പ്രമുഖരുടെതടക്കം നൂറിലധികം ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടു. ട്വിറ്ററിന്റെ കംപ്യൂട്ടര്‍ സംവിധാനങ്ങളിലേക്ക് ഹാക്കര്‍മാര്‍ നുഴഞ്ഞു കയറിയത് ജീവനക്കാരെ ഫോണിലൂടെ ബന്ധപ്പെട്ടാണെന്ന് ട്വിറ്റര്‍ പറഞ്ഞു. 

ട്വിറ്റര്‍ ജീവനക്കാരെ ലക്ഷ്യമിട്ട് ഫോണ്‍ സ്‌പെയര്‍ ഫിഷിങ് ആക്രമണമാണ് നടന്നത്. ഫോണിലൂടെ ബന്ധപ്പെട്ട് മനുഷ്യരുടെ ദൗര്‍ബല്യങ്ങള്‍ ചൂഷണം ചെയ്ത് രഹസ്യ വിവരങ്ങള്‍ കൈക്കലാക്കുന്ന രീതിയാണിത്. വിശ്വസ്തരുടെ ഫോണ്‍ വിളിയെന്ന് വിശ്വസിപ്പിച്ച് അപകടകരമായ ലിങ്കുകള്‍ ക്ലിക്ക് ചെയ്യിപ്പിക്കുന്നത് അതിനൊരു ഉദാഹരണമാണ്. ഇങ്ങനെ ഫോണ്‍വിളിയിലൂടെ ഹാക്കര്‍മാര്‍ ട്വിറ്റര്‍ ജീവനക്കാരെ തെറ്റിദ്ധരിപ്പിച്ച് ട്വിറ്ററിന്റെ യൂസര്‍ സപ്പോര്‍ട്ട് ടൂളുകളുടെ നിയന്ത്രണം കൈക്കലാക്കുകയായിരുന്നു.

130 ഓളം അക്കൗണ്ടുകളാണ് ഹാക്ക് ചെയ്യപ്പെട്ടത് ബരാക്ക് ഒബാമ, ഇലോണ്‍ മസ്‌ക്, ബില്‍ ഗേറ്റ്‌സ് പോലുള്ള പ്രമുഖരുടെ അക്കൗണ്ടുകള്‍ ഇക്കൂട്ടത്തില്‍ പെടും. ഇതില്‍ ഏഴോളം പേരുടെ ട്വിറ്റര്‍ വിവരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഹാക്കര്‍മാര്‍ക്ക് സാധിച്ചിട്ടുണ്ട്. 

സംഭവത്തിന് പിന്നാലെ വിവിധ ഫിഷിങ് ആക്രമണ രീതികളെ കുറിച്ച് ജീവനക്കാര്‍ക്ക് ട്വിറ്റര്‍ പ്രത്യേക പരിശീലനം നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്റേണല്‍ ടൂളുകളിലേക്കുള്ള ജീവനക്കാരുടെ പ്രവേശനം നിയന്ത്രിച്ചിട്ടുണ്ട്. ട്വിറ്ററിന് കൂടുതല്‍ സുരക്ഷയൊരുക്കാനുള്ള ശ്രമത്തിലാണ് കമ്പനി. 

Content Highlights: twitter hack phone spear phishing attack