ട്വിറ്ററിന് ഇന്ത്യയിൽനിന്ന് ഒരു എതിരാളി. ഇന്ത്യയുടെ സാമൂഹ്യമാധ്യമ രംഗം കയ്യടക്കിയിരിക്കുന്ന അമേരിക്കൻ സോഷ്യൽ മീഡിയ കമ്പനികളെ വെല്ലുവിളിച്ചുകൊണ്ടാണ് ടൂട്ടർ (Tooter) എത്തിയിരിക്കുന്നത്. ശംഖുനാദം എന്നർത്ഥം വരുന്ന ടൂട്ടർ എന്ന പേരാണ് ഇന്ത്യൻ പതിപ്പിന് നൽകിയിരിക്കുന്നത്.
ഇന്ത്യയ്ക്ക് ഒരു സ്വദേശി സോഷ്യൽ നെറ്റ് വർക്ക് വേണമെന്നാണ് കരുതുന്നതെന്ന് ടൂട്ടർ വെബ്സൈറ്റിന്റെ എബൗട്ട് പേജ് പറയുന്നു. അല്ലാത്തപക്ഷം, ഇന്ത്യ അമേരിക്കൻ ട്വിറ്റർ ഇന്ത്യ കമ്പനിയുടെ വെറുമൊരു ഡിജിറ്റൽ കോളനി മാത്രമാണ്. നമ്മൾ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കീഴിൽ ആയിരുന്നതിൽ നിന്നും വ്യത്യസ്തമല്ല അത. എല്ലാവരും ടൂട്ടറിൽ അംഗമാവണമെന്നും കമ്പനി പറയുന്നു.
ജൂലായ് മുതൽ ടൂട്ടർ സജീവമാണ്. ട്വിറ്ററിൽ ട്വീറ്റുകൾ പങ്കുവെക്കുന്ന പോലെ ടൂട്ടറിൽ ടൂട്ടുകൾ (Toots) പങ്കുവെക്കാം.
സർക്കാരിൽ നിന്നും മികച്ച പിന്തുണ ടൂട്ടറിന് ലഭിക്കുന്നുണ്ട് എന്ന് വ്യക്തമാക്കുന്നതാണ് ടൂട്ടറിൽ തുടങ്ങിയ മുതിർന്ന നേതാക്കളുടെ അക്കൗണ്ടുകൾ. പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, സദ്ഗുരു എന്നിവരെല്ലാം ടൂട്ടറിൽ വെരിഫൈഡ് അക്കൗണ്ടുള്ളവരാണ്. ബിജെപിയ്ക്കും ടൂട്ടറിൽ ഔദ്യോഗിക അക്കൗണ്ട് ഉണ്ട്.
ട്വിറ്ററിന് സമാനമായ രീതിയിലാണ് ടൂട്ടറിന്റെ രൂപകൽപന. ട്വിറ്ററിന്റെ പക്ഷിയുടെ രൂപത്തിലുള്ള ചിഹ്നത്തിന് പകരം ശംഖ് ആണ് ടൂട്ടറിന്റെ ചിഹ്നം. ഒറ്റനോട്ടത്തിൽ ട്വിറ്ററിന് സമാനമായ രൂപകൽപനയാണ് ടൂട്ടറിനും.
മറ്റുള്ളവരെ ഫോളോ ചെയ്താൽ അവരിൽ നിന്നുള്ള ടൂട്ടുകൾ ടൈംലൈനിൽ കാണാൻ സാധിക്കും. വീഡിയോയും ചിത്രങ്ങളുമെല്ലാം പങ്കുവെക്കാം.
tooter.in എന്ന വെബ്സൈറ്റും മൊബൈൽ ആപ്ലിക്കേഷനും ടൂട്ടറിനുണ്ട്. നിലവിൽ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ മാത്രമാണ് ടൂട്ടറിനുള്ളത്. ഐഓഎസ് ആപ്ലിക്കേഷൻ ഇല്ല. ഇമെയിൽ ഐഡി, യൂസർ നെയിം, പാസ് വേഡ് എന്നിവ നൽകി അക്കൗണ്ട് തുടങ്ങാം. ഇമെയിൽ വരുന്ന വെരിഫിക്കേഷൻ മെയിൽ കൺഫം ചെയ്താൽ മാത്രമേ സൈറ്റിൽ ലോഗിൻ ചെയ്യാനാവൂ.
ടൂട്ടർ പ്രോ എന്ന പേരിൽ ഒരു സബ്സ്ക്രിപ്ഷൻ പ്ലാൻ ടൂട്ടർ വാഗ്ദാനം ചെയ്യുന്നുണ്ട്. അതിനായുള്ള ഒരു ലിങ്ക് വെബ്സൈറ്റിൽ നൽകിയിട്ടുണ്ടെങ്കിലും. അത് നേരെ പോകുന്നത് മറ്റൊരു ടൂട്ടർ പേജിലേക്കാണ്. നിലവിൽ അപ്ഡേറ്റ് റിക്വസ്റ്റുകൾ സ്വീകരിക്കുന്നില്ലെന്ന് അതിൽ പറയുന്നു. എന്താണ് ടൂട്ടർ പ്രോ വേർഷൻ വാഗ്ദാനം ചെയ്യുന്നത് എന്ന് ഇപ്പോൾ വ്യക്തമല്ല. ഒരു പക്ഷെ, ഈ അപ്ഗ്രേഡ് പ്ലാനിലൂടെ ആയിരിക്കണം ടൂട്ടർ വരുമാനം ലക്ഷ്യമിടുന്നത്.
കമ്പനിയുടെ സ്വകാര്യതാ നയങ്ങളിലും വ്യവസ്ഥകളിലും ചില വൈരുദ്ധ്യങ്ങളും അവ്യക്തതങ്ങളും ഉണ്ടെന്ന വിമർശനമുയരുന്നുണ്ട്. അതേസമയം, അമേരിക്കയിൽ ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള വലതുപക്ഷ നേതാക്കളുടെ പിന്തുണയിൽ ആരംഭിച്ച പാർലെർ എന്ന സോഷ്യൽനെറ്റ് വർക്കിന് സമാനമാണ് ടൂട്ടർ എന്ന് വിലയിരുത്തപ്പെടുന്നുണ്ട്. ടൂട്ടറിലും അക്കൗണ്ട് തുടങ്ങിയ പ്രമുഖരിൽ ഭൂരിഭാഗവും ഇന്ത്യയിലെ വലതുപക്ഷ നേതാക്കളാണ്.
Content Highlights: tooter a twitter alternative all you need to know