പഭോക്താക്കള്‍ക്ക് മികച്ച അനുഭവം നല്‍കുന്നതിനായുള്ള ശ്രമത്തിലാണ് ഇന്‍സ്റ്റാഗ്രാം. ഒരു ഫോട്ടോഷെയറിങ് ആപ്ലിക്കേഷനായി തുടങ്ങിയ ഇന്‍സ്റ്റാഗ്രാം ഒരു മള്‍ടി മീഡിയാ ആപ്ലിക്കേഷനായി മാറിക്കഴിഞ്ഞുവെന്ന് ഇന്‍സ്റ്റാഗ്രാം മേധാവി ആദം മൊസേരി തന്നെ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. നിലവില്‍ ഒരു മുന്‍നിര വീഡിയോ പ്ലാറ്റ്‌ഫോം കൂടിയാണ് ഇന്‍സ്റ്റാഗ്രാം. 

ഇപ്പോഴിതാ ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും പിന്നാലെ പാട്ടുകളും പങ്കുവെക്കാനുള്ള സൗകര്യം പരീക്ഷിക്കുകയാണ് ഇന്‍സ്റ്റാഗ്രാം. നിലവില്‍ സ്റ്റോറീസിലും, റീല്‍സിലുമാണ് ഉപഭോക്താക്കള്‍ക്ക് പാട്ടുകള്‍ പങ്കുവെക്കാന്‍ സാധിക്കുക. എന്നാല്‍ താമസിയാതെ തന്നെ ന്യൂസ് ഫീഡിലും പാട്ടുകള്‍ പങ്കുവെക്കാന്‍ കമ്പനി അനുവദിച്ചേക്കും. 

ഇന്ത്യയിലും ബ്രസീലിലും തുര്‍ക്കിയിലുമാണ് ഈ ഫീച്ചര്‍ പരീക്ഷിച്ചുവരുന്നത്. ഇന്‍സ്റ്റാഗ്രാം ഫീഡില്‍ പങ്കുവെക്കുന്ന ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കുമൊപ്പം പാട്ടുകൂടി ചേര്‍ക്കാന്‍ മറ്റ് പല ആപ്ലിക്കേഷനുകളെയാണ് ഉപഭോക്താക്കള്‍ ആശ്രയിക്കാറ്. എന്നാല്‍ പുതിയ അപ്‌ഡേറ്റിലൂടെ ചിത്രങ്ങളിലും വീഡിയോകളിലും പാട്ടുകൂടി ചേര്‍ത്ത് ന്യൂസ് ഫീഡില്‍ പങ്കുവെക്കാന്‍ ഇന്‍സ്റ്റാഗ്രാം അനുവദിക്കും. 

എങ്ങനെയാണ് പാട്ട് ചേര്‍ക്കുന്നത്

  • സാധാരണ ചിത്രങ്ങളും വീഡിയോകളും പങ്കുവെക്കാന്‍ ചെയ്യാറുള്ളത് പോലെ ചിത്രങ്ങള്‍ തിരഞ്ഞെടുക്കുക. 
  • അപ്പോള്‍ 'ആഡ് മ്യൂസിക്' ഓപ്ഷന്‍ നിങ്ങള്‍ക്ക് കാണാനാവും. 
  • അത് തിരഞ്ഞെടുത്താല്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടപാട്ടുകള്‍ തിരഞ്ഞെടുക്കാനും ട്രെന്‍ഡിങ് ആയ പാട്ടുകള്‍ തിരഞ്ഞെടുക്കാനുമുള്ള സൗകര്യമുണ്ടാവും. ഇതിനായി ബ്രൗസ്, ട്രെന്‍ഡിങ്, ഫോര്‍ യൂ എന്നീ വിഭാഗങ്ങളുണ്ടാവും. 
  • അതില്‍ നിന്ന് പാട്ട് തിരഞ്ഞെടുത്താല്‍ അത് വീഡിയോയിലും ചിത്രങ്ങളിലും ചേര്‍ക്കപ്പെടും. 

Content Highlights: Instagram new features, Instagram Music share, New features