് മുകളിലായാണ് സെര്‍ച്ച് ബട്ടന്‍ നല്‍കിയിരിക്കുന്നത്. നിലവില്‍ ഐഒഎസ് ആപ്പില്‍ മാത്രമേ ഇത് ലഭിക്കുകയുള്ളൂ. 

അടുത്തിടെ സൂപ്പര്‍ ഫോളോ എന്നൊരു ഫീച്ചര്‍ ആഗോള തലത്തില്‍ ട്വിറ്റര്‍ അവതരിപ്പിച്ചിരുന്നു. ട്വിറ്റര്‍ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ക്ക് അവര്‍ പങ്കുവെക്കുന്ന സവിശേഷ ഉള്ളടക്കങ്ങള്‍ ഫോളോവര്‍മാര്‍ക്ക് ലഭ്യമാക്കാനും നിശ്ചിത തുക ഈടാക്കാനും സാധിക്കുന്ന സംവിധാനമാണിത്. ശബ്ദത്തിലൂടെ മാത്രം ആശയവിനിമയം നടത്താന്‍ സാധിക്കുന്ന സ്‌പേസ് എന്നൊരു ഫീച്ചറും ട്വിറ്ററില്‍ അടുത്തിടെ ചേര്‍ത്തിരുന്നു.

Content Highlights: twitter has added a new search button on user profiles, new features button