വാട്‌സ്ആപ്പില്‍ ഓണ്‍ലൈനില്‍ വരുന്ന സുഹൃത്തുക്കളെയും മറ്റ് കോണ്‍ടാക്റ്റുകളും നിരീക്ഷിക്കാന്‍ സഹായിക്കുന്ന ആപ്ലിക്കേഷനാണ് ചാറ്റ് വാച്ച്. വാട്‌സ്ആപ്പിന്റെ ഓണ്‍ലൈന്‍ സ്റ്റാറ്റസ് ഫീച്ചറാണ് ഈ ആപ്ലിക്കേഷന്‍ ദുരുപയോഗം ചെയ്യുന്നത്. എന്നാല്‍ നിങ്ങളുടെ സന്ദേശങ്ങളിലേക്ക് കടന്നുകയറാന്‍ ഈ ആപ്ലിക്കേഷനാവില്ല. പക്ഷെ നിങ്ങള്‍ എപ്പോള്‍ ഓണ്‍ലൈനില്‍ വരുന്നുവെന്ന വിവരം കണ്ടെത്താന്‍ ഇതുവഴി സാധിക്കും.

ചാറ്റ് വാച്ചിന്റെ ഐഓഎസ് പതിപ്പ് ഒരു പെയ്ഡ് ആപ്പ് ആണ്. എന്നാല്‍ ആന്‍ഡ്രോയിഡില്‍ ഇത് സൗജന്യമാണ്. ഇന്‍ ആപ്പ് പര്‍ച്ചേസുകളും ചാറ്റ് വാച്ച് ആപ്പിലുണ്ടാവും. എന്തായാലും ആപ്പിള്‍ ഐഓഎസ് ആപ്പ് സ്റ്റോറില്‍ നിന്നും ചാറ്റ് വാച്ചിനെ നീക്കം ചെയ്തുകഴിഞ്ഞു. 

മൂന്ന് മണിക്ക് നിങ്ങള്‍ ആരോട് ചാറ്റ് ചെയ്യുകയായിരുന്നു എന്ന് ചോദിച്ചാല്‍ അതിന് മറുപടി പറയാന്‍ ചാറ്റ് വാച്ച് ആപ്ലിക്കേഷനാവും. അതായത് ഒരാള്‍ക്ക് സുഹൃത്തുക്കളും, ബന്ധുക്കളും, ജീവനക്കാരും എപ്പോള് ഓണ്‍ലൈന്‍ ആവുന്നുവെന്നും ഓഫ്‌ലൈന്‍ ആവുന്നുവെന്നും നിരീക്ഷിക്കാന്‍ ഇതുവഴി സാധിക്കും. ലാസ്റ്റ് സീന്‍ രഹസ്യമാക്കി വെച്ചാലും അതിന് കഴിയും.

ഇത് മാത്രമല്ല മറ്റുള്ളവരുടെ വാട്‌സ്ആപ്പ് ഉപയോഗ രീതി താരതമ്യം ചെയ്ത് നിങ്ങളുടെ രണ്ട് സുഹൃത്തുക്കള്‍ തമ്മില്‍ ചാറ്റ് ചെയ്യാനുള്ള സാധ്യത കണ്ടെത്താനും ഈ ആപ്ലിക്കേഷനിലൂടെ സാധിക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനം ഇതിനായി പ്രയോജനപ്പെടുത്തിയിട്ടുണ്ടെന്നാണ് ചാറ്റ് വാച്ച് അധികൃതര്‍ പറയുന്നത്.

ഇത് ആദ്യമായല്ല വാട്‌സ്ആപ്പിന്റെ ഓണ്‍ലൈന്‍ സ്റ്റാറ്റസ് ഫീച്ചര്‍ ദുരുപയോഗം ചെയ്യപ്പെടുന്നത്. നേരത്തെ റോബര്‍ട്ട് തീറ്റന്‍ എന്ന സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ വാട്‌സ്ആപ്പിന്റെ ഓണ്‍ലൈന്‍ സ്റ്റാറ്റസ് ഫീച്ചര്‍ ദുരുപയോഗം ചെയ്യപ്പെടാനിടയുണ്ടെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.