ടിക് ടോക്കില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു പ്രവണത വര്‍ണവെറി പ്രോത്സാഹിപ്പിക്കുന്നുവെന്ന വിമര്‍ശനമുയരുന്നു. വീഡിയോകള്‍ എഡിറ്റ് ചെയ്ത് സ്വന്തം തൊലിയുടെ നിറം ഇരുണ്ടതാക്കി ദുഃഖിച്ചിരിക്കുകയും തെളിച്ചമുള്ള സ്വന്തം നിറം പ്രദര്‍ശിപ്പിച്ച് ചിരിക്കുകയും ചെയ്യുന്ന വീഡിയോകളാണ് ടിക് ടോക്കില്‍ പ്രചരിക്കുന്നത്. 
 
ഇരുണ്ട നിറമുള്ളവരെ മുന്‍വിധിയോടെ കാണുകയാണ് ഈ വീഡിയോകളില്‍. കറുത്ത നിറം ദുഃഖത്തിന്റെ പ്രതീകമാണെന്നും വെളുപ്പ് സന്തോഷമാണെന്നും പറഞ്ഞുവെക്കുന്ന ഈ വീഡിയോകള്‍ക്ക് വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട് എന്നുള്ളതാണ് ദുഃഖകരമായ മറ്റൊരു വസ്തുത. ഇന്ത്യക്കാര്‍ക്കിടയിലാണ് ഈ ട്രെന്‍ഡ് വ്യാപിക്കുന്നത് എന്നതും ശ്രദ്ധേയം. 
 
ഈ വീഡിയോകള്‍ വിവാദമായതോടെ അവ നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. 
 
നടന്‍ ധനുഷ് പാടി വൈറലായ കൊലവെറി എന്ന പാട്ടിലെ ' വൈറ്റ് സ്‌കിന് ഗേള്‍, ഗേള് ഹാര്‍ട്ട് ബ്ലാക്ക്' എന്ന പാട്ട് പശ്ചാത്തലത്തിലിട്ടാണ് ഇത്തരത്തിലുള്ള ഭൂരിഭാഗം വീഡിയോകളും പ്രചരിക്കുന്നത്. 21000 തവണ ഈ പാട്ട് ടിക് ടോക്കില്‍ ഉപയോഗിച്ചിട്ടുണ്ട്. ആയിരക്കണക്കിന് ആളുകള്‍ ഈ വീഡിയോകള്‍ കണ്ടിട്ടുമുണ്ട്. 
 
എന്നാല്‍ ഇതൊരു മോശം പ്രവണതയാണ് എന്ന് തിരിച്ചറിയുന്നവര്‍ ധാരാളം പേരുണ്ട്. ഇത് അനുവദിച്ചൂകൂടെന്നും എല്ലാ നിറങ്ങളും സുന്ദരമാണെന്നും നിങ്ങള്‍ എവിടെ ജീവിക്കുന്നുവെന്നോ എവിടെ നിന്ന് വന്നവരാണെന്നോ കാര്യമാക്കേണ്ടതില്ലെന്നും അത്തരത്തിലൊരു വീഡിയോടയ്ക്ക് ഒരാള്‍ കമന്റ് ചെയ്യുന്നു.
 
ഇങ്ങനെയുള്ള വീഡിയോകള്‍ക്ക് വന്ന പല ഡ്യുവറ്റുകളും ആ പ്രവര്‍ത്തിയെ വിമര്‍ശിച്ചുകൊണ്ടുള്ളതാണ്. 
 
Content Highlights: tik toks darkened skin tone promoting colourism