ട്വിറ്ററിന്റെ പുതിയ ഫ്ളീറ്റ്സ് ഫീച്ചർ ആഗോളതലത്തിൽ ലഭ്യമാക്കുന്നത് വെള്ളിയാഴ്ചയോടെ പൂർത്തിയായേക്കും. ചൊവ്വാഴ്ചയാണ് ട്വിറ്റർ ഫ്ളീറ്റ്സ് ഫീച്ചർ ആഗോളതലത്തിൽ ലഭ്യമാക്കാൻ തുടങ്ങിയത്. ഇൻസ്റ്റാഗ്രാമിലേയും, ഫെയ്സ്ബുക്കിലേയും സ്റ്റോറീസ് ഫീച്ചറിന് സമാനമായ 24 മണിക്കൂർ നേരം മാത്രം നിലനിൽക്കുന്ന പോസ്റ്റുകളാണ് ഫ്ളീറ്റ്സ്.

ആഗോള തലത്തിൽ ലഭ്യമാക്കിത്തുടങ്ങിയ 24 മണിക്കൂറിനിടയിൽ ചില സാങ്കേതിക പ്രശ്നങ്ങൾ ശ്രദ്ധയിൽ പെട്ടതോടെയാണ് ഇത് വൈകിയത്. വെള്ളിയാഴ്ചയോടെ ഈ സൗകര്യം പൂർണതോതിൽ ലഭ്യമാക്കാൻ കഴിയുമെന്നാണ് കരുതുന്നത് എന്ന് ട്വിറ്റർ പ്രൊഡക്റ്റ് ചീഫ് ഒരു ലൈവ് വീഡിയോയിൽ പറഞ്ഞു.

അനാവശ്യ സന്ദേശങ്ങൾ ലഭിക്കുന്നതിനിടയാക്കുന്നു, ബ്ലോക്ക് ചെയ്തവർക്ക് പോലും ടാഗ് ചെയ്യാൻ സാധിക്കുന്നു എന്നിവ ഉൾപ്പെടയുള്ള പ്രശ്നങ്ങൾ ആണ് ഉപയോക്താക്കളിൽ നിന്ന് ലഭിച്ചത്.

ഇന്ത്യയുൾപ്പടെ തിരഞ്ഞെടുത്ത രാജ്യങ്ങളിൽ പരീക്ഷിച്ച ശേഷമാണ് ഫ്ളീറ്റ്സ് ആഗോള തലത്തിൽ ലഭ്യമാക്കാൻ തുടങ്ങിയത്. മാർച്ചിലാണ് ട്വിറ്റർ ഫ്ളീറ്റ്സ് അവതരിപ്പിച്ചത്.

സ്നാപ്പ് ചാറ്റ് ആണ് 24 മണിക്കൂർ നേരം മാത്രം ദൈർഘ്യമുള്ള സ്റ്റോറീസ് ഫീച്ചർ ആദ്യമായി അവതരിപ്പിച്ചത്. പിന്നീട് അത് ഫെയ്സ്ബുക്ക് ഇൻസ്റ്റാഗ്രാമിലേക്ക് കടമെടുക്കുകയും പിന്നീട് അത് വാട്സാപ്പിലും ഫെയ്സ്ബുക്കിലും ലഭ്യമാവുകയും ചെയ്തു.

ദൈർഘ്യം കുറഞ്ഞ പോസ്റ്റുകളിലൂടെ ശ്രദ്ധേയമായ ട്വിറ്ററിൽ താൽകാലികമായ പോസ്റ്റുകളും വിജയകരമാക്കാനാവുമെന്ന പ്രതീക്ഷയിലാണ് കമ്പനി.