പുതിയ സുഹൃത്തുക്കളെ കണ്ടെത്തുന്നതിനും അവരുമായി സൗഹൃദം സ്ഥാപിക്കുന്നതിനുമായി അവസരം ഒരുക്കുന്ന ടിന്റര്‍ ഡേറ്റിങ് ആപ്പിന് ആഗോള തലത്തില്‍ ജനപ്രീതി ഏറുന്നതായി റിപ്പോര്‍ട്ട്. ആന്‍ഡ്രോയിഡില്‍ അതിവേഗം വളരുന്ന ആപ്ലിക്കേഷനുകളിലൊന്നാണ് ഇപ്പോള്‍ ടിന്റര്‍. 

ഈ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാംപാദത്തില്‍ 299,000 പെയ്ഡ് ഉപയോക്താക്കളെയാണ് ടിന്റര്‍ ഗോള്‍ഡിന് ലഭിച്ചത്. ടിന്റര്‍ ഗോള്‍ഡ് ആരംഭിക്കുമ്പോള്‍ മൂന്ന് ലക്ഷത്തിലധികം പെയ്ഡ് ഉപയോക്താക്കള്‍ ടിന്ററിന് ഉണ്ട്. കഴിഞ്ഞ വര്‍ഷം ടിന്ററിന്റെ ഉപയോക്താക്കളുടെ എണ്ണം 17 ലക്ഷത്തിലെത്തിയിരുന്നു.

ഇപ്പോഴിതാ പെയ്ഡ് ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് ടിന്റര്‍. പ്രത്യേകമായി തയ്യാറാക്കിയ മാച്ച് ലിസ്റ്റ് നിര്‍ദ്ദേശിക്കുന്ന ടിന്റര്‍ ടോപ്പ് പിക്‌സ് (Top Picks) ഫീച്ചറാണിത്. ടിന്ററിന്റെ ആന്‍ഡ്രോയിഡ്, ഐഓഎസ് ഉപയോക്താക്കള്‍ക്കാണ് ഈ ഫീച്ചര്‍ ലഭിക്കുക. പെയ്ഡ് ഉപയോക്താക്കള്‍ക്ക് മാത്രമാണ് ടോപ്പ് പിക്‌സ് ഫീച്ചര്‍ ലഭിക്കുക. 

ഉപയോക്താവിന്റെ ജോലി, വിദ്യാഭ്യാസം, പോലുള്ള വിവരങ്ങളെ കൂടി അടിസ്ഥാനമാക്കിയാണ് ടോപ്പ് പിക്‌സ് പട്ടികയില്‍ മാച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കുക. ടിന്റര്‍ ഉപയോക്താവിന്റെ പഴയ മാച്ച് സൈ്വപ്പിങ് (Swiping) രീതിയെ അടിസ്ഥാനപ്പെടുത്തിയും ടോപ്പ് പിക്‌സില്‍ ആളുകളെ നിര്‍ദ്ദേശിക്കും. 

ഇന്ത്യയുള്‍പ്പെടയുള്ള രാജ്യങ്ങളില്‍ ടിന്റര്‍ ഡേറ്റിങ് ആപ്പിന് പ്രീതി വര്‍ധിക്കുകയാണ്. സമാന ഇഷ്ടങ്ങളുള്ളതും തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് ഇണങ്ങുന്നതുമായ ആളുകളെ ചുറ്റുപാടുകളില്‍ നിന്നും കണ്ടെത്തുന്നതിനും അവരുമായി ആശയവനിമയം നടത്തുന്നതിനും സൗഹൃദം സ്ഥാപിക്കുന്നതിനും അവസരമൊരുക്കുകയും ചെയ്യുന്ന ആപ്ലിക്കേഷനാണ് ടിന്റര്‍.