സാംസങിന്റെ ട്വിറ്റര്‍ കൈകാര്യം ചെയ്യുന്നയാള്‍ക്ക് കഴിഞ്ഞ ദിവസം ഒരു അബദ്ധം പിണഞ്ഞു. സാംസങിന്റെ ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണ്‍ ഗാലക്‌സി നോട്ട് 9 ന്റെ പ്രചരാണാര്‍ത്ഥം ട്വിറ്ററില്‍ പങ്കുവെച്ച ഒരു വീഡിയോ പോസ്റ്റ് ചെയ്തത് ഐഫോണില്‍ നിന്ന്. സ്മാര്‍ട്‌ഫോണ്‍ നിര്‍മാണ രംഗത്തെ സാംസങിന്റെ പ്രധാനപ്പെട്ട എതിരാളിയാണ് ആപ്പിള്‍. അങ്ങനെയിരിക്കെ ഈ സംഭവം സൈബര്‍ ലോകത്ത് വലിയ തമാശയയായി മാറിയിരിക്കുകയാണ്.

ട്വിറ്റര്‍ പോസ്റ്റുകള്‍ക്കൊപ്പം അവ നല്‍കിയ ഉപകരണം ഏതെന്ന് കാണിക്കുന്ന ഈ ഫീച്ചര്‍ ഇങ്ങനെ ഒരു പണി ഒപ്പിക്കുന്നത് ഇത് ആദ്യമായല്ല. മുമ്പ് ഗൂഗിള്‍ പിക്‌സല്‍ ഫോണിന്റെ പ്രചാരണത്തിനായി ബോളിവുഡ് താരം അനുഷ്‌ക ശര്‍മ ഒരു ചിത്രം പങ്കുവെച്ചപ്പോഴും ഇതേ അബദ്ധം പിണഞ്ഞിരുന്നു. 

ഒരു നായയ്‌ക്കൊപ്പമുള്ള ചിത്രമാണ് അനുഷ്‌ക അന്ന് പങ്കുവെച്ചത്. പിക്‌സല്‍ ഫോണിലെടുത്തതെന്ന് കാണിക്കാന്‍ #Pixel2XL #TeamPixel എന്നീ ഹാഷ്ടാഗുകള്‍ക്കൊപ്പമാണ് ചിത്രം പങ്കുവെച്ചത്. എന്നാല്‍ ആ ചിത്രം ട്വീറ്റ് ചെയ്ത് ഒരു ഐഫോണില്‍ നിന്നാണെന്നാണ് പോസ്റ്റിന് താഴെ വന്ന സിഗ്നേച്ചര്‍ കാണിച്ചത്. ഇത് വലിയ പരിഹാസത്തിനിടയാക്കി. 

ദി ഗെയിം ചേയ്ഞ്ചര്‍ എന്ന ഹാഷ്ടാഗോടുകൂടിയാണ് സാംസങ് ഗാലക്‌സി നോട്ട് 9 സ്മാര്‍ട്‌ഫോണിന്റെ ടീസര്‍ വീഡിയോ പങ്കുവെച്ചത്. എന്നാല്‍ സംഗതി പാളിപ്പോയി. സംഭവം അതിവേഗം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതോടെ ആ ചാനല്‍ തന്നെ സാംസങിന് പിന്‍വലിക്കേണ്ടി വന്നു.

Content Highlights: Samsung Used An iPhone To Tweet Their New Phone