വാട്‌സാപ്പിലെ പിക്ചര്‍ ഇന്‍ പിക്ചര്‍ മോഡ് വഴി ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, യൂട്യൂബ് വീഡിയോകള്‍ വാട്‌സാപ്പില്‍ നിന്നും പുറത്തിറങ്ങാതെ തന്നെ കാണാന്‍ സാധിക്കും. എന്നാല്‍ വാട്‌സാപ്പ് ചാറ്റുകളില്‍ വരുന്ന നെറ്റ് ഫ്‌ളിക്‌സ് വീഡിയോ ലിങ്കുകള്‍ ക്ലിക്ക് ചെയ്താല്‍ നേരെ നെറ്റ്ഫ്‌ളിക്‌സ് ആപ്പിലേക്ക് റീഡയറക്ട് ആവുകയാണ് ചെയ്യാറ്. എന്നാല്‍ ഈ സ്ഥിതിയില്‍ താമസിയാതെ മാറ്റം വരും 

നെറ്റ്ഫ്‌ളിക്‌സ് ട്രെയ്‌ലര്‍ ലിങ്കുകള്‍ വാട്‌സാപ്പില്‍ തന്നെ പിക്ചര്‍ ഇന്‍ പിക്ചര്‍ മോഡ് ആയി കാണാന്‍ സാധിക്കുന്ന ഫീച്ചര്‍ വാട്‌സാപ്പ് നിര്‍മിച്ചുകൊണ്ടിരിക്കുകയാണ് എന്ന് വാബീറ്റാ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു. 

പ്ലേ ബട്ടനോടുകൂടിയ തമ്പ്‌നെയ്ല്‍ ചിത്രസഹിതമാണ് നെറ്റ്ഫ്‌ളിക്‌സ് ട്രെയ്‌ലര്‍ ലിങ്കുകള്‍ വാട്‌സാപ്പ് ചാറ്റില്‍ വരിക. പ്ലേ ബട്ടന്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വാട്‌സാപ്പിന് പുറത്ത് പോവാതെ തന്നെ വീഡിയോ പ്ലേ ആവും. യൂട്യൂബ്, ഫെയ്‌സ്ബുക്ക് വീഡിയോകളും ഇതുപോലെയാണ് വാട്‌സാപ്പില്‍ പ്ലേ ആവുക. 

നിലവില്‍ നെറ്റ്ഫ്‌ളിക്‌സിന് വേണ്ടി മാത്രമാണ് ഈ സൗകര്യമുണ്ടാവുക. സമാനമായ മറ്റ് സേവനങ്ങളുടെ വീഡിയോകള്‍ അതാത് ആപ്ലിക്കേഷനുകളില്‍ തന്നെ കാണേണ്ടിവരും. 

നിലവില്‍ നിര്‍മാണ ഘട്ടത്തിലാണ് ഈ ഫീച്ചര്‍. വാട്‌സാപ്പിന്റെ ഐഓഎസ് ആപ്പിന് വേണ്ടിയാണ് ഇത് നിര്‍മിച്ചുകൊണ്ടിരിക്കുന്നത്. അതായത് ആപ്പിള്‍ ഫോണുകളിലാണ് ഈ ഫീച്ചര്‍ ആദ്യം ലഭിക്കുക. 

Content Highlights: Netflix videos within WhatsApp in Picture in picture mode