വാട്‌സാപ്പ് ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ വാട്‌സാപ്പിനെ പോലുള്ള ഫീച്ചറുകള്‍ അവതരിപ്പിച്ച് സിഗ്നല്‍ മെസേജിങ് ആപ്ലിക്കേഷന്‍. ചാറ്റ് വാള്‍ പേപ്പറുകള്‍, ആനിമേറ്റഡ് സ്റ്റിക്കറുകള്‍ ഉള്‍പ്പടെയുള്ള ഫീച്ചറുകളാണ് അവതരിപ്പിച്ചത്. സിഗ്നല്‍ ആപ്പ് അപ്‌ഡേറ്റ് ചെയ്താല്‍ ഈ സൗകര്യങ്ങള്‍ ആസ്വദിക്കാം. 

ഓരോ ചാറ്റിനും പ്രത്യേകം ചാറ്റ് വാള്‍പേപ്പറുകള്‍ നല്‍കാന്‍ പുതിയ സംവിധാനത്തിലൂടെ സാധിക്കും. സിഗ്നലിന്റെ തനത് നീല നിറത്തിലുള്ള പശ്ചാത്തലം മടുപ്പ് സൃഷ്ടിക്കുന്നുണ്ടെങ്കില്‍ വിവിധ നിറങ്ങളിലുള്ള വാള്‍ പേപ്പറുകള്‍ പകരം നല്‍കാം. പശ്ചാത്തലത്തിനനുസരിച്ച് മെസേജ് ബബിളിന്റെ നിറത്തിലും മാറ്റങ്ങള്‍ വരുത്താം. ഇത് ഓരോ കോണ്‍ടാക്റ്റുമായുള്ള ചാറ്റും പുതിയ അനുഭവമാക്കിത്തീര്‍ക്കുന്നു. 

പുതിയ അപ്‌ഡേറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന മറ്റൊരു പുതിയ സൗകര്യമാണ് ആനിമേറ്റഡ് സ്റ്റിക്കറുകള്‍. വാട്‌സാപ്പിന് സമാനമാണ് ഇതും. ഇതിന്റെ ഭാഗമായി പുതിയ ആനിമേറ്റഡ് സ്റ്റിക്കര്‍ പാക്കും അവതരിപ്പിച്ചിട്ടുണ്ട്. 

വാട്‌സാപ്പിന്റെ പുതിയ പോളിസി അപ്‌ഡേറ്റിലെ വ്യവസ്ഥകള്‍ ആശങ്ക ഉയര്‍ത്തിയതോടെയാണ് സിഗ്നലിലേക്ക് ഉപയോക്താക്കളുടെ വരവ് വര്‍ധിച്ചത്. സ്വകാര്യത ഉറപ്പുനല്‍കിക്കൊണ്ട് വാട്‌സാപ്പിന് സമാനമായി സൗകര്യങ്ങള്‍ ഒരുക്കാനുള്ള ശ്രമത്തിലാണ് സിഗ്നല്‍. വാട്‌സാപ്പ് പോളിസി നോട്ടിഫിക്കേഷന്‍ വിവാദത്തിലായതിന് ശേഷം ഒട്ടനവധി പുതിയ അപ്‌ഡേറ്റുകളാണ് സിഗ്നലില്‍ വന്നത്. 

About

അവയില്‍ ഒന്നാണ് സ്റ്റാറ്റസ് അപ്‌ഡേറ്റ്.  വാടസാപ്പിലെ എബൗട്ട് സെക്ഷനില്‍ ഉപയോക്താക്കള്‍ക്ക് അവരെ കുറിച്ച് എന്തെങ്കിലും എഴുതാനുള്ള ഒരു സൗകര്യം ലഭ്യമാണ്. സ്റ്റാറ്റസ് എന്ന് വിളിച്ചിരുന്ന ഈ സൗകര്യം ഇപ്പോള്‍ സിഗ്നലിലും ലഭ്യമാണ്. 

ഇത് കൂടാതെ ഗ്രൂപ്പ് കോളുകളില്‍ പങ്കെടുക്കാന്‍ സാധിക്കുന്നവരുടെ എണ്ണം അഞ്ചില്‍ നിന്ന് എട്ടായി ഉയര്‍ത്തുകയും ഗ്രൂപ്പുകളുടെ ലിങ്കുകള്‍ വഴി ആളുകളെ ചേര്‍ക്കാനുള്ള സൗകര്യവും സിഗ്നല്‍ അവതരിപ്പിച്ചിട്ടുണ്ട്. 

Content Highlights: signal introduced whatsapp like features chat wallpapers animated stickers