വാട്‌സാപ്പില്‍ നിന്നും മറ്റ് മെസേജിങ് ആപ്പുകളില്‍ നിന്നും ഉപയോക്താക്കള്‍ക്ക് അവരുടെ ചാറ്റുകള്‍ ടെലഗ്രാമിലേക്ക് കൊണ്ടുവരാന്‍ സാധിക്കുന്ന മൈഗ്രേഷന്‍ ടൂളുമായി ടെലഗ്രാമിന്റെ പുതിയ അപ്‌ഡേറ്റ്. ആന്‍ഡ്രോയിഡിലേക്കുള്ള ടെലഗ്രാമിന്റെ 7.4 അപ്‌ഡേറ്റിലാണ് മൈഗ്രേഷന്‍ ടൂള്‍ കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഐഓഎസിലെ ടെലഗ്രാം 7.4 അപ്‌ഡേറ്റില്‍ ഈ സംവിധാനം നല്‍കിയിരുന്നുവെങ്കിലും തൊട്ടുപിന്നാലെ വന്ന 7.4.1 അപ്‌ഡേറ്റില്‍ മൈഗ്രേഷന്‍ ടൂള്‍ ഒഴിവാക്കപ്പെട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍.
വാട്‌സാപ്പിലെ ഒരു ചാറ്റ് ടെലഗ്രാമിലേക്ക് കൊണ്ടുവരാന്‍ ചെയ്യേണ്ടത് ഇവയാണ്
- ആദ്യം നിങ്ങളുടെ ടെലഗ്രാം ആപ്പ് അപ്‌ഡേറ്റ് ചെയ്യുക
- തുടര്‍ന്ന് വാട്‌സാപ്പ് തുറക്കുക
- ടെലഗ്രാമിലേക്ക് കൊണ്ടുവരേണ്ട ചാറ്റ് തുറക്കുക.
- വലത് ഭാഗത്ത് മുകളിലുള്ള ത്രീ ഡോട്ട് മെനു തുറക്കുക
- More ക്ലിക്ക് ചെയ്യുക. അതില്‍ Export Chat ഓപ്ഷന്‍ തിരഞ്ഞെടുക്കുക
- തുറന്നുവരുന്ന ഓപ്ഷനുകളില്‍ ടെലഗ്രാം തിരഞ്ഞെടുക്കുക.
- അപ്പോള്‍ ടെലഗ്രാം ചാറ്റ് ലിസ്റ്റ് തുറന്നുവരും
- വാട്‌സാപ്പ് ചാറ്റ് ആരുടെ ചാറ്റിലേക്കാണ് ഇംപോര്‍ട്ട് ചെയ്യേണ്ടത് അതില്‍ ക്ലിക്ക് ചെയ്യുക
- ചാറ്റ് ലിസ്റ്റിൽ കാണുന്നില്ലെങ്കിൽ മുകളിലെ സെർച്ച് ബോക്സിൽ അയാളുടെ പേര് തിരയുക, അതിൽ ക്ലിക്ക് ചെയ്യുക
- തുടര്‍ന്നുവരുന്ന വിന്‍ഡോയിലെ Import എന്ന ബട്ടന്‍ ക്ലിക്ക് ചെയ്യുക.
വാട്‌സാപ്പിന്റെ പുതിയ സ്വകാര്യതാ നയത്തില്‍ ആശങ്കയുള്ളയാളുകള്‍ വ്യാപരമായി ടെലഗ്രാം, സിഗ്നല്‍ തുടങ്ങിയ ആപ്പുകളിലേക്ക് ചേക്കേറുകയാണ്. വാട്‌സാപ്പിലെ ചാറ്റുകളിലെ സന്ദേശങ്ങളുടെ തുടര്‍ച്ച നഷ്ടപ്പെടാതെ ടെലഗ്രാമിലേക്ക് മാറാന്‍ പുതിയ മൈഗ്രേഷന്‍ ടൂള്‍ ഉപകരിക്കും.
എന്നാല്‍ ഒരു കാര്യം ശ്രദ്ധിക്കുക- വാട്‌സാപ്പില്‍ നിന്ന് കൊണ്ടുവരുന്ന ചാറ്റുകള്‍ ടെലഗ്രാമില്‍ മറ്റൊരാളുമായുള്ള ചാറ്റിലേക്ക് ആളുമാറി ഇംപോര്‍ട്ട് ചെയ്യാതിരിക്കുക. ഇപോര്‍ട്ട് ചെയ്യുന്ന ചാറ്റിലെ സന്ദേശങ്ങളെല്ലാം അയാള്‍ക്കും കാണാന്‍ സാധിക്കും.
Content Highlights: Telegram now Let You Import WhatsApp Chats Using a Migration Tool