കോട്ടയം: ‘‘വിദ്യാഭ്യാസം കുറവാണ് ടീച്ചറെ.. പക്ഷേ, നാളുകളായി ഹോം നഴ്സ‌ായി ബെംഗളൂരുവിൽ ജോലിചെയ്യുന്നു. ഐസൊലേഷൻ വാർഡിൽ ക്ളീനിങ്ങിന് ആളെ വേണമെങ്കിൽ ഞാനും വരാം ടീച്ചറെ... ആരോഗ്യവകുപ്പ് നൽകിയ നമ്പറിൽ വിളിച്ചിരുന്നു. കിട്ടുന്നില്ല. അതാണ് ഇവിടെ മെസേജ് ഇട്ടത്’’ -ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ ഫെയ്സ്ബുക്ക് പേജിൽവന്ന കമന്റുകളിലൊന്ന്. ഇതുപോലെ ആയിരക്കണക്കിനു പ്രതികരണങ്ങൾ.

ലോകരാഷ്ട്രങ്ങൾപോലും ശ്രദ്ധിക്കുംവിധം കേരളം കൊറോണപ്രതിരോധം നടത്തുമ്പോൾ മലയാളികൾ മന്ത്രി ശൈലജയെ ഹൃദയത്തോടു ചേർക്കുകയാണ്. പ്രതിരോധത്തിൽ കൂടുതൽ ഊർജസ്വലമാകണമെന്ന് അവർ സാമൂഹിക മാധ്യമങ്ങളിലൂടെ അഭ്യർഥിക്കുമ്പോൾ പ്രായവും വിദ്യാഭ്യാസവും മറന്ന് മുന്നോട്ടുവന്നവർ ഏറെ. പോസ്റ്റിനുതാഴെ പൂർണ വിലാസം, ഫോൺനന്പർ എന്നിവ രേഖപ്പെടുത്തി സന്നദ്ധപ്രവർത്തനത്തിനു തയ്യാറാണെന്ന് അവർ അറിയിക്കുന്നു.

‘‘വെറുതേ കമന്റുകൾ വായിക്കാൻ കയറിയതാണ്. പക്ഷേ, കണ്ണുനിറഞ്ഞുപോയി. ഒരുനാട് പ്രതിസന്ധിയിലായപ്പോൾ സേവനസന്നദ്ധരായി ഓടിവരാൻ മനസ്സുകാണിക്കുന്ന യുവതലമുറയെ കണ്ടപ്പോൾ അഭിമാനവും സന്തോഷവും പറഞ്ഞറിയിക്കാൻ ആവില്ല... ബിഗ് സല്യൂട്ട്... നമ്മൾ തോൽക്കില്ല’’ -പ്രതികരണംകണ്ട് വികാരഭരിതനായ ഒരാളുടെ കമന്റ് ഇങ്ങനെയായിരുന്നു.

comments

രജിസ്റ്റർ​ ചെയ്യാം

സ്വയം മുന്നോട്ടുവരുന്നവരെ ചേർത്ത് സന്നദ്ധസംഘടന രൂപവത്കരിക്കാൻ ഒരുങ്ങുകയുമാണ് സംസ്ഥാനസർക്കാർ. താത്പര്യമുള്ളവർക്ക് +91 9400 198 198 എന്ന നമ്പറിൽ മിസ്ഡ് കാൾ ചെയ്ത് രജിസ്റ്റർ ചെയ്യാം.

വ്യാജപ്രചാരണം തടയാൻ മൊബൈൽ ആപ്

തിരുവനന്തപുരം: കോവിഡ്-19 സംബന്ധിച്ച വ്യാജവാർത്തകൾ അവസാനിപ്പിക്കാൻ സർക്കാരിന്റെ മൊബൈൽ ആപ്. ആധികാരിക വിവരങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ ജി.ഒ.കെ. ഡയറക്ട് എന്നപേരിൽ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിലാണ് ആപ് തയ്യാറാക്കിയിരിക്കുന്നത്. നിരീക്ഷണത്തിൽ കഴിയുന്നവർ, വിദേശ രാജ്യങ്ങളിൽനിന്നു വരുന്നവർ, യാത്രചെയ്യുന്നവർ എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളിലുള്ളവർക്ക് ആവശ്യമായ വിവരം മൊബൈൽ ആപ്പിൽ ലഭിക്കും. ടെക്സ്റ്റ് മെസേജ് അലർട്ട് സംവിധാനത്തിലൂടെ ഇന്റർനെറ്റ് കണക്‌ഷനില്ലാത്ത സാധാരണഫോണിലും വിവരം കിട്ടും. ആപ്പിന്റെ ലിങ്ക് http://qkopy.xyz/prdkerala