മാഡ്രിഡ്: സ്വകാര്യതാ നിയമത്തില്‍ മാതാപിതാക്കള്‍ക്ക് കൂടുതല്‍ ഉത്തരവാദിത്വം നല്‍കിക്കൊണ്ട് സ്പാനിഷ് കോടതിയുടെ ഉത്തരവ്. മാതാപിതാക്കള്‍ക്കും രക്ഷിതാക്കള്‍ക്കും കുട്ടികളുടെ സോഷ്യല്‍ മീഡിയാ ഉപയോഗം നിരീക്ഷിക്കാമെന്നും വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ വായിക്കാമെന്നുമാണ് കോടതി ഉത്തരവിട്ടത്. 

മകളുടെ വാട്‌സ്ആപ്പ് ചാറ്റ് അച്ഛന്‍ വായിച്ചതിനെതിരെ മുന്‍ഭാര്യയും കുട്ടിയുടെ അമ്മയുമായ യുവതി നല്‍കിയ കേസിലാണ് കോടതി ഇങ്ങനെ ഒരു വിധി പുറപ്പെടുവിച്ചതെന്ന് ഇന്റര്‍നാഷണല്‍ ബിസിനസ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

അച്ഛന്‍ മക്കള്‍ രണ്ട് പേരെയും തന്റെ മുറിയിലേക്ക് വിളിച്ചുകൊണ്ടുപോവുകയും അവിടെയിരുന്ന് മകള്‍ക്കൊപ്പം അവളുടെ വാട്‌സ്ആപ്പ് ചാറ്റ് വായിച്ചുവെന്നും മക്കള്‍ തന്നോട് പറഞ്ഞുവെന്നുമാണ് യുവതി പരാതിയില്‍ പറയുന്നത്. സ്വകാര്യതാ ലംഘനം കുറ്റം ആരോപിച്ച് പരാതിക്കാരിക്ക് അനുകൂലമായാണ് കീഴ്‌കോടതി ഉത്തരവിട്ടത്. 

സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം സ്‌പെയിനില്‍ നാല് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമാണ്. എന്നാല്‍ ഡിസംബര്‍ 26ന് സ്‌പെയിനിലെ പൊന്റവേഡ്ര മേല്‍ കോടതി കുട്ടികളുടെ സോഷ്യല്‍ മീഡിയാ ഉപയോഗം നിരീക്ഷിക്കാന്‍ മാതാപിതാക്കള്‍ക്ക് ഉത്തരവാദിത്വമുണ്ടെന്ന് ചൂണ്ടിക്കാണിച്ച് ഇയാള്‍ക്കെതിരെയുള്ള നടപടികള്‍ നിര്‍ത്തിവെക്കുകയായിരുന്നു. 

സാമൂഹ്യ മാധ്യമങ്ങളുടെയും വാട്‌സ്ആപ്പിന്റെയും വളര്‍ച്ചയില്‍ മാതാപിതാക്കളുടെ കൂടുതല്‍ ശ്രദ്ധയും കരുതലും കുട്ടികള്‍ക്ക് വേണമെന്നും കുട്ടികളെ ശ്രദ്ധിക്കാന്‍ മാതാപിതാക്കള്‍ക്കിരുവര്‍ക്കും അവകാശമുണ്ടെന്നും കോടതി പറഞ്ഞു.