മൂഹമാധ്യമങ്ങളില്‍ കാണാക്കയങ്ങള്‍ ഏറെയുണ്ട്. ആഴത്തില്‍ വീണുപോയെക്കാവുന്നവ. അവിടെ സൂക്ഷിക്കേണ്ടതുണ്ട്. സമൂഹമാധ്യമങ്ങളിലെ കുട്ടികളുടെ സുരക്ഷിതത്വത്തെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് അടുത്തിടെ എന്‍.എസ്.പി.സി.സി എന്ന സംഘടന പുറത്തിറങ്ങിയ സര്‍വെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

ഓണ്‍ലൈനില്‍ ഏകദേശം 200000 കുട്ടികള്‍ക്കെങ്കിലും ഒരു പ്രായപൂര്‍ത്തിയായ വ്യക്തിയില്‍ നിന്നും അശ്ലീല സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 11 വയസ് മുതല്‍ 17 വയസുവരെ പ്രായമുള്ള 25 കുട്ടികളില്‍ ഒരാള്‍ക്ക് ഒരു പ്രായപൂര്‍ത്തിയായ വ്യക്തിയില്‍ നിന്നും അശ്ലീല സന്ദേശങ്ങളും, അയാള്‍ ലൈംഗികത ആവശ്യപ്പെട്ടുള്ള സന്ദേശങ്ങളും ലഭിച്ചിട്ടുണ്ടെന്ന് യു.കെയില്‍ 2004 കൗമാരക്കാര്‍ക്കിയില്‍ അവരുടെ ഓണ്‍ലൈന്‍ ഇടപെടല്‍ സംബന്ധിച്ച് നടത്തിയ സര്‍വേയില്‍ കണ്ടെത്തി. 

യുകെയിലെ ജനസംഖ്യ അനുസരിച്ച് ഈ പ്രായപരിധിയില്‍ 5,18,2045 കുട്ടികളുണ്ട്. ഇതില്‍ 2,01696 പേര്‍ക്ക് ഇങ്ങനെ ഓണ്‍ലൈനിലെ പീഡോഫിലുകളുടെ (കുട്ടികളോട് ലൈംഗികത താത്പര്യമുള്ളവര്‍) സന്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ടാവുമെന്നാണ് എന്‍.എസ്.പി.സി.സിയുടെ കണക്കുകൂട്ടല്‍. 

സ്‌നാപ്ചാറ്റ്, ഫെയ്‌സ്ബുക്ക് മെസഞ്ചര്‍, എന്നിവയിലാണ് ഏറ്റവും കൂടുതല്‍ ഇത്തരം ആശയവിനിമയങ്ങള്‍ നടക്കുന്നത്. ട്വിറ്ററും, ട്വിറ്റ്ചും തൊട്ടുപിന്നിലുണ്ട്. 

ഇന്‍സ്റ്റാഗ്രാം, വാട്‌സാപ്പ് പോലുള്ള സേവനങ്ങളില്‍ ഇത്തരം ഇടപെടല്‍ കുറവാണ്. എങ്കിലും ഈ സേവനങ്ങള്‍ ഉപയോഗിക്കുന്ന 50 കുട്ടികളില്‍ ഒരാള്‍ക്ക്. ലൈംഗികത നിറഞ്ഞ ഉള്ളടക്കങ്ങളും ആവശ്യങ്ങളും സന്ദേശമായി ലഭിക്കുന്നുണ്ട്. 

ഗ്രൂമിങ് എന്നാണ് ഇതിനെ വിളിക്കുക. സോഷ്യല്‍ മീഡിയ വഴി ലൈംഗികത നിറഞ്ഞ ആശയവിനിമയങ്ങളിലൂടെ കുട്ടികളെ തങ്ങളുടെ വരുതിയിലാക്കാനും ലൈംഗിക താല്‍പര്യങ്ങള്‍ക്ക് ഉപയോഗിക്കാനും ഇത്തരക്കാര്‍ ശ്രമിക്കുന്നു. പല കുട്ടികളും ഇത്തരക്കാര്‍ക്ക് മറുപടിയും നല്‍കുന്നുണ്ട്. പെണ്‍കുട്ടികളെന്ന വ്യാജേനയും വ്യാജ അക്കൗണ്ടുകള്‍ വഴിയും ഇവര്‍ കുട്ടികളെ പ്രലോഭിപ്പിക്കുകയും കുട്ടികളെ വലയിലാക്കുകയും കബളിപ്പിക്കുകയും ചെയ്യുന്നു. 

സമൂഹമാധ്യമങ്ങളില്‍ കുട്ടികള്‍ നേരിടുന്ന ഈ ഭീഷണി തള്ളിക്കളയാനാവില്ലെന്നും ഭരണകൂടങ്ങള്‍ പഴുതുകളില്ലാത്ത നിയമനിര്‍മാണം ഇതിനെതിരെ നടത്തേണ്ടതുണ്ടെന്നും എന്‍.എസ്.പി.സി.സി സിഇഓ പീറ്റര്‍ വാന്‍ലെസ് പറഞ്ഞു. കുട്ടികളുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് എന്‍.എസ്.പി.സി.സി.

സാങ്കേതികവിദ്യാ സ്ഥാപനങ്ങള്‍ അവരുടെ വെബ്‌സൈറ്റുകള്‍ ദുരുപയോഗം ചെയ്യപ്പെടുന്നത് തടയേണ്ടതുണ്ട്. സംശയാസ്പദമായ ഇടപെടലുകള്‍ തിരിച്ചറിയാനുള്ള സാങ്കേതിക വിദ്യകള്‍ ഇതിനായി ഉപയോഗിക്കണം. കുട്ടികളുടെ അക്കൗണ്ടുകള്‍ക്ക് പ്രത്യേകം സുരക്ഷ ഒരുക്കുകയും വേണം. 

Content Highlights: teens may have been groomed on social media survey report, Social Media