ഇന്ത്യന്‍ സോഷ്യല്‍ മീഡിയാ രംഗത്തേക്ക് മലയാളികളുടെ സംഭാവനകൂടി. മൈക്രോ വീഡിയോകള്‍ പങ്കുവെക്കുവാന്‍ സാധിക്കുന്ന നൂ-ഗാ എന്ന സോഷ്യല്‍ മീഡിയാ സേവനം വികസിപ്പിച്ചെടുത്തിരിക്കുകയാണ് കൊച്ചി സ്വദേശികളായ സഞ്ജയ് വേലായുധനും മകള്‍ നക്ഷത്രയും. 

പ്രസക്തിയുള്ള ഏത് വിഷയവും രണ്ട് മിനിറ്റ് കവിയാത്ത വീഡിയോ ദൃശ്യമായി അവതരിപ്പിക്കാന്‍ സാധിക്കും വിധത്തിലാണ് നൂ-ഗാ ഒരുക്കിയിരിക്കുന്നത്. ബെംഗളുരു നിവാസികളായ അച്ഛന്റേയും മകളുടേയും ദീര്‍ഘനാളത്തെ പരിശ്രമഫലമാണ് നൂ-ഗാ. നിഫ്റ്റിയിലെ വിദ്യാര്‍ഥിനിയാണ് നക്ഷത്ര.

'ഉപയോക്താക്കള്‍ക്ക് നിര്‍ഭയമായി കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ കഴിയുന്ന ഒരു മാധ്യമം ഒരുക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. നൂ-ഗാ! ഇപ്പോള്‍ പ്രാരംഭ ഘട്ടത്തിലായതിനാല്‍ ഇന്ത്യയിലും മിഡില്‍ ഈസ്റ്റിലും മാത്രമാണ് ലഭ്യമായിട്ടുള്ളത്. അടുത്ത ലക്ഷ്യം നൂ-ഗായെ ഏഷ്യ പസിഫിക്ക്, യൂറോപ്പ്, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നീ മേഖലകളിലേക്കും കൂടി വികസിപ്പിക്കുക എന്നതാണ്.' നൂ-ഗായുടെ സ്ഥാപകരിലൊരാളായ സഞ്ജയ് വേലായുധന്‍ പറഞ്ഞു. 

സഞ്ജയ് വേലായുധനും മകള്‍ നക്ഷത്രയും.
സഞ്ജയ് വേലായുധനും മകള്‍ നക്ഷത്രയും | Photo: Noogah

'പുതു തലമുറയക്ക് ശബ്ദിക്കാനൊരിടം കൊടുക്കുകയാണ് നൂ-ഗാ! നവീനമായ ആശയങ്ങളിലൂടെ മാത്രമേ പുരോഗതിയിലേക്കെത്തുകയുള്ളു, അതിനാല്‍ ഏതു സാഹചര്യത്തിലും മുന്നോട്ട് പോവുകയെന്നതാണ് പ്രധാനമെന്ന് നൂ-ഗായുടെ മറ്റൊരു അമരക്കാരിയായ നക്ഷത്ര വിശ്വസിക്കുന്നത്.

ഗൂഗിള്‍ പ്ലേസ്റ്റോറിലോ ആപ്പ് സ്റ്റോറില്‍ നിന്നോ നൂ-ഗാ!, ഉപഭോക്താക്കള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. വ്യക്തി വിവരങ്ങള്‍ നല്‍കിയ ശേഷം, ഇഷ്ടമുള്ള ഭാഷയും വിഷയങ്ങളും തിരഞ്ഞെടുത്താല്‍ ആപ്പ് ഉപയോഗിച്ച് തുടങ്ങാം. മറ്റുള്ളവര്‍ പങ്ക് വെയ്ക്കുന്ന വീഡിയോകള്‍ക്ക് വീഡിയോ രൂപത്തില്‍ തന്നെ കമന്റുകള്‍ രേഖപ്പെടുത്താമെന്നതും നൂ-ഗായുടെ വ്യത്യസ്തതയാണ്. ഇതിലൂടെ വ്യാജ ഐഡികളും മോശം രീതിയിലുള്ള അഭിപ്രായ പ്രകടനങ്ങള്‍ക്കും വലിയ രീതിയില്‍ തടയിടാന്‍ കഴിയുമെന്നാണ് നൂ-ഗായുടെ പിന്നണിയിലുള്ളവര്‍ വിശ്വസിക്കുന്നത്.

Content Highlights: noo gah micro video sharing platform developed by malayali father and daughter