നേതൃത്വ തലത്തില്‍ പുനഃസംഘടനയ്ക്ക് ഒരുങ്ങി ട്വിറ്റര്‍. പുതിയ സി.ഇ.ഒ ആയി പരാഗ് അഗ്രവാൾ ചുമതലയേറ്റതോടെയാണ് ട്വിറ്റര്‍ മാറ്റത്തിനൊരുങ്ങുന്നത്. ഇതോടെ നേതൃത്വ നിരയിലും സമൂലമായ മാറ്റങ്ങളുണ്ടാകും. കഴിഞ്ഞയാഴ്ചയാണ് മുന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായ ജാക്ക് ഡോഴ്‌സി സ്ഥാനമൊഴിഞ്ഞ് പരാഗ് സ്ഥാനം ഏറ്റെടുത്തത്. നേതൃത്വ നിരയിലുള്ള എന്‍ജിയിനറിങ് ലീഡായ മൈക്കല്‍ മൊന്റനോ, ഡിസൈന്‍ റിസര്‍ച്ച് ലീഡായ ഡാന്റലി ഡേവിസ് എന്നിവര്‍ ഈ വര്‍ഷം അവസാനത്തോടെ സ്ഥാനമൊഴിയുമെങ്കിലും അടുത്ത വര്‍ഷം വരെ കമ്പനിയുടെ ഉപദേശകരായി തുടരും. 

മൊന്റാനോ 2011 മുതല്‍ കമ്പനിയില്‍ സേവനം അനുഷ്ഠിക്കുന്നുണ്ടെങ്കിലും ഡേവിസ് 2019 ലാണ് ചുമതലയേറ്റത്. ട്വിറ്ററിന്റെ സംഘടന മാതൃകയിലും കാര്യമായ മാറ്റങ്ങളുണ്ടാകും. ലീഡര്‍ ഷിപ്പ് ടീം എന്ന തത്വാധിഷ്ഠിതമായി പ്രവര്‍ത്തിച്ചിരുന്ന ട്വിറ്റര്‍ ഇനി മുതല്‍ ജനറല്‍ മാനേജര്‍ എന്ന് തത്വത്തിലൂന്നിയാകും പ്രവര്‍ത്തിക്കുക.

മൊന്റാനോയ്ക്കും ഡേവിസിനുമൊപ്പം ഓപ്പറേഷന്‍സ് വൈസ് പ്രസിഡന്റായ ലിന്‍ഡ്‌സിയും ടീമിനൊപ്പം ചേരും. കമ്പനിയുടെ ലക്ഷ്യങ്ങള്‍ നിറവേറ്റാനായി പ്രവര്‍ത്തന മികവ് മെച്ചപ്പെടുത്തുകയാണ് പരാഗിന്റെ ലക്ഷ്യമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അഭിപ്രായപ്പെട്ടു.  ഒരു സംഘത്തെ നിയന്ത്രിക്കാന്‍ കുറേയാളുകള്‍ എന്നതില്‍ നിന്ന് ഒരു സംഘത്തെ നിയന്ത്രിക്കാന്‍ ഒരാളെന്ന ജനറല്‍ മാനേജര്‍ മാതൃകയിലായിരിക്കും ഇനി ട്വിറ്റര്‍ പ്രവര്‍ത്തിക്കുക. 

ഡിസംബര്‍ മൂന്നിനാണ് കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായ പരാഗ് അഗ്രവാള്‍ നേതൃത്വ തലത്തില്‍ പുനഃസംഘടനയുണ്ടാവുമെന്ന് അറിയിച്ചത്. ഉപഭോക്താവ്, വരുമാനം, സാങ്കേതികവിദ്യ എന്നീ മൂന്ന് മേഖലകളില്‍ ജനറല്‍ മാനേജര്‍മാരായി കാവിയോണ്‍ ബെയ്ക്ക്പുര്‍, ബ്രൂസ് ഫാല്‍ക്, നിക്ക് കാള്‍ഡ് വെല്‍ എന്നിവര്‍ ചുമതലേയല്‍ക്കുമെന്നും അദ്ദേഹം അറിയിച്ചു. പുനഃസംഘടനയില്‍ പരാഗിനെ സഹായിക്കുവാന്‍ വേണ്ടിയാണ് ഓപ്പറേഷന്‍സ് വൈസ് പ്രസിഡന്റായ ലിന്‍ഡ്‌സി ചീഫ് ഓഫ് സ്റ്റാഫായി ടീമിനൊപ്പം ചേരുന്നത്. 

Content Highlights: Twitter C.E.O Parag Agarwal announce reorganistation of the top executives