നപ്രിയമായ സോഷ്യല്‍ മീഡിയാ ആപ്ലിക്കേഷനുകളിലൊന്നാണ ഇന്‍സ്റ്റാഗ്രാം. ഫോട്ടോ ഷെയറിങ് ആപ്ലിക്കേഷന്‍ എന്നതില്‍ നിന്ന് ഒരു സമ്പൂര്‍ണ സോഷ്യല്‍ മീഡിയാ പ്ലാറ്റ് ഫോം എന്ന നിലയിലേക്ക് ഇന്ന് ഇന്‍സ്റ്റാഗ്രാം വളര്‍ന്നിരിക്കുന്നു. 2010 ല്‍ കെവിന്‍ സിസ്‌ട്രോമും മൈക് ക്രീഗറും ചേര്‍ന്നാണ് ഇന്‍സ്റ്റാഗ്രാമിന് തുടക്കമിടുന്നത്. കൃത്യമായി പറഞ്ഞാല്‍ 2010 ഒക്ടോബര്‍ ആറിന്. അതായത് 2020 ഒക്ടോബറില്‍ ഇന്‍സ്റ്റാഗ്രാം പത്താം വര്‍ഷത്തിലേക്ക് കടക്കുന്നു. 2012 ല്‍ നൂറ് കോടി ഡോളറിന്റെ ഇടപാടിലൂടെയാണ് ഫെയ്‌സ്ബുക്ക് ഇന്‍സ്റ്റാഗ്രാമിനെ സ്വന്തമാക്കിയത്. ഇന്ന് പതിനായിരം കോടിക്ക് മുകളില്‍ മൂല്യമുണ്ട് ഇന്‍സ്റ്റാഗ്രാമിന്. 

തുടക്കത്തില്‍ സ്‌നാപ് ചാറ്റിന്റെ അനുകരണമെന്ന വിമര്‍ശനം നേരിട്ടെങ്കിലും സോഷ്യല്‍ മീഡിയാ രംഗത്ത് സ്വന്തം സ്ഥാനം നേടിയെടുക്കാനും ആഗോളവിപണിയില്‍ സ്‌നാപ്ചാറ്റിനെ മറികടക്കാനും ഇന്‍സ്റ്റാഗ്രാമിന് സാധിച്ചു. പത്ത് വര്‍ഷം കൊണ്ട് അതിവേഗമുള്ള മാറ്റങ്ങളാണ് ഇന്‍സ്റ്റാഗ്രാമിനുണ്ടായത്. പുതിയ ലോഗോയും പുത്തന്‍ ഫീച്ചറുകളും അതില്‍ പെടും. ഫെയ്‌സ്ബുക്കിനേയും ഇന്‍സ്റ്റാഗ്രാമിനേയും വാട്‌സാപ്പിനേയും പരസ്പരം ബന്ധിപ്പിച്ചുകൊണ്ടുള്ള മാറ്റങ്ങളും ഫെയ്‌സ്ബു്ക്ക് അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. 

ഉപയോക്താക്കള്‍ മുഖ്യമായും അഞ്ച് കാര്യങ്ങളാണ് ഇന്‍സ്റ്റാഗ്രാമില്‍ ചെയ്യുന്നുണ്ടാവുക

പേജിന്റെ ഭംഗി നിലനിര്‍ത്തുക, ആരാധകരെ കൂട്ടുക

പണ്ട് ലൈക്കുകളാണ് ഒരു ഇന്‍സ്റ്റാഗ്രാം ഉപയോക്താവിന്റെ ലക്ഷ്യമെങ്കില്‍ ഫോളോവര്‍മാരുടെ എണ്ണം വര്‍ധിപ്പിക്കാനും ഇന്‍സ്റ്റാഗ്രാമിലെ ഒരു സെലിബ്രിട്ടിയായി മാറാനും ഇന്‍ഫ്‌ളുവന്‍സറായി മാറാനുമെല്ലാം ഓരോരുത്തരും ആഗ്രഹിക്കുന്നു. അതിനായി കേവലം മൊബൈല്‍ ഫോണ്‍ ചിത്രങ്ങള്‍ പങ്കുവെക്കുക എന്നതിലുപരി പ്രൊഫഷണലായി പകര്‍ത്തിയ ചിത്രങ്ങളും വീഡിയോകളുമെല്ലാം പങ്കുവെച്ച് തന്റെ ഇന്‍സ്റ്റാഗ്രാം പേജ് ഗംഭീരമാക്കാന്‍ എല്ലാവരും ശ്രമിക്കുന്നു

ഐജിടിവിയില്‍ വീഡിയോ പങ്കുവെക്കുന്നു

ഒരു മിനിറ്റിലേറെ ദൈര്‍ഘ്യമുള്ള വീഡിയോകള്‍ പങ്കുവെക്കാന്‍ നേരത്തെ ഇന്‍സ്റ്റാഗ്രാമില്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഇന്‍സ്റ്റാഗ്രാമിനോട് ചേര്‍ത്ത് അവതരിപ്പിച്ച ഐജിടിവി എന്ന വീഡിയോ സ്ട്രീമിങ് സേവനം ദൈര്‍ഘ്യമുള്ള വീഡിയോകള്‍ ആരാധകര്‍ക്ക് മുന്നിലേക്ക് എത്തിക്കാന്‍ ഉപയോക്താക്കളെ സഹായിക്കുന്നു. വീഡിയോ നിര്‍മാണത്തില്‍ താല്‍പര്യമുള്ളവര്‍ ഐജിടിവി പ്രയോജനപ്പെടുത്തുന്നു. 

കൂടുതല്‍ സ്റ്റോറികൾ അപ് ലോഡ് ചെയ്യുന്നു

ഇന്‍സ്റ്റഗ്രാമില്‍ ഏറെ ഉപയോക്താക്കളുള്ള ഫീച്ചറാണിത്. 24 മണിക്കൂര്‍ നേരമാണ് സ്റ്റോറീസില്‍ പങ്കുവെക്കുന്ന ഉള്ളടക്കങ്ങളുടെ ആയുസ്. എന്നാല്‍ ചില സ്റ്റോറികള്‍ ഹൈലൈറ്റ്‌സ് എന്ന പേരില്‍ നിങ്ങളുടെ പേജില്‍ സ്ഥിരമായി നിലനിര്‍ത്താനും പറ്റും. ചിത്രങ്ങളും, വീഡിയോകളുമെല്ലാം ഇന്‍സ്റ്റാഗ്രാം നല്‍കുന്ന ഫില്‍റ്ററുകളും, സ്റ്റിക്കറുകളും മറ്റ് സംവിധാനങ്ങളും ഉപയോഗിച്ച് ഭംഗികൂട്ടാം. സ്‌റ്റോറീസിന്റെ ആകര്‍ഷണീയതയും നല്ലൊരു ഇന്‍സ്റ്റാഗ്രാം പേജിന്റെയും ഇന്‍ഫ്‌ളുവന്‍സറുടേയും ലക്ഷണമായി കണക്കാക്കപ്പെടുന്നുണ്ട്. വെബ്‌സൈറ്റ് ലിങ്കുകള്‍ക്ക് പ്രചാരം നല്‍കാനും സ്റ്റോറീസ് ഉപയോഗപ്പെടുത്താനാവും. 

ഇന്‍സ്റ്റാഗ്രാം റീല്‍സ് 

ഈ പത്താം വര്‍ഷം അവതരിപ്പിക്കപ്പെട്ട പുതിയ ഫീച്ചറാണ് റീല്‍സ്. ഷോര്‍ട്ട് വീഡിയോ ഷെയറിങ് പ്ലാറ്റ് ഫോമായ ടിക് ടോക്കിന് സമാനമായി ചെറു വീഡിയോകള്‍ പങ്കുവെക്കാന്‍ സാധിക്കുന്ന പ്ലാറ്റ്‌ഫോം ആണിത്. ചില ക്രിയേറ്റീവ് ടൂളുകള്‍ ഉപയോഗിച്ച് രസകരമായ വീഡിയോകള്‍ നിര്‍മിക്കാന്‍ റീല്‍സ് അവസരം നല്‍കുന്നു. ഇങ്ങനെ നിര്‍മിക്കപ്പെടുന്ന വീഡിയോകള്‍ എല്ലാവര്‍ക്കും ആസ്വദിക്കാനും സാധിക്കും. ഇന്‍സ്റ്റാഗ്രാമിലൂടെ വിനോദവും ലഭ്യമാക്കാന്‍ റീല്‍സ് സഹായിക്കുന്നു. 

വാണിജ്യാവശ്യങ്ങള്‍ക്കായുള്ള അക്കൗണ്ട്

ഇന്‍സ്റ്റാഗ്രാമിനെ വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗപ്പെടുത്തുന്നതിനാണ് ബിസിനസ് അക്കൗണ്ടുകള്‍ നല്‍കിയിരിക്കുന്നത്. ഈ അക്കൗണ്ടുകള്‍ക്ക് സാധാരണ വ്യക്തിഗത അക്കൗണ്ടുകളില്‍ നിന്ന് വ്യത്യസ്തമായി ചില അധിക സൗകര്യങ്ങളും ലഭ്യമാക്കുന്നുണ്ട്. വലിയ ബ്രാന്റുകള്‍ മുതല്‍ ചെറുകിട വ്യവസായികള്‍ക്ക് വരെ തങ്ങളുടെ ഉപയോക്താക്കളെ കണ്ടെത്താന്‍ ഈ സൗകര്യം പ്രയോജനപ്പെടുത്താം. 

ഇന്‍സ്റ്റാഗ്രാമില്‍ വളരാന്‍ ചില ടിപ്പുകള്‍

  • ഒറിജിനല്‍ ആയിരിക്കുക എന്നതാണ് ഇന്‍സ്റ്റാഗ്രാമില്‍ ശ്രദ്ധനേടാനുള്ള പ്രധാന വഴി. നിങ്ങള്‍ നിങ്ങളുടെ സ്വന്തം സൃഷ്ടികള്‍ മാത്രം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെക്കുക. 
  • നിരന്തരം ഫീഡ് അപ്‌ഡേറ്റ് ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. ഇത് നിങ്ങളുടെ ആസ്വാദക മനസില്‍ സ്ഥിരസാന്നിധ്യം ലഭിക്കാന്‍ സഹായിക്കും. 
  • ശരിയായ ഹാഷ് ടാഗുകള്‍ നല്‍കി ചിത്രങ്ങളും മറ്റും പങ്കുവെക്കുക. സമാന താല്‍പര്യങ്ങളുള്ളവരിലേക്ക് നിങ്ങളുടെ പോസ്റ്റ് എത്താന്‍ ഇത് സഹായിക്കും. 
  • ഓരോ ഉപയോക്താവിനെയും നല്ലൊരു ബ്രാന്റ് ആക്കി മാറ്റാനുള്ള ഫീച്ചറുകള്‍ ഇന്‍സ്റ്റാഗ്രാം നിരന്തരം അവതരിപ്പിക്കുന്നുണ്ട്. പുതിയ ഫീച്ചറുകള്‍ ക്രിയാത്മകമായി പ്രയോജനപ്പെടുത്താനും ഉള്ളടക്കങ്ങളുടെ ശൈലിയില്‍ ആകര്‍ഷണീയത പുലര്‍ത്താനും ശ്രദ്ധിക്കുക.

Content Highlights: ten years of instagram, reels, stories, bussines account facebook