വാട്‌സാപ്പിന്റെ പ്രൈവസി പോളിസി മാറ്റം വിവാദമായപ്പോഴാണ് സിഗ്നല്‍ ആപ്പിനെ നമ്മുടെ നാട്ടുകാര്‍ കാര്യമായി പരിചയപ്പെടുന്നത്. വാട്‌സാപ്പ് ഉപേക്ഷിച്ച് സിഗ്നലിലേക്കോ ടെലഗ്രാമിലേക്കോ മാറൂ എന്ന ആഹ്വാനവും വിവിധ കോണുകളില്‍ നിന്നുണ്ടായി. വാര്‍ത്തകള്‍ വന്നു. തീര്‍ച്ചയായും ഒരു ഓപ്പണ്‍ സോഴ്‌സ് ആപ്ലിക്കേഷന്‍ എന്ന നിലയില്‍ മികച്ച എന്റ് റ്റു എന്റ് എന്‍ക്രിപ്ഷനും നിങ്ങളുടെ ആശയവിനിമയങ്ങള്‍ക്ക് സ്വകാര്യതയും സിഗ്നല്‍ ഉറപ്പു നല്‍കിയിരുന്നു. 

വാട്‌സാപ്പിനെ സംശയിച്ചവര്‍ പലരും സിഗ്നല്‍ അക്കൗണ്ടുകള്‍ പരീക്ഷിച്ചു നോക്കിയെങ്കിലും മെസേജ് അയക്കാന്‍ ആളില്ലാത്ത അവസ്ഥയായിരുന്നു സിഗ്നലില്‍. വാട്‌സാപ്പിന്റെ പ്രൈവസി പോളിസിയെയും സ്വകാര്യതയില്ലായ്മയെയും ചൂണ്ടിക്കാട്ടിയാണ് അടുത്ത കാലത്തെല്ലാം സിഗ്നല്‍ ഉപഭോക്താക്കളെ ആകര്‍ഷിച്ചിരുന്നത്. സമ്പൂര്‍ണ സ്വകാര്യതയും സുരക്ഷയുമുള്ള ആപ്ലിക്കേഷനായി ഖ്യാതി നേടാന്‍ സിഗ്നല്‍ ഏറെ പരിശ്രമിച്ചിരുന്നു. ഈ നിലയില്‍നിന്ന് സിഗ്നലും കൂറുമാറുകയാണ്. സിഗ്നല്‍ ഒരു ഓപ്പണ്‍ സോഴ്‌സ് ആപ്ലിക്കേഷന്‍ അല്ലാതായി മാറുകയാണ്. 

അനാവശ്യ ഉള്ളടക്കങ്ങള്‍ (Spam) ഇല്ലാത്ത ഒരു സ്വതന്ത്ര ആശയവിനിമയ സേവനമായി സിഗ്നലിനെ നിലനിര്‍ത്താന്‍  പൂര്‍ണമായും-തുറന്ന നിലയില്‍നിന്ന് മാറാനും സെര്‍വറിന്റെ ഒരു ഭാഗം സ്പാം കാമ്പയിനുകള്‍ കണ്ടെത്തുന്നതിനും തടയുന്നതിനുമുള്ള സംവിധാനത്തിന് വേണ്ടി സ്വകാര്യമാക്കിവെക്കാനും പോവുകയാണെന്നാണ് സിഗ്നല്‍ പറയുന്നത്. ഒരു ബ്ലോഗ് പോസ്റ്റിലാണ് ഈ മാറ്റത്തെ കുറിച്ച് സിഗ്നല്‍ വ്യക്തമാക്കിയത്. 

സിഗ്നല്‍ സ്വകാര്യമാക്കി വെക്കുന്ന ഈ  സംവിധാനത്തിന്റെ നിയന്ത്രണം കയ്യാളുന്നവര്‍ക്ക് ഉപഭോക്താവറിയാതെ ഡാറ്റ ഏത് വിധത്തിലും കൈകാര്യം ചെയ്യാനാവും. നിലവില്‍ ഓപ്പണ്‍ സോഴ്‌സ് എന്നത് സ്വകാര്യതയുടേയും സുരക്ഷയുടേയും കാര്യത്തില്‍ പരമാവധി വിശ്വാസ്യത ഉറപ്പുവരുത്താനുള്ള മാര്‍ഗമാണ്. ആ വിശ്വാസ്യതയാണ് സിഗ്നലിന് പുതിയ മാറ്റത്തിലൂടെ നഷ്ടമാവുക. 

ബ്ലോഗ്‌പോസ്റ്റിലെ തുടര്‍ന്നുള്ള വരികളില്‍ സുരക്ഷയും സ്വകാര്യതയുമെല്ലാം തുടര്‍ന്നും പരിരക്ഷിക്കുമെന്നും ഈ നടപടിയിലേക്ക് നയിച്ച കാരണങ്ങളും വിശദീകരിച്ച് സിഗ്നല്‍ വാചാലമാവുന്നുണ്ട്. എന്നാല്‍ ഓപ്പണ്‍ സോഴ്‌സ് ആയി നിലകൊള്ളുകയും അതിന്റെ പേര് പറഞ്ഞ് ഉപഭോക്താക്കളെ നേടിയതിന് ശേഷം ക്ലോസ്ഡ് സോഴ്‌സ് ആയി മാറുന്നതിനെ വിദഗ്ദര്‍ സംശയത്തോടെയാണ് കാണുന്നത്. 

ഫെയ്‌സബുക്കോ ഗൂഗിളോ ആമസോണോ സിഗ്നല്‍ ഫൗണ്ടേഷന്‌ കാര്യമായ സാമ്പത്തിക വാഗ്ദാനം എന്തെങ്കിലും നല്‍കിയാല്‍ എന്ത് സംഭവിക്കും? ഒന്നും പറയാന്‍ പറ്റില്ല. ഉപഭോക്താക്കളുടെ വിവരങ്ങള്‍ പുറത്തുള്ള കമ്പനികള്‍ക്ക് നല്‍കുമെന്ന് പറഞ്ഞ് വാട്‌സാപ്പ് സ്വകാര്യതാ നയത്തില്‍ വെള്ളം ചേര്‍ത്തപ്പോള്‍ ഉപഭോക്താക്കള്‍ ഗത്യന്തരമില്ലാതെ അവിടെ കുടുങ്ങിപ്പോയതിന് സമാനമായ അവസ്ഥായാണ് സിഗ്നലിനെ വിശ്വസിച്ച് കൂടെ നിന്ന ഉപഭോക്താക്കളുടേതുമെന്ന് ഫെഡിഫോളോസ് (FediFollows) ഒരു സോഷ്യല്‍ മീഡിയാ പോസ്റ്റില്‍ പറയുന്നുണ്ട്. 

1990-കള്‍ മുതല്‍ കേന്ദ്രീകൃത മെസേജിങ് ആപ്പുകള്‍ ഇതേ നയം തന്നെയാണ് സ്വീകരിക്കുന്നത് എന്ന് പോക്കറ്റ് നൗ റിപ്പോര്‍ട്ട് പറയുന്നു. സാധിക്കുന്നതെല്ലാം ചെയ്ത് പരമാവധി ഉപഭോക്താക്കളെ സമ്പാദിക്കുക, ആ ഉപഭോക്താക്കളെ പ്രയോജനപ്പെടുത്താന്‍ എന്തെങ്കിലും ചെയ്യുക, ലാഭം നോക്കുക, തുടര്‍ന്ന് ഉപഭോക്താക്കളെ നഷ്ടമാവുകയും പ്രാധാന്യം നഷ്ടപ്പെടുകയും ചെയ്യുക. 

അനാവശ്യ സന്ദേശങ്ങളും ഉള്ളടക്കങ്ങളും നീക്കം ചെയ്യാനുള്ള സിഗ്നലിന്റെ ശ്രമം നല്ലതല്ലേ എന്ന് ചിന്തിക്കുന്നുണ്ടാവാം. എന്നാല്‍ സ്പാം ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ ഓപ്പണ്‍-സോഴ്‌സ് അല്ലാതാവണം എന്നില്ല. നിരവധി ഓപ്പണ്‍സോഴ്‌സ് സ്പാം ബ്ലോക്കിങ് പ്രോഗ്രാമുകളും ഓപ്പണ്‍സോഴ്‌സ് ഇമെയില്‍ പ്രോട്ടോക്കോളും നിലവിലുണ്ട്. അതിന് ശ്രമിക്കാതെ ക്ലോസ്ഡ് സോഴ്‌സ് ആയി മാറാനുള്ള നീക്കം സിഗ്നല്‍ ഏറെകാലമായി ആസൂത്രണം ചെയ്യുന്ന ഗൂഢനീക്കത്തിന്റെ ഭാഗമായി വേണം കാണാന്‍. 

Source: Pocketnow.com

Content Highlights: Signal App, Whatsapp, Privacy Policy, Closed-Source, Open Source