ന്ത്യന്‍ ദേശീയ പതാക സമൂഹമാധ്യമങ്ങളില്‍ പ്രൊഫൈല്‍ ചിത്രമായി നല്‍കുന്നത് നിയമവിരുദ്ധമാണെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. പതാക പ്രൊഫൈല്‍ ചിത്രമാക്കരുത് എന്ന് നിര്‍ദേശിക്കുന്ന വാട്‌സാപ്പ് സന്ദേശങ്ങളും വ്യാപകമാണ്. ദേശീയ മഹിമയെ അപകീര്‍ത്തിപ്പെടുത്തുന്നത് തടയുന്നതിനുള്ള 1971-ലെ നിയമവും (Prevention of Insults to National Honour Act 1971) 2002 ലെ ഇന്ത്യന്‍ ഫ്‌ളാഗ് കോഡും ഉദ്ധരിച്ചാണ് വാട്‌സാപ്പ് സന്ദേശങ്ങള്‍ പ്രചരിക്കുന്നത്.

എന്നാല്‍ എന്താണ് യാഥാര്‍ഥ്യം? പതാക പ്രൊഫൈല്‍ ചിത്രമായി സോഷ്യല്‍ മീഡിയയില്‍ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണോ? 

അല്ല, ഇന്ത്യന്‍ പൗരന്മാര്‍ക്ക് ദേശീയ പതാക  എത്രനാള്‍ വേണമെങ്കിലും അവരുടെ പ്രൊഫൈല്‍ ചിത്രമാക്കാന്‍ സാധിക്കുമെന്ന് ഫാക്റ്റ് ചെക്കര്‍ വെബ്‌സൈറ്റ് ആയ ബൂം പറയുന്നു. എന്നാല്‍ ഇന്ത്യന്‍ പതാകയോടുള്ള ആദരവും, പവിത്രതയും നിലനിര്‍ത്തി മാത്രമേ അത് ചെയ്യാന്‍ പാടുള്ളൂ എന്ന് മാത്രം. ഇന്ത്യന്‍ പതാകയെ അപമാനിക്കും വിധമുള്ള പ്രദര്‍ശനങ്ങള്‍ നിയമം അനുവദിക്കുന്നില്ല. 

1950 ലെ ചിഹ്നങ്ങൾ പേരുകൾ (അനുചിതമായ ഉപയോഗം തടയല്‍) നിയമം, 1971 ലെ ദേശീയ അഭിമാന നിയമത്തെ (National Honour Act) അപകീര്‍ത്തിപ്പെടുത്തുന്നത് തടയല്‍ നിയമം, 2002 ലെ ഫ്‌ളാഗ് കോഡ് എന്നിവയാണ് ദേശീയ പതാക സംബന്ധിച്ച നിയന്ത്രണങ്ങള്‍ അനുശാസിക്കുന്ന നിയമങ്ങള്‍.

മൊബൈല്‍ ഇന്റര്‍നെറ്റിലെ പതാകയുടെ ഉപയോഗം സംബന്ധിച്ച് ഈ നിയമങ്ങളിലൊന്നും പ്രതിപാദിക്കുന്നില്ല എന്നുള്ളതാണ് വാസ്തവം. മൊബൈല്‍ ഇന്റര്‍നെറ്റ് ഇല്ലാതിരുന്ന കാലത്താണ് ഈ നിയമങ്ങളെല്ലാം നിര്‍മിക്കപ്പെട്ടിട്ടുള്ളത്.  അതുകൊണ്ടുതന്നെ പതാകയുടെ ഉപയോഗവും പ്രദര്‍ശനവും സംബന്ധിച്ച് ഈ നിയമങ്ങൾ മുന്നോട്ടുവെക്കുന്ന പൊതു നിര്‍ദേശങ്ങൾതന്നെയാണ് ഇന്റര്‍നെറ്റിലും ബാധകമാവുക.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • രാജ്യത്തെ അപമാനിക്കും വിധം പതാകയെ പ്രദര്‍ശിപ്പിക്കാന്‍ പാടില്ല 
  • പതാകയില്‍ ഒന്നും എഴുതാന്‍ പാടില്ല
  • അഴുക്കും കേടുപാടുകളും ഉള്ള പതാകകള്‍ പ്രദര്‍ശിപ്പിക്കാന്‍ പാടില്ല. 
  • കുങ്കുമ നിറം താഴെയായി പതാക പ്രദര്‍ശിപ്പിക്കാന്‍ പാടില്ല. 

Content Highlights: The National Flag As Your Profile Picture is it illegal?