സ്‌ട്രേലിയയ്ക്ക് പിന്നാലെ ഇന്ത്യയിലും മാധ്യമസ്ഥാപനങ്ങള്‍ക്ക് ടെക്ക് കമ്പനികള്‍ പ്രതിഫലം നല്‍കണം എന്ന ആവശ്യം ഇന്ത്യയിലും ഉയരുന്നു. ബിജെപി എംപി സുശീല്‍ കുമാര്‍ മോദിയാണ് ഈ പ്രശ്‌നം രാജ്യസഭയില്‍ ഉന്നയിച്ചത്. വാര്‍ത്താ ഉള്ളടക്കങ്ങള്‍ ഉപയോഗിക്കുന്നതിന് ഗൂഗിള്‍, ഫെയ്‌സ്ബുക്ക്, യൂട്യൂബ് എന്നിവ ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് പ്രതിഫലം നല്‍കുന്നതിന് നിയമനിര്‍മാണം വേണമെന്ന് അദ്ദേഹം പറഞ്ഞു.

പരമ്പരാഗത മാധ്യമങ്ങള്‍ വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. അതിന് കാരണമായത് ആദ്യം കോവിഡ് വ്യാപനമായിരുന്നെങ്കില്‍ ഇപ്പോഴത് യൂട്യൂബ് ഫെയ്‌സ്ബുക്ക്, ഗൂഗിള്‍ എന്നീ ടെക്ക് ഭീമന്മാരാണ്.

പരമ്പരാഗത മാധ്യമങ്ങള്‍ കോടികളാണ് നിക്ഷേപിക്കുന്നത്. വാര്‍ത്തകള്‍ ശേഖരിച്ച് സ്ഥിരീകരിക്കുന്നത് പരമ്പരാഗത മാധ്യമങ്ങളാണ്. ഗൂഗിളിനെ പോലുള്ള സേവനങ്ങള്‍ ഈ ഉള്ളടക്കങ്ങള്‍ ഉപയോഗിച്ച് വലിയ അളവില്‍ പരസ്യവരുമാനം നേടുന്നു. പരമ്പരാഗത മാധ്യമങ്ങളുടെ വരുമാന വിഹിതം നഷ്ടമാവുന്നു.

ഓസ്‌ട്രേലിയന്‍ ഭരണകൂടത്തിന്റെ നിയമനിര്‍മാണം സുശീല്‍ കുമാര്‍ മോദി സഭയില്‍ ചൂണ്ടിക്കാട്ടി. പരസ്യവരുമാനം വീതിക്കുന്നതിനായി ഫ്രാന്‍സും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളും നിയമനിര്‍മാണത്തിലാണെന്ന് അദ്ദേഹം പറയുന്നു. 

ഡിജിറ്റല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കുന്നതിനായി ഇതുപോലൊരു നിയമം ഇന്ത്യന്‍ ഭരണകൂടവും കൊണ്ടുവരണം. സമൂഹ മാധ്യമങ്ങള്‍ അവരുടെ പരസ്യവരുമാനം ഇന്ത്യന്‍ മാധ്യമങ്ങളുമായി പങ്കുവെക്കണം. വരുമാനത്തില്‍ നിന്ന് മാന്യമായ പങ്ക് മാധ്യമങ്ങള്‍ക്ക് കിട്ടിയിരിക്കണമെന്നും സുശീല്‍ കുമാര്‍ മോദി പറഞ്ഞു.

ആഴ്ചകള്‍ക്ക് മുമ്പാണ് ഗൂഗിള്‍, ഫെയ്‌സ്ബുക്ക് പോലുള്ള സേവനങ്ങള്‍ അവരുടെ പ്ലാറ്റ്‌ഫോമുകളില്‍ വരുന്ന വാര്‍ത്താ ഉള്ളടക്കങ്ങള്‍ക്ക് രാജ്യത്തെ മാധ്യമസ്ഥാപനങ്ങള്‍ക്ക് പ്രതിഫലം നല്‍കുന്നത് നിര്‍ബന്ധമാക്കുന്ന നിയമത്തിന് ഓസ്‌ട്രേലിയ അംഗീകാരം നല്‍കിയത്.  

തുടക്കത്തില്‍ ഇതിനെ എതിര്‍ക്കാന്‍ കമ്പനികള്‍ ശ്രമിച്ചെങ്കിലും പിന്നീട് അവര്‍ക്ക് വഴങ്ങേണ്ടിവന്നു. കമ്പനികളുടെ ആവശ്യപ്രകാരം ചില മാറ്റങ്ങള്‍ വരുത്താന്‍ ഓസ്‌ട്രേലിയയും തയ്യാറായിരുന്നു. 

Content Highlights: Tech giants should pay Indian news publishers says Sushil Modi