ഓസ്ട്രിയ: നഗ്നതയുടെ പേരില്‍ ചരിത്രാതീത കാലത്തോളം പഴക്കമുള്ളതും  പ്രാചീന ശിലായുഗത്തിലെ ഉത്കൃഷ്ടസൃഷ്ടിയായി പരിഗണിക്കുകയും ചെയ്യപ്പെടുന്ന വീനസ് ഓഫ് വില്ലെന്‍ഡോര്‍ഫ് എന്ന ചെറുശില്‍പത്തിന്റെ ചിത്രം ഫെയ്‌സ്ബുക്ക്‌ നീക്കം ചെയ്തതിനെ നിശിതമായി വിമര്‍ശിച്ച് വിയന്നയിലെ നാച്ചറല്‍ ഹിസ്റ്ററി മ്യൂസിയം. 

നഗ്നയുവതിയുടെ രൂപത്തിലുള്ള ഈ ചെറിയ ശില്‍പത്തിന് 30000 വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില ഓസ്ട്രിയയിലെ വില്ലെന്‍ഡോര്‍ഫ് ഗ്രാമത്തില്‍ നിന്നാണ് ശില്‍പം കണ്ടെത്തിയത്. മ്യൂസിയത്തിലെ പ്രധാന ആകര്‍ഷണവും ഈ ശില്‍പം തന്നെയാണ്.

ലോറ ഖിയാന്‍ഡ എന്ന ഇറ്റാലിയന്‍ കലാകാരി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഈ ശില്‍പത്തിന്റെ ഒരു ചിത്രത്തിന് വലിയ സ്വീകാര്യത ലഭിക്കുകയുണ്ടായി എന്നാല്‍ ഈ ചിത്രം ഫെയ്‌സ്ബുക്ക് നീക്കം ചെയ്തു. ഇതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. 

ഈ ശില്പം അപകടകരമായ വിധം അശ്ലീലമല്ലെന്നും മനുഷ്യ സംസ്‌കാരത്തിനും ആധുനിക ബൗദ്ധികതയ്ക്കും എതിരെയുള്ള ഈ യുദ്ധം അംഗീകരിക്കാനാവില്ലെന്നും ചിത്രം സെന്‍സര്‍ ചെയ്ത നടപടിയ്‌ക്കെതിരെ പ്രതികരിച്ച് ലോറെ ഫെയ്‌സ്ബുക്കിന് കൊടുത്ത മറുപടിയില്‍ പറഞ്ഞു.

തുടര്‍ന്നാണ് ഈ വിഷയത്തില്‍ പ്രതികരണവുമായി മ്യൂസിയവും രംഗത്തെത്തുന്നത്. 

'ഒരു പുരാവസ്തു എന്ന നിലയിലാണ് ഞങ്ങളതിനെ കാണുന്നത്. പ്രത്യേകിച്ചും ഇതുപോലൊരു ശില്‍പം നഗ്നതയുടെ പേര് പറഞ്ഞ് ഫെയ്‌സ്ബുക്കില്‍ നിന്നുംനിരോധിക്കപ്പെടേണ്ടതല്ല, ഇത് മാത്രമല്ല ഒരു കലാസൃഷ്ടിയും.' മ്യൂസിയം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

വീനസിനെ നഗ്നയാകാന്‍ അനുവദിക്കുക. 29500 വര്‍ഷങ്ങളായി ഒരു ചരിത്രാതീതകാലത്തെ ബിംബമായി വസ്ത്രങ്ങളൊന്നുമില്ലാതെ അവള്‍ സ്വയം പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. മ്യൂസിയം ഫസിലിറ്റി ഡയറക്ടര്‍ ക്രിസ്റ്റ്യന്‍ കോബെരി പറഞ്ഞു. 

ശില്‍പത്തിന്റെ നഗ്നതയെ കുറിച്ച് ഇക്കാലമത്രയും ഒരു പരാതിയും ഉണ്ടായിട്ടില്ല.

അതേസമയം ഇത്തരം നിരോധനങ്ങളുടെയും വിലക്കുകളുടെയും പേരില്‍ ഫെയ്‌സ്ബുക്ക് നിരന്തരമായി വിമര്‍ശനങ്ങള്‍ നേരിടുന്നുണ്ട്. 

19ആം നൂറ്റാണ്ടിലെ ഫ്രഞ്ച് ചിത്രകാരനായ ഗുസ്‌തേവ് കോര്‍ബെറ്റിന്റെ സ്ത്രീ ജനനേന്ദ്രിയം ചിത്രീകരിച്ച 'ഒറിജിന്‍ ഓഫ് ദി വേള്‍ഡ്' എന്ന ചിത്രം  പോസ്റ്റ് ചെയ്തതിന് ഒരാളുടെ അക്കൗണ്ട് നീക്കം ചെയ്ത സംഭവത്തില്‍ മാര്‍ച്ച് 15 ന് ഒരു ഫ്രഞ്ച് കോടതി വിധി പറയാനിരിക്കുകയാണ്.