ന്യൂഡല്‍ഹി: മെസേജിങ് ആപ്ലിക്കേഷനായ ടെലഗ്രാമിന്റെ പുതിയ അപ്‌ഡേറ്റ് എത്തി. ഐഫോണ്‍, ഐപാഡ് ആപ്പുകളിലാണ് അപ്‌ഡേറ്റ് അവതരിപ്പിച്ചത്. മെസേജ് റിയാക്ഷന്‍, ട്രാന്‍സ്ലേഷന്‍, ഹിഡന്‍ ടെക്സ്റ്റ് തുടങ്ങി നിരവധി പുതിയ ഫീച്ചറുകളാണ് അവതരിപ്പിച്ചിട്ടുള്ളത്. 

മെസേജ് ബബിളില്‍ (Message Bubble) ഡബിള്‍ ടാപ്പ് ചെയ്താല്‍ ആ മെസേജിന് താഴെയായി ചെറിയ തമ്പ്‌സ് അപ്പ് ഇമോജി (Thumps Up) പ്രത്യക്ഷപ്പെടും. ക്വിക്ക് റിയാക്ഷന്‍ തമ്പ്‌സ് അപ്പ് ഇമോജിയ്ക്ക് പകരം മറ്റേതെങ്കിലും ഇമോജി വേണമെങ്കില്‍ Settings > Stickers and Emoji > Quick Reaction ല്‍ ചെന്ന് മാറ്റാം. മെസേജ് ബബിളില്‍ ടാപ്പ് ചെയ്ത് ലോങ് പ്രസ് ചെയ്താല്‍ കൂടുതല്‍ ഇമോജികള്‍ കാണാം. 

സന്ദേശങ്ങളിലെ ചില ഭാഗങ്ങള്‍ മാത്രം തിരഞ്ഞെടുത്ത് മറച്ചുപിടിക്കാന്‍ (Blur) സാധിക്കുന്ന സ്‌പോയിലര്‍ അലേര്‍ട്ട് (Spoiler Alert) എന്നൊരു ഫീച്ചറും ടെലഗ്രാമില്‍ അവതരിപ്പിച്ചിട്ടുണ്ട്. 

ഏത് ഭാഷയില്‍ സന്ദേശം ലഭിച്ചാലും ഇനി എളുപ്പം മനസിലാക്കാന്‍ സാധിക്കും. ടെലഗ്രാം ആപ്പിനുള്ളില്‍ നിന്ന് തന്നെ. സെറ്റിങ്‌സില്‍, ലാങ്ക്വേജ് തിരഞ്ഞെടുത്താല്‍ പ്രത്യേകം ട്രാന്‍സ്ലേറ്റ് ബട്ടന്‍ ആക്റ്റിവേറ്റ് ചെയ്യാനാകും. സന്ദേശം സെലക്ട് ചെയ്യുമ്പോള്‍ ട്രാന്‍സ്ലേറ്റ് ഓപ്ഷന്‍ കാണാന്‍ സാധിക്കും. നന്നായി അറിയാവുന്ന ഭാഷകള്‍ ഇതില്‍ നിന്ന് ഒഴിവാക്കി നിര്‍ത്തുകയുമാവാം. അങ്ങനെ ചെയ്യുമ്പോള്‍ സ്വന്തം ഭാഷയിലുള്ള സന്ദേശങ്ങള്‍ക്ക് മേല്‍ ട്രാന്‍സ്ലേഷന്‍ ബട്ടന്‍ കാണിക്കില്ല. 

ടെലഗ്രാം ലഭ്യമായ എല്ലാ ആന്‍ഡ്രോയിഡ് ഫോണിലും ട്രാന്‍സ്ലേഷന്‍ സൗകര്യമുണ്ടാവും. എന്നാല്‍ ഐഓഎസ് 15 ഓഎസില്‍ പ്രവര്‍ത്തിക്കുന്ന ആപ്പിള്‍ ഫോണുകളില്‍ മാത്രമേ ഈ സൗകര്യമുള്ളൂ. ഫോണിന്റെ ഓപ്പറേറ്റിങ് സിസ്റ്റം അനുസരിച്ചുള്ള ഭാഷകള്‍ മാത്രമേ ഈ സംവിധാനത്തില്‍ പിന്തുണയ്ക്കുകയുള്ളൂ. 

സ്വന്തം യൂസര്‍ നെയിം, ഗ്രൂപ്പിന്റെ പേര്, ചാനലിന്റെ പേര് എന്നിവ ചേര്‍ത്തുള്ള ക്യുആര്‍ കോഡുകള്‍ നിര്‍മിക്കാനുള്ള സൗകര്യവും അവതരിപ്പിച്ചിട്ടുണ്ട്. ഈ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ചാറ്റില്‍ പ്രവേശിക്കാന്‍ മറ്റുള്ളവര്‍ക്ക് സാധിക്കും. നിറവും പാറ്റേണും ഇഷ്ടാനുസരണം ക്രമീകരിക്കാം.  

Content Highlights: telegram new updates new message reaction in app translation