രു കാലത്ത് സെലിബ്രിറ്റിയെന്നാല്‍ സിനിമാതാരങ്ങളും പാട്ടുകാരുമൊക്കെയായിരുന്നു. ഇപ്പോള്‍ കയ്യില്‍ എന്തെങ്കിലും കഴിവുള്ളവര്‍ക്കെല്ലാം വിചാരിച്ചാല്‍ നാലാളറിയുന്ന സെലിബ്രിറ്റിയായി മാറാം ഹ്രസ്വ വീഡിയോ ആപ്പുകളിലൂടെ. രാജ്യത്ത് ടിക് ടോക്ക് തുടങ്ങിവെച്ച ട്രെന്‍ഡാണത്. ടിക് ടോക്ക് താരങ്ങളെന്ന പോലെ, മൊജ് താരങ്ങളും റീല്‍സ് താരങ്ങളുമെല്ലാം ഇന്ന് സെലിബ്രിറ്റിയാവുന്നു.

പല മേഖലകളില്‍ ജോലിയെടുക്കുന്നവരും പഠിക്കുന്നവരുമായ യുവാക്കളുടെ സമാന്തര തൊഴില്‍ മേഖലയായും വരുമാനമാര്‍ഗവുമായും കരിയറിന്റെ ഭാവി നിര്‍ണയിക്കുന്നയിടവുമായുമെല്ലാം ഈ രംഗം അതിവേഗം മാറിക്കഴിഞ്ഞിരിക്കുന്നു. യുവാക്കള്‍ മാത്രമല്ല എല്ലാ പ്രായത്തിലുള്ളവര്‍ക്കും ഇതൊരു അവസരമാണ് താനും. 

ജനങ്ങളില്‍ സ്വാധീനമുള്ളവര്‍, ക്രിയേറ്റര്‍മാര്‍

നിശ്ചിത എണ്ണം ഫോളോവര്‍മാരെ കിട്ടിയാല്‍ പിന്നെ അവര്‍ ഇന്‍ഫ്‌ളുവന്‍സര്‍മാരാണ്, ക്രിയേറ്റര്‍മാരാണ്. ഇന്റര്‍നെറ്റില്‍ ഈ രണ്ട് പദവികള്‍ക്കും വലിയ സ്വാധീനമുണ്ട് ഇന്ന്.. ഫോളോവര്‍മാരുമായി നേരിട്ട് ബന്ധമുള്ളവരാണവര്‍. ആ ഫോളോവര്‍മാരിലേക്ക് നേരിട്ടിറങ്ങാന്‍ ഇവരിലൂടെ സാധിക്കുമെന്നതില്‍ വലിയ വാണിജ്യ സാധ്യതകളാണ് ഹ്രസ്വ വീഡിയോ പ്ലാറ്റ്‌ഫോമുകളും വ്യവസായ ലോകവും കാണുന്നത്. 

ഈ സാധ്യതയാണ് യുവാക്കള്‍ക്ക് മികച്ച അവസരമാവുന്നതും. അഭിനയിക്കാനറിയുന്ന, പാട്ട് പാടാനറിയുന്ന, ചിത്രം വരയ്ക്കാനറിയുന്ന, നല്ല തമാശപറയാന്‍ അറിയുന്ന, പാചകം ചെയ്യാനറിയുന്ന, യാത്ര ചെയ്യാനും ഭക്ഷണം കഴിക്കാനും ഇഷ്ടമുള്ള, ഫോട്ടോഗ്രഫി അറിയുന്ന, ഫാഷന്‍ സെന്‍സുള്ള അങ്ങനെ അനേകമനേകം കഴിവുകള്‍ ഈ രംഗത്ത് വിജയിച്ചുകയറാനുള്ള യോഗ്യതയാണ്. പ്രത്യേകിച്ച് കഴിവുകളില്ലെങ്കിലും നാലാളെ ആകര്‍ഷിക്കുന്ന എന്തെങ്കിലും നിങ്ങളിലുണ്ടെങ്കില്‍ അത് കണ്ടെത്താനുള്ള ശേഷിയും ഈ പ്ലാറ്റ്‌ഫോമുകള്‍ക്കുണ്ട്. 

സിനിമയിലേക്കുള്ള ചവിട്ടുപടിയായും വരുമാന സ്രോതസായും ഹ്രസ്വവീഡിയോ ആപ്പുകള്‍ മാറുമ്പോള്‍

പണ്ട് സ്‌കൂള്‍ കലോത്സവങ്ങളില്‍ തിളങ്ങുന്ന താരങ്ങള്‍ക്ക് സിനിമാതാരമാകാനുള്ള ഭാഗ്യം ലഭിക്കാറുണ്ട്. കാസ്റ്റിങ് കോളുകള്‍ കണ്ട് നിരന്തരം ഓഡിഷനുകള്‍ കയറിയിറങ്ങി കഴിവു തെളിയിക്കാന്‍ പാടുപെട്ട് സമയം പാഴായ കാലവും പലര്‍ക്കുമുണ്ട്. എന്നാല്‍ ഇന്ന് ആകെ മാറിയിരിക്കുന്നു. 

സിനിമാക്കാര്‍ പോലും താരങ്ങളെ തിരയുന്നത് റീല്‍സ്, മൊജ്, ജോഷ് പോലുള്ള ക്രിയേറ്റീവ് പ്ലാറ്റ്‌ഫോമുകളിലാണ് എന്ന സ്ഥിതി എത്തിയിരിക്കുന്നു. പഠിക്കുന്നതിനും നല്ലൊരു ജോലി നേടുന്നതിനുമൊപ്പം തന്നെ തങ്ങളുടെ ആഗ്രഹമായ അഭിനയമികവ് പ്രദര്‍ശിപ്പിക്കാന്‍ ഇത്തരം പ്ലാറ്റ്‌ഫോമുകള്‍ അവര്‍ക്ക് അവസരം ഒരുക്കുകയാണ്. ഒപ്പം സമാന്തര വരുമാനമാര്‍ഗമായും അത് മാറുന്നു.

Amaldev Ami
അമല്‍ദേവ് അമല്‍ 

തൃശൂര്‍ സ്വദേശിയായ 25 കാരന്‍ അമല്‍ദേവ് അമല്‍ മൊജ് പ്ലാറ്റ്‌ഫോമിലെ സാന്നിധ്യത്തിലൂടെ സിനിമയില്‍ ചെറുതെങ്കിലും അവസരങ്ങള്‍ ലഭിച്ചയാളാണ്. നിര്‍മാണ ജോലികള്‍ നടക്കുന്ന ആദം സമറിന്റെ 'സീന്‍ നമ്പര്‍ 62', ഷിബു ഗംഗാധരന്റെ 'ലവ് ലോക്ക്' തുടങ്ങിയ സിനിമകളിലാണ് അമലിന് അവസരം ലഭിച്ചത്. 

ഓട്ടോ ‍ഡ്രൈവറായി ജോലി ചെയ്തിരുന്ന സജിത്ത് ശിവന്‍ എന്ന 23 കാരന് ജിബു ജേക്കബ് സംവിധാനം ചെയ്ത എല്ലാം ശരിയാകും എന്ന സിനിമയില്‍ അവസരം ലഭിച്ചതും മൊജിലെ സ്ഥിര സാന്നിധ്യമായതുകൊണ്ടുതന്നെ. ഓട്ടോ കാരനായും, ചെണ്ടക്കാരനായും ജീവിത വരുമാനത്തിന് വേണ്ടിയുള്ള ഓട്ടത്തിനിടെ തയ്യാറാക്കിയ വീഡിയോകള്‍ കണ്ട ഒരു സഹസംവിധായകനാണ് സജിത്തിനെ സിനിമയിലേക്ക് ക്ഷണിച്ചത്. 

ബോളിവുഡ് താരം ഐശ്വര്യ റായിയുമായി രൂപ സാദൃശ്യമുണ്ടെന്ന പേരില്‍ രാജ്യ വ്യാപകമായി ശ്രദ്ധ ലഭിച്ച താരമാണ് അമ്മുസ് അമൃത (Ammuzz_amrutha). ലിപ് സിങ്കിങ് വീഡിയോകളാണ് അമൃത ചെയ്തിരുന്നത്. മൊജില്‍ 40 ലക്ഷത്തിലേറെ ഫോളോവര്‍മാരാണ് അമൃതയ്ക്കുള്ളത്. ഇന്‍സ്റ്റാഗ്രാമില്‍ 5 ലക്ഷം ഫോളോവര്‍മാരുണ്ട് അമൃതയ്ക്ക്. 

sajithsivan
സജിത്ത് ശിവന്‍

ഫുക്രു എന്ന പേരില്‍ അറിയപ്പെടുന്ന കൃഷ്ണജീവ് എന്ന 26 കാരന്‍ ബിഗ്‌ബോസ് പോലുള്ള റിയാലിറ്റി ഷോയില്‍ അവസരം ലഭിച്ചതും സിനിമയില്‍ അവസരം ലഭിച്ചതും റീല്‍സിലും, ടിക് ടോക്കിലും ലഭിച്ച സ്വീകാര്യതയെ തുടര്‍ന്നാണ്. 

വലിയ മാധ്യമ ശ്രദ്ധ ലഭിച്ചിട്ടില്ലെങ്കിലും ദശലക്ഷക്കണക്കിന് ഫോളോവര്‍മാരുള്ള നിരവധി ക്രിയേറ്റര്‍മാര്‍ നമുക്കിടയിലുണ്ട്. വിവിധ ബ്രാന്‍ഡുകളെയും, അവരുടെ ഉല്‍പന്നങ്ങള്‍ തങ്ങളുടെ ഫോളോവര്‍മാരുമായി പങ്കുവെച്ചും വലിയൊരു തുക വരുമാനമുണ്ടാക്കാന്‍ അവര്‍ക്ക് സാധിക്കുന്നു.