ഡിജിറ്റല്‍ യുഗം സോഷ്യല്‍ മീഡിയ യുഗത്തിലേക്ക് ചുവടുമാറ്റുന്ന കാലമാണിത്. സോഷ്യല്‍ മീഡിയ എന്ന് പറഞ്ഞാല്‍ ആദ്യം പലരുടെയും മനസിലെത്തുക ഫെയ്‌സ്ബുക്കാണ്. 

എന്നാല്‍, കൗമാരപ്രായക്കാര്‍ക്ക് മുതിര്‍ന്നവരെ അപേക്ഷിച്ച് ഫെയ്‌സ്ബുക്കിനോട് അത്ര കമ്പമില്ലെന്ന് പുതിയൊരു സര്‍വ്വേ പറയുന്നു. ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍, സ്‌നാപ്പ്ചാറ്റ് തുടങ്ങിയ സോഷ്യല്‍ മീഡിയ സര്‍വീസുകളാണത്രേ അവരെ കൂടുതല്‍ ആകര്‍ഷിക്കുന്നത്.

അമേരിക്കന്‍ കൗമാരപ്രായക്കാര്‍ക്കിടയില്‍ 'പിപ്പെര്‍ ജഫ്രേ' ( Piper Jaffray ) നടത്തിയ സര്‍വ്വേ അടിസ്ഥാനമാക്കി 'വാള്‍സ്ട്രീറ്റ് ജേര്‍ണലാ'ണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 

Teens prefer Instagram

കൗമാരപ്രായക്കാര്‍ക്കിടയില്‍ ഏറ്റവും ജനകീയം ഫോട്ടോഷെയറിങ് സര്‍വീസായ ഇന്‍സ്റ്റഗ്രാം ആണത്രേ. 33 ശതമാനം കൗമാരപ്രായക്കാരുടെ ആദ്യ സോഷ്യല്‍ മീഡിയ പരിഗണന ഇന്‍സ്റ്റഗ്രാമിനാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. 2012 മുതല്‍ ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള സര്‍വീസാണ് ഇന്‍സ്റ്റഗ്രാം ( Instagram ). 

രണ്ടാംസ്ഥാനത്ത് ട്വിറ്ററാണുള്ളത്-20 ശതമാനം. 19 ശതമാനമുള്ള സ്‌നാപ്പ്ചാറ്റാണ് മൂന്നാംസ്ഥാനത്ത്. അതേസയമം, 15 ശതമാനം മാത്രം കൗമാരപ്രായക്കാരാണ് ഫെയ്‌സ്ബുക്കിന് ആദ്യപരിഗണന നല്‍കുന്നത്. ഫെയ്‌സ്ബുക്ക് നാലാംസ്ഥാനത്തേ വരുന്നുള്ളൂ എന്നര്‍ഥം.

9,400 കൗമാരപ്രായക്കാരെ ഉള്‍പ്പെടുത്തായാണ് സര്‍വ്വേ നടത്തിയത്. അതില്‍ 56 ശതമാനം ആണ്‍കുട്ടികളായിരുന്നു.