ഫെയ്‌സ്ബുക്ക് തനിക്കെതിരായ നിലപാട് സ്വീകരിക്കുന്നു എന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആരോപണത്തിന് മറുപടിയുമായി ഫെയ്‌സ്ബുക്ക് തലവന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്. രാഷ്ട്രീയത്തിലെ രണ്ട് വിഭാഗങ്ങളും ഇതേ വിമര്‍ശനം തന്നെയാണ് ഉന്നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 

' ട്രംപ് പറയുന്നത് ഫെയ്‌സ്ബുക്ക് അദ്ദേഹത്തിന് എതിരാണെന്നാണ്. ലിബറല്‍ പക്ഷക്കാര്‍ പറയുന്നത് ഞങ്ങള്‍ ട്രംപിനെ സഹായിക്കുകയാണെന്നാണ്.  തങ്ങള്‍ക്കെതിരായ ഉള്ളടക്കങ്ങളാണ് ഇരുപക്ഷങ്ങളെയും നിരാശരാക്കുന്നത്. എല്ലാ ആശയങ്ങളെയും ഉള്‍ക്കൊള്ളുന്നയിടമായതിനാലാണത്.' ഫെയ്‌സ്ബുക്ക്‌പോസ്റ്റില്‍ സക്കര്‍ബര്‍ഗ് പറഞ്ഞു.

ഫെയ്‌സ്ബുക്ക് എല്ലായ്പ്പോഴും ട്രംപ് വിരുദ്ധമാണ് എന്ന് ട്വിറ്ററിലാണ് ഡൊണാള്‍ഡ് ട്രംപ് അഭിപ്രായപ്പെട്ടത്. രാജ്യത്തിനെതിരെ തെറ്റായ വിവരങ്ങള്‍ നല്‍കാനും തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാനുമുള്ള ശ്രമങ്ങളെ തടയാന്‍ തങ്ങള്‍ക്കാവുന്നത് ചെയ്യുമെന്നും സക്കര്‍ബര്‍ഗ് ഇതിന് മറുപടിയായി പറഞ്ഞു. 

അമേരിക്കന്‍ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നതിനായുള്ള റഷ്യയുടെ സോഷ്യല്‍ മീഡിയാ ഇടപെടലുകള്‍ ചര്‍ച്ചചെയ്യുന്നതിനായുള്ള സെനറ്റ് ഇന്റലിജന്‍സ് കമ്മറ്റിയുടെ പൊതുവിചാരണ വരുന്ന ആഴ്ചകളില്‍ നടക്കാനിരിക്കുകയാണ്. ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, ഗൂഗിള്‍ എന്നീ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ ഇതില്‍ പങ്കെടുക്കുന്നുണ്ട്.