കുട്ടികളെ പീഡിപ്പിക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ആപ്പിളിന്റെ ആപ്പ്‌സ്റ്റോറില്‍ നിന്നും മെസേജിങ് ആപ്ലിക്കേഷനായ ടെലിഗ്രാം നീക്കം ചെയ്തു. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ആവശ്യമായ സുരക്ഷാ മാറ്റങ്ങള്‍ വരുത്തി ടെലിഗ്രാം തിരിച്ചുവന്നു.

ബാല പീഡന ചിത്രങ്ങള്‍ പങ്കുവെച്ച ഉപയോക്താക്കളെയെല്ലാം ടെലിഗ്രാമില്‍ നിന്നും ബ്ലോക്ക് ചെയ്തു.

ബാലപീഡന ചിത്രങ്ങള്‍ പങ്കുവെക്കപ്പെടുന്നതായുള്ള പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് ആപ്പിള്‍ നടപടിയെടുത്തത്. ടെലഗ്രാം ആപ്ലിക്കേഷന്‍ ആപ്പ്‌സ്റ്റോറില്‍ നിന്നും നീക്കം ചെയ്തതിന് പിന്നാലെ നിയമവിരുദ്ധമായ കാര്യങ്ങള്‍ പങ്കുവെക്കപ്പെടുന്നുണ്ടെന്ന കാര്യം ടെലിഗ്രാമിന്റെ ഡെവലപ്പര്‍മാരെയും ബന്ധപ്പെട്ട അധികാരികളെയും അറിയിക്കുകയും ചെയ്തു. 

തീവ്രവാദികളും ഭീകരവാദികളും ടെലിഗ്രാം ആപ്ലിക്കേഷനിലെ എന്‍ക്രിപ്ഷന്‍ സംവിധാനത്തിന്റെ ആനുകൂല്യം വ്യാപകമായി പ്രയോജനപ്പെടുത്തുന്നുണ്ടെന്ന ആരോപണം വ്യാപകമായി ഉയരുന്നുണ്ട്. 

ആവശ്യമെങ്കില്‍ എന്‍ക്രിപ്റ്റഡ് മെസെജുകള്‍ പരിശോധിക്കാന്‍ അധികാരികള്‍ക്ക് അനുവാദം നല്‍കണമെന്നാവശ്യപ്പെട്ട് ബ്രിട്ടിഷ് ഭരണകൂടം രംഗത്ത് വന്നിരുന്നു. നവംബറില്‍ താലിബാന്‍ തീവ്രവാദികളെ ഉപയോഗിക്കുന്നുണ്ടെന്ന് കാണിച്ച് അഫ്ഗാനിസ്ഥാനും ടെലിഗ്രാമിനെ നിരോധിക്കാനൊരുങ്ങിയിരുന്നു.

Content Highlights: telegram removed from appstore