പയോക്താക്കളില്‍ നിന്നും അവരുടെ നഗ്ന ചിത്രങ്ങള്‍ സ്വീകരിച്ച് അതിലൂടെ അവരുടെ നഗ്നത ഓണ്‍ലൈനില്‍ പ്രചരിക്കുന്നത് തടയുകയെന്ന ഫെയ്‌സ്ബുക്കിന്റെ പുതിയ പദ്ധതിയ്ക്കായി കമ്പനി പ്രത്യേക പരിശീലനം നല്‍കിയവരെ നിയമിക്കും. ചിത്രങ്ങള്‍ വിലയിരുത്തുന്നതും വേര്‍തിരിക്കുന്നതും ഇവരുടെ ചുമതലയാവും.

പ്രതികാരത്തോടെ അശ്ലീല ഫോട്ടോകള്‍ പ്രചരിപ്പിക്കുന്നത് തടയാനുള്ള പുതിയ പരീക്ഷണത്തിനാണ്‌ ഫെയ്സ്ബുക്ക് ഒരുങ്ങുന്നത്. ഇതിനായി സ്വന്തം നഗ്‌ന ഫോട്ടോ മെസഞ്ചര്‍ ആപ്പ് വഴി അയച്ചുകൊടുക്കാനാണ് ഫെയ്‌സ്ബുക്ക് ആവശ്യപ്പെടുന്നത്. ഇതിലൂടെ ഫെയ്സ്ബുക്കിന് ഒരു ഡിജിറ്റര്‍ ഫിംഗര്‍ പ്രിന്റ് സൃഷ്ടിക്കാനും സമ്മതപത്രമില്ലാതെ വ്യക്തിയുടെ നഗ്‌ന ദൃശ്യം മറ്റാരെങ്കിലും പ്രചരിപ്പിക്കുന്നത് തടയാനും സാധിക്കുമെന്നും ഫെയ്‌സ്ബുക്ക് അവകാശപ്പെടുന്നു.

മുന്‍ കമിതാക്കളും മറ്റ് സുഹൃത്തുക്കളും ബന്ധം വഷളാകുമ്പോള്‍ നഗ്‌ന ദൃശ്യങ്ങള്‍ പ്രതികാരത്തോടെ ഫെയ്സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പ്രചരിപ്പിക്കുന്നത് ഇതിലൂടെ തടയാനാകുമെന്നാണ് ഫെയ്സ്ബുക്കിന്റെ കണ്ടെത്തല്‍. അശ്ലീല ദൃശ്യങ്ങള്‍ പ്രചരിക്കുന്നതിനെതിരെ ഇത്തരത്തിലുളള തന്ത്രമൊരുക്കാന്‍ ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ ഏജന്‍സിയുമായി ഫെയ്സ്ബുക്ക് നിലവില്‍ കൈകോര്‍ത്തു പ്രവര്‍ത്തിക്കുന്നുണ്ട്,

ഇത് വാര്‍ത്തയായതോടെ ഫെയ്‌സ്ബുക്കിന് അയച്ചുകൊടുക്കുന്ന ചിത്രങ്ങളുടെ സ്വകാര്യത സംബന്ധിച്ച ആശങ്കകളും ഉയര്‍ന്നിരുന്നു. ഇതിന് മറുപടിയെന്നോണമാണ് ഈ വിഭാഗം കൈകാര്യം ചെയ്യാനായി പ്രത്യേകം പരിശീലനം നല്‍കിയ വിദഗ്ദരെയായിരിക്കും ചിത്രങ്ങളുപയോഗിച്ചുള്ള അശ്ലീല പ്രചരണം തടയുന്ന നടപടികള്‍ കൈകാര്യം ചെയ്യുന്നതിനായി നിയമിക്കുകയെന്ന് ഫെയ്‌സ്ബുക്ക് വ്യക്തമാക്കിയിരിക്കുന്നത്.