ഫെയ്‌സ്ബുക്കിന്റെ പുതിയ ബ്രാന്റ് ലോഗോയെ കളിയാക്കി ട്വിറ്റര്‍ മേധാവി ജാക്ക് ഡോഴ്‌സിയുടെ ട്വീറ്റ്. വലിയ ഇംഗ്ലീഷ് അക്ഷരങ്ങളിലുള്ള പുതിയ ലോഗോയെ ആണ് ഡോഴ്‌സി കളിയാക്കിയത്. 'Twitter from TWITTER, എന്നാണ് അദ്ദേഹത്തിന്റെ ട്വീറ്റ്.
ഫെയ്‌സ്ബുക്ക് എന്ന സോഷ്യല്‍ മീഡിയാ വെബ്‌സൈറ്റും, ഇന്‍സ്റ്റാഗ്രാമും, വാട്‌സാപ്പും ഉള്‍പ്പടെ നിരവധി സേവനങ്ങളുടെ ഉടമസ്ഥാവകാശം മാര്‍ക്ക് സക്കര്‍ബര്‍ഗ് മേധാവിയായ ഫെയ്‌സ്ബുക്ക് ഐഎന്‍സി എന്ന കമ്പനിയ്ക്കാണ്.
കമ്പനിയുടെ ലോഗോയും ഫെയ്‌സ്ബുക്ക് സോഷ്യല്‍ മീഡിയാ സേവനത്തിന്റെ ലോഗോയും വേര്‍തിരിക്കാനാണ് കമ്പനി പുതിയ ബ്രാന്റ് ലോഗോ അവതരിപ്പിച്ചത്. എന്നാല്‍ ചെറിയ അക്ഷരങ്ങളില്‍ നിന്നും വലിയ അക്ഷരങ്ങളിലേക്കുള്ള മാറ്റമെന്നല്ലാതെ പേര് ഒന്നു തന്നെയാണ്. 'ഫെയ്‌സ്ബുക്കില്‍ നിന്നുള്ള ഫെയ്‌സ്ബുക്ക്' എന്ന് പറയുന്നതിലുള്ള ആശയക്കുഴപ്പത്തേയാണ് ആളുകള്‍ കളിയാക്കുന്നത്.
അക്ഷരങ്ങള്‍ ഏഴുതുന്ന രീതി മാറ്റിയാല്‍ എങ്ങനെ ശരിയായ വേര്‍തിരിക്കല്‍ സാധ്യമാവുമെന്ന് ആളുകള്‍ ചോദിക്കുന്നു. ജാക്ക് ഡോഴ്‌സി മാത്രമല്ല ട്വിറ്ററില്‍ നിരവധിയാളുകള്‍ പുതിയ ഫെയ്‌സ്ബുക്ക് ലോഗോയെ കളിയാക്കുന്നുണ്ട്.
ഫെയ്‌സ്ബുക്കിന്റെ എല്ലാ സേവനങ്ങള്‍ക്കുമൊപ്പം ഫെയ്‌സ്ബുക്ക് ഐഎന്‍സിയുടെ പേരും ഉണ്ടാവും. വാട്‌സാപ്പില്‍ ഇതിനോടകം ഈ മാറ്റം വന്നുകഴിഞ്ഞു. വാട്‌സാപ്പ് ഫ്രം ഫെയ്‌സ്ബുക്ക് എന്ന് അതിന്റെ ലോഗിന്‍ പേജില്‍ കാണാം.
പുതിയ ലോഗോയ്ക്ക് ഓരോ സേവനങ്ങള്‍ക്കും അനുസൃതമായി നിറം മാറ്റം ഉണ്ടാവും. വാട്‌സാപ്പില്‍ പച്ച നിറത്തിലും, ഇന്‍സ്റ്റാഗ്രാമില്‍ ഗ്രേഡിയന്റ് നിറങ്ങളിലും ഫെയ്‌സ്ബുക്കിന്റെ പുതിയ ലോഗോയുണ്ടാവും.
ഫെയ്‌സ്ബുക്കിന്റെ മുഖ്യ എതിരാളിയാണ് ട്വിറ്റര്‍. ഇരു സേവനങ്ങളുടേയും മേധാവികള്‍ തമ്മില്‍ മുമ്പും ഓണ്‍ലൈനില്‍ വാക് പോരുണ്ടായിട്ടുണ്ട്.
Content Highlights: Twitter CEO mocks at facebook new all caps logo