മെസേജിങ് സേവനമായ ടെലിഗ്രാം ഉപയോക്താക്കളില്‍നിന്ന് പണം ഈടാക്കാനൊരുങ്ങുന്നു. കമ്പനിയുടെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് 2021 മുതല്‍ വരുമാനനം ഉണ്ടാക്കേണ്ടതുണ്ടെന്ന് ടെലിഗ്രാം സി.ഇ.ഒ. പാവല്‍ ദുരോവ് പറഞ്ഞു.
ടെലിഗ്രാമിന്റെ സജീവ ഉപയോക്താക്കളുടെ എണ്ണം താമസിയാതെ 50 കോടിയിലെത്തും. ഇവര്‍ക്കെല്ലാമായി സേവനം തുടര്‍ന്നും ലഭ്യമാക്കാന്‍ കമ്പനി ഫണ്ട് സ്വരൂപിക്കാനുള്ള ശ്രമത്തിലാണ്.
നിലവില്‍ സ്വന്തം അക്കൗണ്ടില്‍നിന്നു പണമെടുത്താണ് ടെലിഗ്രാമിന്റെ ചെലവുകള്‍ വഹിക്കുന്നതെന്ന് ദുരോവ് തന്റെ ടെലിഗ്രാം ചാനലില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, കോടികളിലേക്ക് ഉപയോക്താക്കളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കെ അതിനനുസരിച്ചുള്ള ഫണ്ട് ആവശ്യമായിവരും.
അടുത്തവര്‍ഷം മുതലാണ് ടെലഗ്രാം പണം സ്വരൂപിക്കാന്‍ തുടങ്ങുക. കഴിഞ്ഞ ഏഴ് വര്‍ഷമായി സൃഷ്ടിച്ച മൂല്യങ്ങളും വാഗ്ദാനങ്ങളും മുറുകെ പിടിച്ചാവും അതിനുള്ള നടപടികള്‍.
നിലവില്‍ ലഭ്യമായ എല്ലാ ഫീച്ചറുകളും തുടര്‍ന്നും സൗജന്യമായി ലഭിക്കും. അതിന് അധിക ചാര്‍ജുകളൊന്നും ഈടാക്കില്ല. എന്നാല്‍ വാണിജ്യ ഉപയോക്താക്കള്‍ക്കും മറ്റുമായി ചില ഫീച്ചറുകള്‍ കൂടി ടെലിഗ്രാമില്‍ ഉള്‍പ്പെടുത്തും. ഈ ഫീച്ചറുകളില്‍ ചിലതിന് പ്രീമിയം ഉപയോക്താക്കള്‍ പണം നല്‍കേണ്ടതായി വരും. അതേസമയം, സാധാരണ സ്ഥിരം ഉപയോക്താക്കള്‍ക്ക് ടെലഗ്രാമില്‍ പഴയപോലെ തുടരാനാവും.
വണ്‍ ടു വണ്‍ മെസേജിങില്‍ പരസ്യം ഉണ്ടാവില്ല. ചാറ്റിനിടയില്‍ പരസ്യം കാണിക്കുന്നത് നല്ല ആശയമല്ലെന്ന് ദുരോവ് പറയുന്നു.
എന്നാല്‍, ഒരാള്‍ നിരവധിയാളുകളോട് സംവദിക്കുന്ന ടെലിഗ്രാം ചാനലുകള്‍ വഴി പരസ്യം കാണിക്കാന്‍ കമ്പനി ഉദ്ദേശിക്കുന്നു. ഇത് കൂടാതെ പ്രീമിയം സ്റ്റിക്കറുകള്‍ അവതരിപ്പിച്ച് അതുവഴി സ്റ്റിക്കര്‍ നിര്‍മിക്കുന്നവര്‍ക്ക് കൂടി വരുമാനത്തിന്റെ പങ്ക് നല്‍കാനും കമ്പനി ലക്ഷ്യമിടുന്നു.
വാട്‌സാപ്പിന്റെ നിര്‍മാതാക്കളെ പോലെ വരുമാനത്തിന് വേണ്ടി ടെലിഗ്രാമിനെ വില്‍ക്കാന്‍ തനിക്ക് പദ്ധതിയില്ലെന്ന് പാവല്‍ ദുരോവ് പറഞ്ഞു. ഉപയോക്താക്കളെ മാനിക്കുകയും ഉയര്‍ന്ന ഗുണമേന്മയില്‍ സേവനം ഉറപ്പുവരുത്തുകയും ചെയ്യുന്ന ടെലിഗ്രാം സ്വതന്ത്രമായി നില്‍ക്കാന്‍ ലോകം ആഗ്രഹിക്കുന്നുവെന്നും പരിപൂര്‍ണ്ണതയ്ക്കും സമഗ്രതയ്ക്കും വേണ്ടി പരിശ്രമിക്കുന്ന ടെക്ക് കമ്പനിയെന്ന നിലയില്‍ മാതൃകയായി ടെലിഗ്രാം ലോകത്തെ സേവിക്കുന്നത് തുടരണമെന്നും അദ്ദേഹം പറഞ്ഞു.
Content HIghlights: Telegram messenger, Makes Revenue, Money, whatsapp