ടിക് ടോക്കിന് പകരം പുതിയ ആപ്പുമായി മലയാളി യുവാക്കളുടെ സ്റ്റാര്‍ട്ടപ്പ്. കൊച്ചി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഡോള്‍ഫിന്‍ എഐ ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് നിര്‍മിച്ച 'ഡാന്‍സിഫിലി' (Danzyphily)എന്ന് പേരുള്ള ഈ വീഡിയോ ഷെയറിങ് ആപ്ലിക്കേഷന്‍ ഓഗസ്റ്റ് 15 ന് പുറത്തിറക്കും. 

ഡാന്‍സ് എന്നും താല്‍പര്യമുള്ളത് എന്നര്‍ത്ഥം വരുന്നു ഫിലി എന്ന വാക്കും ചേര്‍ത്താണ് ഡാന്‍സിഫിലി എന്ന പേര് നല്‍കിയത്. അതായത് നൃത്തത്തോട് താല്‍പര്യമുള്ളത് എന്നര്‍ത്ഥം. 

ഓഗസ്റ്റ് 15 ന് ആപ്പ് ഔദ്യോഗികമായി അവതരിപ്പിക്കുന്നതിന് മുമ്പ് ആപ്പിന്റെ ബീറ്റാ പതിപ്പ് രംഗത്തിറക്കും. പുതിയ ഫീച്ചറുകളും പുതിയ ഫില്‍റ്ററുകളും പുതിയ യൂസര്‍ ഇന്റര്‍ഫെയ്‌സും ആയിരിക്കും ആപ്പിനെന്ന്  അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. 

സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും പ്രാധാന്യം നല്‍കിക്കൊണ്ടാണ് ആപ്പ് തയ്യാറാക്കിയതെന്നും. ആപ്പിന്റെ സെര്‍വര്‍ ഇന്ത്യയില്‍ തന്നെയാണുള്ളതെന്നും ഡോള്‍ഫിന്‍ എഐ ടെക്‌നോളജീസ് പറഞ്ഞു. വിപിഎന്‍ ഉപയോഗിച്ച് ആപ്പ് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കില്ല. 

നൂറ് ശതമാനം ഇന്ത്യന്‍ നിര്‍മിതമായ ഡാന്‍സിഫിലിയില്‍ വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാവില്ലെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. മോശം കമന്റുകളും മോശം വീഡിയോകളും നിരോധിക്കും. നിര്‍മിത ബുദ്ധി (എഐ) സാങ്കതിക വിദ്യ ഉപയോഗിച്ച് വീഡിയോ ഉള്ളടക്കങ്ങള്‍ പരിശോധിക്കും. 

Content Highlights: Tiktok alternative malayali startup to launch Danzyphily app