ഴിഞ്ഞ കുറച്ചു നാളുകളായി കേന്ദ്ര സര്‍ക്കാര്‍ ട്വിറ്ററുമായി ഇടഞ്ഞു നില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ വലിയ നേട്ടമുണ്ടാക്കുകയാണ് ഇന്ത്യന്‍ നിര്‍മിത സേവനമായ കൂ (Koo).

ട്വിറ്ററിന് സമാനമായ രീതിയില്‍ തന്നെ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ പകര്‍പ്പാണ് കൂ. ഇംഗ്ലീഷിലും ഏഴ് ഇന്ത്യന്‍ ഭാഷകളിലും ഇതില്‍ പോസ്റ്റുകള്‍ പങ്കുവെക്കാം. 

കര്‍ഷക സമരങ്ങളുടെ പശ്ചാത്തലത്തില്‍ സമരാനുകൂലികളെ പ്രോത്സാഹിപ്പിക്കുകയും പിന്തുണ നല്‍കുകയും ചെയ്ത അക്കൗണ്ടുകളും ട്വീറ്റുകളും നീക്കം ചെയ്യണമെന്ന ആവശ്യത്തോട് ട്വിറ്റര്‍ വിമുഖത കാണിച്ചതാണ് സര്‍ക്കാരിന്റെ അനിഷ്ടടത്തിനിടയാക്കിയത്. 

ഈ സാഹചര്യത്തിലാണ് വിവിധ കേന്ദ്ര സര്‍ക്കാര്‍ മന്ത്രാലയങ്ങളും, മന്ത്രിമാരും എന്‍.ഡി.എ. നേതാക്കളും, ബി.ജെ.പി. പ്രവര്‍ത്തകരുമെല്ലാം ഇന്ത്യന്‍ നിര്‍മിതമായ കൂ വിലേക്ക് തിരിഞ്ഞത്. ട്വിറ്ററിനെ അവഗണിക്കാനുള്ള ഭരണ പക്ഷത്തിന്റെ അനൗദ്യോഗിക നിലപാട് ബെംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബോംബിനാട്ടെ ടെക്‌നോളജീസ് വികസിപ്പിച്ചെടുത്ത കൂ പ്ലാറ്റ് ഫോമിന് വലിയ നേട്ടമായി മാറി. 

kooപ്രതിദിന ഉപയോക്താക്കളുടെ എണ്ണത്തില്‍ 20 മടങ്ങ് വര്‍ധനവാണുണ്ടായത്. 

കഴിഞ്ഞ വര്‍ഷം 26 ലക്ഷം പേരാണ് കൂ ഇന്‍സ്റ്റാള്‍ ചെയ്തത്. എന്നാല്‍, ഈ വര്‍ഷം ഫെബ്രുവരി ആറ് മുതല്‍ 11 വരെ മാത്രം 9,01,000 പേരാണ് കൂ ഇന്‍സ്റ്റാള്‍ ചെയ്തതെന്ന് കമ്പനിയുടെ മൊബൈല്‍ ഇന്‍സൈറ്റ്‌സ് സ്ട്രാറ്റജിസ്റ്റായ സ്റ്റെഫനി ചാന്‍ പറഞ്ഞു. 

ട്വിറ്ററുമായി ഉടക്കിയതോടെ പരസ്യ പ്രസ്താവനകള്‍ പോസ്റ്റ് ചെയ്യുന്നതിന് ഐ.ടി. മന്ത്രാലയവും മന്ത്രി രവിശങ്കര്‍ പ്രസാദും ഉള്‍പ്പടെയുള്ളവര്‍ കൂ വിന് പ്രാധാന്യം നല്‍കാന്‍ തുടങ്ങിയിരുന്നു. കൂവില്‍ പങ്കുവെച്ച പോസ്റ്റ് മണിക്കൂറുകള്‍ക്ക് ശേഷമാണ് ട്വിറ്ററില്‍ പങ്കുവെക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 

അതേസമയം, കൂവിന് പെട്ടെന്നുണ്ടായ ജനപ്രീതി ഉപയോക്താക്കളുടെ സ്വകാര്യത സംബന്ധിച്ച ആശങ്ക ഉയര്‍ത്തുന്നുണ്ട്. കൂവിന്റെ നിക്ഷേപകരില്‍ ഒന്ന്  ചൈനയില്‍നിന്നുള്ള ഷുന്‍വേയ് കാപിറ്റല്‍ ആണെന്നതും അതിന് കാരണമാണ്. ആഗോള തലത്തില്‍ വലിയ സ്വാധീനമുള്ള ട്വിറ്ററിന്‌ വെല്ലുവിളി സൃഷ്ടിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ കൂവിനെ സഹായിക്കുമോ എന്ന് കണ്ടറിയണം. 

Content Highlights: koo gain sudden popularity amid center twitter clash