തിരുവനന്തപുരം:ടിക് ടോക്ക് നിരോധിക്കപ്പെട്ടതോടെ പകരക്കാരായി ഇതിനോടകം നിരവധി ആപ്ലിക്കേഷനുകള്‍ രംഗത്തുവന്നിട്ടുണ്ട്. ടിക് ടോക്ക് ഉപയോക്താക്കളേയും ആരാധകരേയും തങ്ങളുടെ ആപ്ലിക്കേഷനിലേക്ക് ആകര്‍ഷിക്കാന്‍ പല അടവുകളാണ് ആപ്പ് ഡെവലപ്പര്‍മാര്‍ പയറ്റുന്നത്. 

ടിക് ടോക്കില്‍ ഏറെ ആരാധകരുണ്ടായിരുന്ന വീഡിയോ കണ്ടന്റ് ക്രിയേറ്റര്‍മാരെ ആകര്‍ഷിക്കാന്‍ സാമ്പത്തിക വാഗ്ദാനവും പ്രത്യേക പരിശീലനവും അവര്‍ക്ക് നല്‍കാന്‍ തയ്യാറാവുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ടിക് ടോക്ക് പ്രചാരത്തിലുണ്ടായിരുന്ന കാലത്ത് തന്നെ റോപോസോ പോലുള്ള ആപ്ലിക്കേഷനുകള്‍ ടിക് ടോക്ക് ക്രിയേറ്റര്‍മാരെ സ്വന്തം പ്ലാറ്റ്‌ഫോമിലേക്ക് ക്ഷണിച്ചിരുന്നു. പലര്‍ക്കും ടിക് ടോക്കിന് പുറമെ ഇത്തരം ആപ്പുകളില്‍ അക്കൗണ്ടുകളും ഫോളോവര്‍ മാരും ഉണ്ടായിരുന്നു. 

ഇപ്പോള്‍ രംഗപ്രവേശം ചെയ്തിരിക്കുന്ന ഡെയ്‌ലി ഹണ്ടിന്റെ ജോഷ്, ഷെയര്‍ ചാറ്റിന്റെ മൊച് പോലുള്ള ആപ്പുകള്‍ ദക്ഷിണേന്ത്യന്‍ ഭാഷകളിലെ കണ്ടന്റ് ക്രിയേറ്റര്‍മാരെ മുന്‍നിര്‍ത്തിയാണ് പ്രചാരണ പരിപാടികള്‍ നടത്തിവരുന്നത്. 

ഇന്‍സ്റ്റഗ്രാമിന്റെ റീല്‍സും ഇക്കാര്യത്തില്‍ വ്യത്യസ്തമല്ല. ടിക് ടോക്കില്‍ ശ്രദ്ധേയരായ ക്രിയേറ്റര്‍മാര്‍ക്ക് റീല്‍സ് ഉപയോഗവുമായി ബന്ധപ്പെട്ട പരിശീലന പരിപാടികള്‍ നടക്കുന്നുണ്ടെന്നാണ് മാതൃഭൂമിയ്ക്ക് അറിയാന്‍ കഴിഞ്ഞത്. 

അമേരിക്കയില്‍ അടുത്തമാസം റീല്‍സ് അവതരിപ്പിക്കാനിരിക്കെ ചില ജനപ്രിയ ടിക് ടോക്ക് ക്രിയേറ്റര്‍മാര്‍ക്ക് അവരുടെ ഫോളോവര്‍മാരെ റീല്‍സിലേക്ക് ആകര്‍ഷിക്കുന്നതിന് വന്‍തുക വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ഐഎഎന്‍എസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയില്‍ ഈ രീതിയില്‍ സാമ്പത്തിക വാഗ്ദാനം ചെയ്തിട്ടുണ്ടോ എന്ന് വ്യക്തമല്ല. 

ടിക് ടോക്കിലെ പ്രശസ്തരായ പലരും ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്‌ളുവന്‍സര്‍ രംഗത്തേക്ക് കടന്നുവന്നിട്ടുണ്ട്. റീല്‍സ് ഉള്‍പ്പടെയുള്ള പുതിയ ആപ്പുകളില്‍ പലരും സ്വന്തം സൃഷ്ടികള്‍ പരീക്ഷിച്ചിട്ടുണ്ടെങ്കിലും ടിക് ടോക്കിനോളം എത്താന്‍ പ്രാരംഭഘട്ടത്തിലുള്ള പകരക്കാര്‍ക്ക് ഇനിയും സാധിച്ചിട്ടില്ലെന്നുമാണ് ക്രിയേറ്റര്‍മാര്‍ക്കിടയിലെ അഭിപ്രായം.

Content Highlights: tiktok alternative indian apps offers money and other benefits to tiktok stars report